| Wednesday, 9th March 2022, 11:29 am

തമാശ കണ്ടാലും ചിരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു; കിളി പോയി റിലേ പോയി; രാത്രി ഷൂട്ടിന്റെ 'ഭീകരതകള്‍' പറഞ്ഞ് ഇന്ദ്രജിത്തും വൈശാഖും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന വൈശാഖ് ചിത്രം നൈറ്റ് ഡ്രൈവ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. മാര്‍ച്ച് 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഒരു രാത്രി നടക്കുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്.

നൈറ്റ് ഡ്രൈവിന്റെ ഷൂട്ടിങ്ങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വൈശാഖും നടന്‍ ഇന്ദ്രജിത്തും.

”നൈറ്റ് ഡ്രൈവിന്റെ അകത്തായാലും പുറത്തായാലും അത് ഓര്‍ത്തുവെക്കാന്‍ പറ്റുമോ എന്നറിയില്ല. കാരണം ഉറക്കമില്ലാത്ത രാത്രികളായിരുന്നു. സിനിമ, ഷൂട്ട് മൊത്തം നൈറ്റ് ആണ്.

ഒറ്റ നൈറ്റില്‍ നടക്കുന്ന കഥയാണ്. കിളി പോയി റിലേ പോയി നില്‍ക്കുന്ന അവസ്ഥയാണ്. വളരെ ദയനീയമായി ആയിരിക്കും തമാശകള്‍ക്ക് ചിരിക്കുക,” സംവിധായകന്‍ വൈശാഖ് തമാശരൂപേണ പറഞ്ഞു.

ഇന്ദ്രജിത്തും രാത്രി ചിത്രീകരണത്തിന്റെ രസകരമായ അനുഭവങ്ങള്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്.

”രാത്രികളോളം എടുത്താണ് ഞങ്ങള്‍ ഷൂട്ട് ചെയ്തത്. നൈറ്റ് ഡ്രൈവിന്റെ സബ്ജക്ട് ബേസിക്കലി ഒരു രാത്രി നടക്കുന്ന സംഭവങ്ങളില്‍ നിന്ന് വികസിക്കുന്ന ഒരു കഥയാണ്. കൂടുതലും വര്‍ക്ക് ഉണ്ടായിരുന്നത് രാത്രികളിലാണ്. തമാശ കണ്ടാലും ചിരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലാ ഞങ്ങളൊക്കെ ഷൂട്ട് ചെയ്തത്.

ആദ്യത്തെ രണ്ടുമൂന്ന് ദിവസം ഉറക്കം ഒരു പ്രശ്‌നമായിരുന്നു, പിന്നെ അത് ശീലമായി. പിന്നെ നമ്മള്‍ പകല്‍ ഉറങ്ങുന്നു, ഉച്ചക്ക് എഴുന്നേല്‍ക്കുന്നു, രാത്രി മൊത്തം ഷൂട്ട് ചെയ്യുന്നു,” ഇന്ദ്രജിത് ചിരിച്ചുകൊണ്ട് പറഞ്ഞു.

കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി, കൈലാഷ് തുടങ്ങിയവരാണ് നൈറ്റ് ഡ്രൈവില്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിലാഷ് പിള്ളയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം രഞ്ജിന്‍ രാജ്, ക്യാമറ ഷാജി കുമാര്‍.

നീത പിന്റോ പ്രിയ വേണു എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്ററും പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്.


Content Highlight: Director Vysakh and Indrajith shares funny experience of shooting Night Drive movie

We use cookies to give you the best possible experience. Learn more