മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ മൂവിയായ മോണ്‍സ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. വൈശാഖ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുലിമുരുകന് ശേഷം എത്തിയ ചിത്രമായതിനാല്‍ തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.
എന്നാല്‍ പുലിമുരുകനെപ്പോലെ ഒരു മാസ്സ് സിനിമയല്ല മോണ്‍സ്റ്ററെന്നും രണ്ടിനേയും ഒരുതരത്തിലും താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് സംവിധായകന്‍ വൈശാഖ് പറയുന്നത്.
‘എന്നെ സംബന്ധിച്ച് മോണ്‍സ്റ്റര്‍ ഒരു വ്യത്യസ്തമായ സിനിമയാണ്. എനിക്ക് വ്യത്യസ്തമാണ് എന്നാണ് ഞാന്‍ പറയുന്നത്. പ്രേക്ഷകര്‍ എന്ന് പറയുന്നത് എല്ലാ സിനിമകളും കാണുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം വ്യത്യാസമുണ്ട് എന്ന് അവര്‍ക്കേ പറയാന്‍ പറ്റുള്ളൂ. ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് സിനിമ ഫീല്‍ ചെയ്യുക.
എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കണ്ടിട്ടില്ലാത്ത, പോയിട്ടില്ലാത്ത, പരീക്ഷിച്ചില്ലാത്ത തരത്തിലുള്ള മേക്കിങ്ങൊക്കെയുള്ള സിനിമ. ഒരു എക്‌സ്പിരിമെന്റല്‍ സിനിമയാണ് ഇത്. ഈ സിനിമ ചെയ്യാനുള്ള ഒരേയൊരു കാരണം ഇതിന്റെ കണ്ടന്റാണ്. കുറച്ച് ക്ഷമയോടെ ഇരുന്നാല്‍ മാത്രമേ നമുക്ക് ഈ സിനിമയിലേക്ക് കയറാന്‍ പറ്റുകയുള്ളൂ.
സാധാരണ നമ്മള്‍ സിനിമയില്‍ കാണുന്നതുപോലെ ഫാസ്റ്റ് കട്ടിങ്ങുള്ള ഫാസ്റ്റ് പേസില്‍ കഥ പറയുന്ന രീതിയല്ല ഇത്. മോണ്‍സ്റ്ററിലേക്ക് നമ്മള്‍ ലാന്റ് ചെയ്ത് വരാന്‍ കുറച്ച് സമയമെടുക്കും. അതില്‍ വീണു കഴിഞ്ഞാല്‍ വളരെ ഇന്‍ട്രസ്റ്റിങ്ങായി മാറുന്ന സ്വഭാവത്തിലാണ് സിനിമയെ ട്രീറ്റ് ചെയ്തത്.
എല്ലാവരും ഈ സിനിമ ചെയ്യാന്‍ തീരുമാനിച്ചത് സിനിമയുടെ കണ്ടന്റിന്റെ പ്രത്യേകത കൊണ്ട് തന്നെയാണ്. ഞങ്ങള്‍ ആദ്യം സിനിമ ആന്റണി ചേട്ടന്റെ അടുത്ത് പറഞ്ഞപ്പോഴും പിന്നീട് ലാല്‍ സാറിന്റെ അടുത്ത് പറഞ്ഞപ്പോഴും സിനിമയുടെ ഡെവലപ്‌മെന്റ്‌സെല്ലാം സംഭവിച്ചത് ആ ഒരു ഇന്‍ട്രസ്റ്റിങ് ആയ കണ്ടന്റില്‍ നിന്നുകൊണ്ടാണ്. അവിടെ നിന്ന് ഡെവല്പ് ചെയ്ത്, ഡെവലപ്‌ചെയ്ത് പോകുകയാണുണ്ടായത്.
പിന്നെ ഇതൊരു ഫുള്‍ സ്‌ക്രീന്‍ പ്ലേ എഴുതി ഷൂട്ട് ചെയ്ത ഒരു സിനിമയല്ല. ഇങ്ങനെ ഒരു സിനിമ ചെയ്യാമെന്ന് ആലോചനയുണ്ടാകുകയും കോണ്‍സപ്റ്റ് ഫിക്‌സ് ചെയ്യുകയും അതിന് ശേഷം എല്ലാവരും അതിന്റെ ഡിസ്‌കഷനില്‍ പങ്കാളികളായി വളരെ ആസ്വദിച്ച് ചെയ്ത പാക്കേജാണ് മോണ്‍സ്റ്റര്‍,’ വൈശാഖ് പറഞ്ഞു.
ഈ സിനിമ താന്‍ അനൗണ്‍സ് ചെയ്തതുമുതല്‍ എല്ലാവരും ചോദിക്കുന്ന ചോദ്യം പുലിമുരുകനേക്കാള്‍ ഗംഭീരമായിരിക്കുമോ അതോ താഴെയായിരിക്കുമോ എന്നാണെന്നും ഈ രണ്ട് ചോദ്യങ്ങള്‍ക്കും ഒരു പ്രസക്തിയുമില്ലാത്ത സിനിമയാണ് മോണ്‍സ്റ്ററെന്നും വൈശാഖ് പറഞ്ഞു.
മോണ്‍സ്റ്റര്‍ കംപ്ലീറ്റ്‌ലി വേറൊരു പ്ലാനെറ്റില്‍ ഉള്ള സിനിമയാണ്. ഒരു തരത്തിലും പുലിമുരുകനുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല. പുലിമുരുകന്‍ മാസ് കൊമേഴ്‌സ്യല്‍ ഫോര്‍മുലയില്‍ ചെയ്ത സിനിമയാണ്. മോണ്‍സ്റ്റര്‍ വളരെ നാച്ചുറല്‍ സ്വഭാവത്തില്‍ പോകുന്ന ത്രില്ലര്‍ സിനിമയാണ്. പല തരത്തിലുള്ള ത്രില്ലറുണ്ട്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ജോണറിലുള്ള സിനിമയാണ് ഇത്. എന്നാല്‍ എന്റര്‍ടൈന്‍മെന്റിന് പ്രാധാന്യം നല്‍കി തന്നെയാണ് മുന്നോട്ടുപോകുന്നത്. പക്ഷേ പുലിമുരുകനുമായി താരതമ്യപ്പെടുത്തരുത്, വൈശാഖ് പറഞ്ഞു.
Content Highlight: Director Vysakh about Monster Movie and the script