മലയാള സിനിമാരംഗത്ത് കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് വി.എം. വിനു.
ഇപ്പോള്‍ താന്‍ സംവിധാനം ചെയ്ത ‘ബാലേട്ടന്‍’ എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് വി.എം. വിനു. തന്റെ യൂട്യൂബ് ചാനലിലെ പ്രതിവാരപരിപാടിയായ ഫ്‌ളാഷ്‌കട്ട്‌സിലൂടെയായിരുന്നു വിനു സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചത്.
സിനിമയിലെ ചോലക്കുയിലേ എന്ന് തുടങ്ങുന്ന ‘ബാലേട്ടാ, ബാലേട്ടാ’ എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് സംവിധായകന്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഈ ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ രീതിയില്‍ ചെയ്യാമെന്ന നിര്‍ദേശം തന്റേതായിരുന്നു എന്നാണ് വിനു വീഡിയോയില്‍ പറയുന്നത്.
”ജയചന്ദ്രന്‍ അന്ന് നാല് പാട്ടുകള്‍ കംപോസ് ചെയ്തിരുന്നു. അപ്പൊ ഞാനൊരു കാര്യം പറഞ്ഞു. ബാലേട്ടാ ബാലേട്ടാ എന്ന ടൈറ്റില്‍ സോങ് ബോണി എമ്മിന്റെ പാട്ടിന്റെ ആ രീതി വെച്ച്, ഒരു ഇളക്കമുണ്ടാക്കി രസമായിട്ട് ചെയ്യാമെന്ന് ഞാന്‍ തന്നെ സജഷന്‍ വെച്ചതാണ്, ജയചന്ദ്രന്‍ അത് വളരെ രസകരമായി ചെയ്തു,” വിനു പറഞ്ഞു.
ബാലേട്ടാ എന്ന പാട്ട് ബോണി എമ്മിന്റെ പാട്ടില്‍ നിന്നും മോഷ്ടിച്ചതാണെന്ന രീതിയില്‍ വന്ന വിമര്‍ശനങ്ങളെക്കുറിച്ചും അദ്ദേഹം വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. മോഷ്ടിച്ച് ഉണ്ടാക്കിയ പാട്ടല്ല അതെന്നും അതിന്റെ ട്യൂണ്‍ അങ്ങനെ വേണമെന്ന് താന്‍ പറഞ്ഞതായിരുന്നു എന്നുമാണ് വിനു പറയുന്നത്.
”ആരൊക്കെയോ അത് കോപ്പിയാണെന്ന് പറഞ്ഞു. എന്ത് കോപ്പി. എത്രയോ കോപ്പി മലയാളത്തില്‍ വരുന്നുണ്ട്. മലയാളത്തില്‍ തന്നെ തിരിച്ചും മറിച്ചും ഇടുന്ന പാട്ടുകള്‍ എത്രയോ ഉണ്ട്.
അങ്ങനെ കട്ടും മോഷ്ടിച്ചുമെന്നും പാട്ടുണ്ടാക്കുന്ന ആളല്ല. ബാലേട്ടാ ബാലേട്ടാ പാട്ടിന്റെ ട്യൂണ്‍ അങ്ങനെ വേണമെന്ന് ഞാന്‍ തന്നെ പറയുകയായിരുന്നു. ഒരു ഓളം, ഭയങ്കര രസകരമായ ഇളക്കം അത് തിയറ്ററില്‍ ഉണ്ടാക്കും,” വി.എം. വിനു കൂട്ടിച്ചേര്‍ത്തു.
നാല് ഗാനങ്ങളാണ് സിനിമയിലുള്ളത്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് എം. ജയചന്ദ്രനായിരുന്നു.
2003ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന് പുറമെ നെടുമുടി വേണു, ദേവയാനി, സുധ, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അസോകന്‍, ഇന്ദ്രന്‍സ്, സുധീഷ്, റിയാസ് ഖാന്‍, നിത്യ ദാസ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങലെ അവതരിപ്പിച്ചിരുന്നത്.
പല്ലാവൂര്‍ ദേവനാരായണന്‍, വേഷം, ബസ് കണ്ടക്ടര്‍, മയിലാട്ടം, യെസ് യുവര്‍ ഓണര്‍ തുടങ്ങിയവയാണ് വി.എം. വിനു സംവിധാനം ചെയ്ത മറ്റ് സിനിമകള്‍.