ആര്‍.ആര്‍.ആര്‍ വൃത്തികെട്ട സിനിമ, സി.ജി എന്താണെന്ന് പഠിച്ചിട്ട് ചെയ്യണം; വിമര്‍ശനവുമായി വിനായകന്‍
Film News
ആര്‍.ആര്‍.ആര്‍ വൃത്തികെട്ട സിനിമ, സി.ജി എന്താണെന്ന് പഠിച്ചിട്ട് ചെയ്യണം; വിമര്‍ശനവുമായി വിനായകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 23rd March 2022, 4:27 pm

രാജമൗലിയുടെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ‘ആര്‍.ആര്‍.ആര്‍’ ചിത്രത്തിനെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വി.കെ പ്രകാശും നടന്‍ വിനായകനും. ആര്‍.ആര്‍.ആര്‍ ഒരു വൃത്തികെട്ട സിനിമയാണെന്ന് വിനായകന്‍ പറഞ്ഞു.

സി.ജി മൂവീസ് എന്താണെന്ന് കൃത്യമായി മനസിലാക്കിയതിന് ശേഷം മാത്രമേ അത്തരം പടങ്ങള്‍ ചെയ്യാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.ആര്‍.ആര്‍ പോലുള്ള സി.ജി സിനിമകള്‍ എന്നെ അതിശയിപ്പിക്കാറില്ലെന്നാണ് വി.കെ. പ്രകാശ് പറഞ്ഞത്. ഒരുത്തീ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇരുവരുടെയും പരാമര്‍ശം.

”ആര്‍.ആര്‍.ആര്‍ ഒരു വൃത്തികെട്ട സിനിമയാണ്. സി.ജി (കമ്പ്യൂട്ടര്‍ ജെനറേറ്റഡ് ഇമേജറി) എന്ന കോണ്‍സപ്റ്റിനെ കുറിച്ച് നിങ്ങള്‍ വ്യക്തമായി മനസിലാക്കണം. അതല്ലാതെ ആനയുടെ പുറത്ത് എയറില്‍ ഇരിക്കുന്നത് പോലെ സി.ജി ഉണ്ടാക്കിയിട്ട്, അത് ഭയങ്കരമാണെന്ന് പറയുന്നത് വൃത്തികേടാണ്. നിങ്ങള്‍ ആദ്യം സി.ജി സിനിമകളെ കുറിച്ച് കൃത്യമായി മനസിലാക്കുക, എന്നിട്ട് അത് ചെയ്യുക,” വിനായകന്‍ പറഞ്ഞു.

അന്യഭാഷ ചിത്രങ്ങള്‍ക്കെതിരെ വി.കെ. പ്രകാശ് പറഞ്ഞതിങ്ങനെ. ”ആര്‍.ആര്‍.ആര്‍ പോലുള്ള സിനിമകള്‍ വരുമ്പോള്‍ അല്ലെങ്കില്‍ മറ്റു ഭാഷകളിലുള്ള പടങ്ങള്‍ വരുമ്പോഴൊക്കെ നമ്മുടെ ഭാഷയിലുള്ള സിനിമകളെല്ലാം തട്ടിനീക്കും. അത് ബിസിനസ് മാത്രമാണ്. മലയാളം ഇന്റസ്ട്രിയില്‍ മാത്രം ഇത് നടക്കാറുള്ളു. അതൊരിക്കലും നല്ല ശീലമല്ല. കാരണം, നമ്മള്‍ സിനിമ കണ്ട് വളര്‍ന്ന കാലഘട്ടത്തില്‍ അതുപോലുള്ള സിനിമകള്‍ ഉണ്ടായിരുന്നില്ല.

ഐ.വി ശശി സാറിന്റെ ഈ നാട് എന്ന ചിത്രം ഇന്നും എന്നെ അതിശയിപ്പിക്കും. ഒരു സി.ജിയുമില്ലാതെയാണ് അദ്ദേഹം 1500 ആള്‍ക്കാരെയൊക്കെ വെച്ചിട്ട് ആ പടം ചെയ്തത്. ആ ചിത്രത്തില്‍ കള്ളത്തരങ്ങളില്ല, കബിളിപ്പിക്കലില്ല. ആ പടം അദ്ദേഹം സത്യസന്ധമായി ചെയ്തതാണ്. അതൊക്കെ കണ്ട് വളര്‍ന്നവരാണ് ഞങ്ങള്‍. വിനായകന്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ആര്‍.ആര്‍.ആര്‍ പോലുള്ള സി.ജി സിനിമകള്‍ എന്നെ അതിശയിപ്പിക്കാറില്ല,” വി.കെ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാര്‍ച്ച് 18നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നവ്യ നായരുടെ തിരിച്ചുവരവിനും കൂടി കളമൊരുക്കിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം മാര്‍ച്ച് 25 നാണ് ആര്‍.ആര്‍.ആര്‍ തിയേറ്ററുകളിലെത്തുന്നത്. രാജമൗലിയുടെ സംവിധാനത്തില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായാണെത്തുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണും ആലിയ ഭട്ടും അതിഥി വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ഒലീവിയ മോറിസ്, ശ്രിയ ശരണ്‍ എന്നിവര്‍ ചിത്രത്തില്‍ സഹകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്ക് പുറമേ ഇംഗ്ലീഷ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നുണ്ട്.


Content Highlight: Director VK Prakash and actor Vinayakan criticize ‘RRR’