തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയില്‍ ബ്രഹ്മാസ്ത്രയുടെ വിജയം ബോളിവുഡിന് വലിയ ആശ്വാസമാവുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 300 കോടിയിലധികം സ്വന്തമാക്കിയ ബ്രഹ്മാസ്ത്ര ഇന്ത്യയിലെ കളക്ഷനില്‍ മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ഇതോടെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമെന്ന കശ്മീര്‍ ഫയല്‍സിന്റെ റെക്കോഡും ബ്രഹ്മാസ്ത്ര തകര്‍ത്തിരിക്കുകയാണ്. ബ്രഹ്മാസ്ത്രയുടെ കളക്ഷനില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി.
ദി കശ്മീര്‍ ഫയല്‍സിന്റെ റെക്കോഡ് ബ്രഹ്മാസ്ത്ര എങ്ങനെ കീഴടക്കി എന്ന് തനിക്ക് അറിയില്ലെന്നും ബോളിവുഡ് ചിത്രങ്ങളുടെ മത്സരത്തില്‍ താനില്ലെന്നും വിവേക് ട്വീറ്റ് ചെയ്തു.
‘ദി കശ്മീര്‍ ഫയല്‍സിനെ അവര്‍ എങ്ങനെ കീഴടക്കി എന്ന് എനിക്കറിയില്ല. വടികൊണ്ടാണോ അതോ ഹോക്കി സ്റ്റിക്ക് കൊണ്ടോ, എ.കെ. ഫോര്‍ട്ടിസെവനോ കല്ലോ മറ്റോകൊണ്ടാണോ, അല്ലെങ്കില്‍ പെയ്ഡ് പി.ആര്‍ കൊണ്ടോ? ബോളിവുഡ് സിനിമകള്‍ പരസ്പരം മത്സരിക്കട്ടെ. ഞങ്ങളെ വെറുതെ വിട്ടേക്കൂ. ഈ വിഡ്ഢികള്‍ക്കൊപ്പം ഓടാന്‍ ഞാനില്ല,’ എന്നാണ് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്.
സിനിമയുടെ റിലീസിന് മുമ്പ് തന്നെ വിമര്‍ശനവുമായി വിവേക് മുന്നിലുണ്ടായിരുന്നു. ബ്രഹ്മാസ്ത്ര എന്ന് പറയാന്‍ പോലുമാവാത്തവനെ പിടിച്ചാണ് സംവിധായകനാക്കിയിരിക്കുന്നതെന്നും കരണ്‍ ജോഹര്‍ സ്വന്തം ചിത്രങ്ങളിലൂടെ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയെ അപമാനിക്കുകയാണെന്നുമാണ് വിവേക് പറഞ്ഞത്.
ദി കശ്മീര്‍ ഫയല്‍സിന്റെ റെക്കോഡ് പൊട്ടിച്ചതിനൊപ്പം ഈ വര്‍ഷം ഹിന്ദി ബെല്‍റ്റില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ആര്‍.ആര്‍.ആര്‍ ഹിന്ദി വേര്‍ഷന്റെ റെക്കോഡും ബ്രഹ്മാസ്ത്ര മറികടന്നിരുന്നു.
Hahahaha. I don’t know how did they beat #TheKashmirFiles… with sticks, rods, hockey… or AK47 or stones…. Or with paid PR and influencers?
അതേസമയം, ഏറ്റവും കൂടുതല്‍ പണംവാരിയ രണ്‍ബീര്‍ ചിത്രങ്ങളില്‍ രണ്ടാമതായി മാറിയിരിക്കുകയാണ് ബ്രഹ്മാസ്ത്ര. ഇന്ത്യയില്‍ നിന്ന് 342 കോടി നേടിയ രാജ്കുമാര്‍ ഹിരാനി ചിത്രം സഞ്ജുവാണ് അതില്‍ ഒന്നാമത്. 180 കോടി നേടിയ യേ ജവാനി ഹേ ദിവാനിയായിരുന്നു ഇതുവരെ രണ്ടാമത്. എന്നാല്‍, വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ട് അയാന്‍ മുഖര്‍ജിയുടെ ബ്രഹ്മാസ്ത്ര അതിനെ മറികടന്നു. 112 കോടിയുമായി യേ ദില്‍ ഹെ മുഷ്‌കിലും ബര്‍ഫിയുമാണ് പിന്നിലുള്ളത്.
അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയില്‍ ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു.
Content Highlight: Director Vivek Agnihotri responses about the collection of Brahmastra