| Monday, 21st August 2023, 2:11 pm

ആത്മീയ ഗുരുക്കന്മാര്‍ അക്ഷയ്ക്കും കങ്കണക്കുമൊപ്പം ഫോട്ടോയെടുക്കുന്നു, ഇതെന്ത് തരം ആത്മീയപ്രവര്‍ത്തനമാണ്: വിവേക് അഗ്നിഹോത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പേരെടുത്ത് പറയാതെ ആത്മീയ നേതാക്കളെ വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഫൈവ് സ്റ്റാര്‍, സെവന്‍ സ്റ്റാര്‍ ഹോട്ടലുകളേക്കാള്‍ ആഡംബരമുള്ളതാണ് ഇവരുടെ ആശ്രമങ്ങളെന്നും ഈ ഗുരുക്കന്മാര്‍ സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഉപയോഗിക്കുന്നതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. സെലിബ്രിറ്റികള്‍ക്കൊപ്പം ഇവര്‍ വീഡിയോകളും ഫോട്ടോകളും എടുക്കുന്നുവെന്നും ഇത് എന്ത് തരത്തിലുള്ള ആത്മീയ പ്രവത്തനമാണെന്നും വിവേക് അഗ്നിഹോത്രി ചോദിച്ചു. ജിസ്റ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആധുനിക ആത്മീയ ഗുരുക്കള്‍ എന്ന് വിളിക്കപ്പെടുന്നവരുടെ ആശ്രമങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ. ഫൈവ് സ്റ്റാര്‍ അല്ലെങ്കില്‍ സെവന്‍ സ്റ്റാര്‍ ഹോട്ടലുകളേക്കാള്‍ ആഡംബരമുള്ളതാണ്. ഈ ഗുരുക്കന്മാര്‍ സ്വകാര്യ ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതുപോലെ എന്തെങ്കിലും ബുദ്ധന്‍ ചെയ്യുന്നതായി നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?

പത്തോ അമ്പതോ അംഗരക്ഷകരുള്ള ഭഗവാന്‍ ബുദ്ധനെ, ആളുകള്‍ വലയം ചെയ്യുന്നതും, കഴുത്തില്‍ മാലയിടുന്നതും ചിന്തിക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ 20,000 രൂപയുടെ മുറികളുള്ള ആശ്രമം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാമോ?

അക്ഷയ് കുമാറിനൊപ്പമോ കങ്കണ റണാവത്തിനൊപ്പമോ കരിഷ്മ കപൂറിനൊപ്പമോ ഫോട്ടോയോ വീഡിയോയോ എടുക്കുന്ന ബുദ്ധനെ സങ്കല്‍പ്പിക്കാനാവുമോ? ഇത് എന്ത് മതപരമായ പ്രവര്‍ത്തനമാണ്?,’ വിവേക് പറഞ്ഞു.

കരണ്‍ ജോഹറിന്റെയും ഷാരൂഖ് ഖാന്റെയും സിനിമകളാണ് ഇന്ത്യയുടെ സാംസ്‌കാരികഘടനയെ നശിപ്പിച്ചതെന്ന് കഴിഞ്ഞ് ദിവസം വിവേക് പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. ദീര്‍ഘ കാലം താന്‍ ഇടതുപക്ഷക്കാരനായിരുന്നുവെന്നും കുട്ടികളുണ്ടായതിന് ശേഷമാണ് ഒരുപാട് കാര്യങ്ങള്‍ മനസിലായതെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ജീവിതത്തിന്റെ വലിയൊരു ഭാഗവും ഇടതുപക്ഷക്കാരനായാണു ഞാന്‍ ജീവിച്ചത്. കുട്ടികളുണ്ടായപ്പോഴാണ് ഒരുപാടു കാര്യങ്ങള്‍ മനസിലാക്കുന്നത്. എന്റെ മക്കള്‍ വളരുമ്പോള്‍ ഈ രാജ്യത്തുനിന്ന് അവര്‍ക്ക് എന്തു ലഭിക്കുമെന്ന് ആലോചിക്കാറുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ തത്വശാസ്ത്രങ്ങള്‍ ഉള്ളടങ്ങിയ ഒരു രാജ്യമായതുകൊണ്ടാണു നൂറ്റാണ്ടുകളോളം നാം അതിജീവിച്ചു മുന്നോട്ടുപോയതെന്ന തിരിച്ചറിവ് വരുന്നത് അങ്ങനെയാണ്.

ഇടതുപക്ഷ ആശയം കാരണം നമ്മുടെ രാജ്യത്തോടു ബന്ധമുള്ളതിനോടെല്ലാം വെറുപ്പായിരുന്നു. ലോകത്ത് എവിടെയൊക്കെ പോയാലും എല്ലാത്തിനോടും വെറുപ്പായിരുന്നു. അങ്ങനെയാണ് യാഥാര്‍ത്ഥ്യബോധത്തിലേക്കും വേരുകളിലേക്കും ഇറങ്ങണമെന്നു തീരുമാനിക്കുന്നത്. അത് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.

സൂപ്പര്‍ സ്റ്റാറായുള്ള അമിതാഭ് ബച്ചന്റെ അരങ്ങേറ്റത്തിനുശേഷം ഇന്ത്യന്‍ സിനിമ ഒരിക്കലും യഥാര്‍ത്ഥ കഥകള്‍ പറഞ്ഞിട്ടില്ല. ദീവാറിലല്ല, ഷെഹിന്‍ഷ ഇറങ്ങിയതിന് ശേഷമാണ് അത് സംഭവിച്ചത്. പ്രത്യേകിച്ചും കരണ്‍ ജോഹറിന്റെയും ഷാരൂഖ് ഖാന്റെയും സിനിമകള്‍. അവയാണ് ഇന്ത്യയുടെ സാംസ്‌കാരികഘടനയെ തന്നെ അപകടകരമായ തരത്തില്‍ നശിപ്പിച്ചത്. അതുകൊണ്ടാണു യഥാര്‍ത്ഥവും സത്യസന്ധവുമായ കഥകള്‍ പറയേണ്ടതുണ്ടെന്നു ഞാന്‍ തീരുമാനിച്ചത്,’ വിവേക് അഗ്നിഹോത്രി പറഞ്ഞു.

Content Highlight: Director Vivek Agnihotri criticizes spiritual leaders

We use cookies to give you the best possible experience. Learn more