| Sunday, 4th September 2022, 9:33 am

ബ്രഹ്മാസ്ത്ര എന്ന് പറയാന്‍ പോലുമാവാത്തവനെ പിടിച്ച് സംവിധായകനാക്കി, കരണ്‍ ജോഹര്‍ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയെ കളിയാക്കുന്നു: വിവേക് അഗ്നിഹോത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെപ്റ്റംബറില്‍ റിലീസിനൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ബ്രഹ്മാസ്ത്രയുടെ സംവിധായകന്‍ അയാന്‍ മുഖര്‍ജിക്കും നിര്‍മാതാവ് കരണ്‍ ജോഹറിനുമെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിവേക് അഗ്നിഹോത്രി.

അയാന്‍ മുഖര്‍ജിക്ക് ബ്രഹ്മാസ്ത്ര എന്ന് ഉച്ചരിക്കാന്‍ പോലുമാവുന്നില്ലെന്ന് വിവേക് പറഞ്ഞു. കരണ്‍ ജോഹര്‍ അദ്ദേഹത്തിന്റെ സിനിമകളിലൂടെ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയെ കളിയാക്കുകയാണെന്ന് കുശാല്‍ മെഹ്‌റയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ വിവേക് അഗ്നിഹോത്രി പറഞ്ഞു.

‘അവര്‍ക്ക് ബ്രഹ്മാസ്ത്രയുടെ അര്‍ത്ഥമെന്താണന്നെങ്കിലും അറിയുമോ? അസ്ത്ര വാക്യങ്ങളെ പറ്റിയൊക്കെ അവര്‍ സംസാരിക്കുന്നു. അതെന്താണ്? ബ്രഹ്മാസ്ത്ര എന്ന് ഉച്ചരിക്കാന്‍ പോലുമാവാത്ത ആളെ പിടിച്ച് അവര്‍ സംവിധായകനാക്കി. അയാന്‍ മുഖര്‍ജി ഒരു നല്ല സംവിധായകനാണ്. അദ്ദേഹത്തിന്റെ വേക്ക് അപ്പ് സിഡും ഹേ ജവാനി ഹേ ദിവാനിയും എനിക്ക് ഇഷ്ടമാണ്. അദ്ദേഹം നല്ല സിനിമകള്‍ നിര്‍മിക്കട്ടെ. ഒരു അമ്മ മക്കളെ കുറിച്ച് ആശങ്കപ്പെടുന്നത് പോലെ ഞാന്‍ അദ്ദേഹത്തെ ഓര്‍ത്ത് ആശങ്കപ്പെടുന്നുണ്ട്. ഞാന്‍ നിരാശനാണ്,’ വിവേക് അഗ്നിഹോത്രി പറഞ്ഞു.

‘അവര്‍ എല്‍.ജി.ബി.ടി.ക്യു ആക്ടിവിസത്തെ പറ്റി സംസാരിക്കും. എന്നിട്ട് സിനിമകളില്‍ ആ കമ്മ്യൂണിറ്റിയെ കളിയാക്കും. കരണ്‍ ജോഹര്‍ എന്തിനാണ് അദ്ദേഹത്തിന്റെ സിനിമകളിലൂടെ എല്‍.ജി.ബി.ടിക്യു കമ്മ്യൂണിറ്റിയെ കളിയാക്കുന്നത്,’ വിവേക് ചോദിക്കുന്നു.

അനുപം ഖേര്‍ പ്രധാനകഥാപാത്രമായെത്തിയ കശ്മീര്‍ ഫയല്‍സാണ് ഒടുവില്‍ പുറത്ത് വന്ന വിവേക് അഗ്നിഹോത്രിയുടെ ചിത്രം. കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രമേയമാക്കിയ ചിത്രം വിവാദങ്ങളില്‍ ഇടം പിടിച്ചിരുന്നു.

അതേസമയം സെപ്റ്റംബര്‍ ഒമ്പതിനാണ് ബ്രഹ്മാസ്ത്ര റിലീസ് ചെയ്യുന്നത്. മൂന്ന് ഭാഗങ്ങളായെത്തുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, നാഗാര്‍ജുന, മൗനി റോയി എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ പ്രൊഡക്ഷന്‍ ബാനറില്‍ കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, നമിത് മല്‍ഹോത്ര, അയാന്‍ മുഖര്‍ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Director Vivek Agnihotri criticized Ayan Mukerji and producer Karan Johar

Latest Stories

We use cookies to give you the best possible experience. Learn more