India
ഹിറ്റ്‌ലറെന്നും സ്റ്റാലിനെന്നുമൊക്കെ ആരെങ്കിലും പേരിടുമോ?, ഇന്ത്യയിലെ എല്ലാ ജനങ്ങളും സനാതനക്കാര്‍: വിവേക് അഗ്നിഹോത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Sep 16, 10:29 am
Saturday, 16th September 2023, 3:59 pm

സനാതന ധര്‍മം മലേറിയയും ഡെങ്കിപ്പനിയും പോലെ ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായി ഉദയനിധി സ്റ്റാലിന്റെ പരമാര്‍ശത്തിനെതിരെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ഇന്ത്യയിലുള്ള എല്ലാ മനുഷ്യരും സനാതനക്കാരാണെന്ന് വിവേക് പറഞ്ഞു. എ.എന്‍.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ ഡി.എം.കെയെ വിമര്‍ശിച്ച അദ്ദേഹം ഹിറ്റ്‌ലറെന്നും സ്റ്റാലിനെന്നുമൊക്കെ ആരെങ്കിലും പേരിടുമോ എന്നും ചോദിച്ചു. ഉദയനിധിയുടെ പരമാര്‍ശത്തോട് ഭാവിയില്‍ ജനങ്ങള്‍ പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 14 ചാനല്‍ അവതാരകരെ ഇന്ത്യ സഖ്യം ബഹിഷ്‌കരിച്ചതിനെ പറ്റിയും അദ്ദേഹം പ്രതികരിച്ചു. ഈ ചാനലുകളില്‍ വന്നിരുന്ന് തങ്ങളുടെ പ്രസ്താവനകള്‍ പറയാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു, ആ അവസരവും അവര്‍ നഷ്ടപ്പെടുത്തിയെന്നും വിവേക് പറഞ്ഞു.

വാക്‌സിന്‍ വാറാണ് ഇനി റിലീസിനൊരുങ്ങുന്ന വിവേക് അഗ്നിഹോത്രിയുടെ ചിത്രം. കൊവിഡ് കാലത്ത് ഇന്ത്യയില്‍ ശവശരീരങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന ദൃശ്യങ്ങളുള്‍പ്പെടെ ട്രെയ്ലറില്‍ കാണിക്കുന്നുണ്ട്. ഒപ്പം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ കൊടുക്കുന്ന ‘ദി ഡെയ്ലി വയര്‍’ എന്ന മാധ്യമവും വീഡിയോയില്‍ വരുന്നുണ്ട്.

സെപ്റ്റംബര്‍ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാന പടേക്കര്‍, അനുപം ഖേര്‍, സപ്തമി ഗൗഡ, പരിതോഷ് സാന്‍ഡ്, സ്നേഹ മിലാന്‍ഡ്, ദിവ്യ സേത്ത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളില്‍ എത്തുന്നത്.

ദി കാശ്മീര്‍ ഫയല്‍സിനായി വിവേക് അഗ്‌നിഹോത്രിയുമായി സഹകരിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്സിന്റെ അഭിഷേക് അഗര്‍വാള്‍ ഈ ചിത്രത്തിലും സഹകരിക്കുന്നുണ്ട്.

ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി, ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഉറുദു, ആസാമീസ് എന്നിവയുള്‍പ്പെടെ 10ല്‍ അധികം ഭാഷകളില്‍ ‘ദി വാക്‌സിന്‍ വാര്‍’ റിലീസ് ചെയ്യും.

Content Highlight: Director Vivek Agnihotri against Udayanidhi Stalin’s statement on Sanatana Dharma