| Tuesday, 29th November 2022, 6:04 pm

കശ്മീര്‍ ഫയല്‍സിലെ ഒരു രംഗമെങ്കിലും വ്യാജമെന്ന് തെളിയിച്ചാല്‍ സംവിധാനം നിര്‍ത്തും; നദാവ് ലാപിഡിനെതിരെ വിവേക് അഗ്നിഹോത്രി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദ കശ്മീര്‍ ഫയല്‍സ് ഒരു വൃത്തികെട്ട പ്രൊപഗണ്ട സിനിമയാണെന്ന ഐ.എഫ്.എഫ്.ഐ ജൂറി ചെയര്‍പേഴ്‌സണ്‍ നദാവ് ലാപിഡിന്റെ പ്രസ്താവനക്കെതിരെ സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ചിത്രത്തിലെ ഒരു രംഗമെങ്കിലും വ്യാജമാണെന്ന് തെളിയിച്ചാല്‍ സംവിധാനം നിര്‍ത്തുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇതെനിക്ക് പുതുമയുള്ള കാര്യമല്ല. കാരണം തീവ്രവാദ സംഘടനകളും, അര്‍ബന്‍ നക്‌സലുകളും ഭാരതത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവരുമൊക്കെ ( thukde thukde gang) കുറച്ച് നാളുകളായി ഇതുപോലെയുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ എന്നെ ആശ്ചര്യപ്പെടുത്തിയത് ഇന്ത്യന്‍ സര്‍ക്കാര്‍ സംഘടിപ്പിടച്ച പരിപാടിയില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയ ഒരു പ്ലാറ്റ്‌ഫോമില്‍ കശ്മീരിനെ വിഭജിക്കുന്നത് പിന്തുണക്കപ്പെട്ടു എന്നതാണ്.

ഇന്ത്യയില്‍ തന്നെ ജീവിക്കുന്ന പല ആളുകളും ഇന്ത്യക്കെതിരെ ആ വാക്കുകള്‍ ഉപയോഗിക്കുന്നു. ആരാണ് ഇവരൊക്കെ? കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ റിസേര്‍ച്ച് ആരംഭിച്ചപ്പോള്‍ തന്നെ അതിനെ പ്രൊപഗണ്ട സിനിമ എന്ന് വിളിച്ചവരാണ് അവര്‍.

ബലാത്സംഗം ചെയ്യപ്പെട്ട, കൊല ചെയ്യപ്പെട്ട, വിഭജിക്കപ്പെട്ട ആളുകളുടെ 700 ഓളം വരുന്ന കുടുംബാംഗങ്ങളോട് സംസാരിച്ചതിന് ശേഷമാണ് ഈ സിനിമ നിര്‍മിച്ചത്. അവരാണോ പ്രൊപഗണ്ടയും വൃത്തികെട്ട കാര്യങ്ങളും പറയുന്നത്. ഒരിക്കല്‍ പൂര്‍ണമായും ഹിന്ദുക്കളുടേതായിരുന്ന സ്ഥലം, അവിടെയിപ്പോള്‍ ഒറ്റ ഹിന്ദുവില്ല. ഇപ്പോഴും ഹിന്ദുക്കളെ അവിടെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു. ഇതാണോ പ്രൊപഗണ്ട, ഇതാണോ വൃത്തികെട്ട കാര്യങ്ങള്‍.

കശ്മീര്‍ ഫയല്‍സ് ഒരു പ്രൊപഗണ്ട സിനിമയാണെന്ന ചോദ്യം വീണ്ടുമുയരുന്നു. അതിനര്‍ത്ഥം വംശഹത്യ അവിടെ നടന്നിട്ടില്ലെന്നാണോ? ഇന്ന് ഈ ബുദ്ധിജീവികളെയും ഇസ്രഈലിലെ പേരുകേട്ട സിനിമാ സംവിധായകരേയും ഞാന്‍ വെല്ലുവിളിക്കുന്നു, ദ കശ്മീര്‍ ഫയല്‍സിലെ ഒരു രംഗമെങ്കിലും, ഒരു ഡയലോഗെങ്കിലും വ്യാജമാണെന്ന് തെളിയിച്ചാല്‍ ഞാന്‍ സംവിധാനം നിര്‍ത്തും,’ വിവേക് പറഞ്ഞു.

ദ കശ്മീര്‍ ഫയല്‍സ് കണ്ട് ഞെട്ടിപ്പോയെന്നാണ് നദാവ് ലാപിഡ് പറഞ്ഞത്. ‘ആ ചിത്രം ഞങ്ങളെ ശരിക്കും അസ്വസ്ഥപ്പെടുത്തി. കാരണം വളരെ വൃത്തികെട്ട ഒരു പ്രൊപഗണ്ട ചിത്രമായിരുന്നു അത്. ഇത്രയും പേരുകേട്ട ഒരു മേളയിലെ കലാമൂല്യമുള്ള സിനിമകള്‍ മത്സരിക്കുന്ന വിഭാഗത്തിലേക്ക് കടന്നുവരാനുള്ള ഒരു യോഗ്യതയും ആ ചിത്രത്തിനില്ലായിരുന്നു.

ഈ വേദിയില്‍ ഇങ്ങനെ അഭിപ്രായം തുറന്നുപറയുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല. വിമര്‍ശനങ്ങളെല്ലാം സ്വീകരിക്കാന്‍ കഴിയുന്ന ഒരു സ്പിരിറ്റ് ഈ മേളക്കുണ്ട്. കലയിലും ജീവിതത്തിലും വിമര്‍ശനങ്ങള്‍ അനിവാര്യമാണല്ലോ,’ എന്നായിരുന്നു നവാദിന്റെ വാക്കുകള്‍.

അതേസമയം നദാവിന്റെ വാക്കുകള്‍ക്കെതിരെ പ്രതികരണവുമായി ഇന്ത്യയിലെ ഇസ്രഈല്‍ അംബാസിഡര്‍ നഓര്‍ ഗിലോണ്‍ രംഗത്തെത്തിയിരുന്നു.
ജൂറി അധ്യക്ഷ പദവി നദാവ് ലാപിഡ് ദുരുപയോഗിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

കശ്മീര്‍ ഫയല്‍സിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നദാവ് ലാപിഡ് സ്വയം ലജ്ജിക്കണമെന്നും, ഇന്ത്യ ഇസ്രഈല്‍ ബന്ധത്തിന് ഈ പരാമര്‍ശം വരുത്തിയ കോട്ടത്തെ അതിജീവിക്കുമെന്നും ഗിലോണ്‍ ട്വീറ്റ് ചെയ്തിരുന്നു.

Contentb Highlight: Director Vivek Agnihotri against IFFI Jury Chairperson Nadav Lapid’s statement

We use cookies to give you the best possible experience. Learn more