|

'കഞ്ചാവ് കൊറോണ വൈറസിനെ ഇല്ലാതാക്കും, നിയമവിധേയമാക്കണം'; അവകാശവാദവുമായി സംഘപരിവാര്‍ അനുകൂല സംവിധായകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഞ്ചാവിന് കഴിയുമെന്ന് അവകാശപ്പെട്ട്  സംവിധായകന്‍ വിവേക് അഗ്നിഗോത്രി. കഞ്ചാവ് കൊറോണ വൈറസിനെ കൊല്ലുമെന്ന് അവകാശപ്പെടുന്ന മീമിനോടൊപ്പം കഞ്ചാവിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് വിവേകിന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോകത്തെ ഒരുപാട് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ഇന്ത്യയിലുണ്ട്. ആ പുരാതന വിജ്ഞാനത്തെ അവജ്ഞയോടെ കാണുന്നിടത്തോളം നിങ്ങള്‍ക്കത് കണ്ടെത്താനാവില്ല. കഞ്ചാവ് ഒരു അത്ഭുത ചെടിയാണ്. എണ്‍പതുകളുടെ പകുതി വരെ സര്‍ക്കാര്‍ അത് വിറ്റിരുന്നു. രാജീവ് ഗാന്ധിയും പടിഞ്ഞാറന്‍ മരുന്നു കമ്പനികളുമാണ് അതിന് ചീത്തപ്പേര് നല്‍കിയത്. കഞ്ചാവ് നിയമവിധേയമാക്കണം എന്നാണ് വിവേക് അഗ്നിഗോത്രിയുടെ ട്വീറ്റ്.

സംഘപരിവാര്‍ അനുകൂല പ്രസ്താവനകളിലൂടെയാണ് വിവേക് അഗ്നിഗോത്രി ശ്രദ്ധയാകര്‍ഷിച്ചിട്ടുള്ളത്. സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സ്ഓഫീസില്‍ പരാജയമായിരുന്നുവെങ്കിലും ഇത്തരം പ്രസ്താവനകളിലൂടെ വിവേക് അഗ്നിഗോത്രി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ചാണകം ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ കഴിയുമെന്ന്
ഹിന്ദുമഹാസഭ ദേശീയാധ്യക്ഷന്‍ ചക്രപാണി മഹാരാജ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വിവേക് അഗ്നിഗോത്രിയുടെ കഞ്ചാവ് നിര്‍ദേശം.

‘ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് രോഗം പരത്തുന്ന കൊറോണ വൈറസിനെ തടയും. ഓം നമഃ ശിവായ ചൊല്ലി ദേഹത്ത് ചാണകം തേച്ചു പുരട്ടൂ, രക്ഷപ്പെടും. ഒരു പ്രത്യേക യാഗവും പെട്ടെന്നു തന്നെ വൈറസിനെ കൊല്ലാനായി നടത്തുന്നുണ്ട്,’ എന്നായിരുന്നു ചക്രപാണി പറഞ്ഞത്.