Entertainment news
ഡേറ്റ് തന്ന സിനിമയില്‍ ഫഹദ് അഭിനയിച്ചില്ല; പതിനൊന്ന് ദിവസം ഷൂട്ട് ചെയ്ത ചിത്രം പാക്ക് അപ്പ് ചെയ്യേണ്ടി വന്നു: വിവേക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Dec 10, 11:30 am
Saturday, 10th December 2022, 5:00 pm

ഫഹദ് ഫാസിലും സായ് പല്ലവിയും ഒരുമിച്ചെത്തിയ മലയാള ചിത്രമാണ് അതിരന്‍. വിവേകാണ് അതിരന്‍ സംവിധാനം ചെയ്തത്. 2019ല്‍ പുറത്തിറങ്ങിയ ചിത്രം സൈക്കോളജിക്കല്‍ ത്രില്ലര്‍ ഴോണറിലായിരുന്നു.

തന്റെ ആദ്യ സിനിമ അതിരനല്ലെന്ന് പറയുകയാണ് വിവേകിപ്പോള്‍. ഫഹദ് ഫാസില്‍ തന്നെ ഡേറ്റ് തന്ന മറ്റൊരു മൂവിയായിരുന്നു അതെന്നും വിവേക് പറഞ്ഞു. പതിനൊന്ന് ദിവസം ഷൂട്ട് ചെയ്ത ചിത്രം ഫഹദിന് എത്താന്‍ പറ്റാത്തത് കൊണ്ട് ചെയ്യാതിരുന്നതാണെന്നും പിന്നീട് സിനിമ ചെയ്യുന്നില്ലെന്ന് വിചാരിച്ചിരുന്ന സമയത്താണ് ഫഹദ് തന്നെ വിളിച്ചതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”എന്റെ ആദ്യ സിനിമ എനിക്ക് തന്നത് ഫഹദ് ഫാസിലാണ്. പക്ഷെ ആ സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല. ആകെ ചെയ്തത് അതിരനാണ്. അതിരന് മുമ്പ് ഫഹദ് എനിക്ക് ഡേറ്റ് തന്ന മറ്റൊരു സിനിമയുണ്ട്. പതിനൊന്ന് ദിവസം ആ സിനിമ ഞാന്‍ ഷൂട്ട് ചെയ്തു.

 

പക്ഷെ ആ സിനിമയില്‍ ഫഹദ് ഫാസിലിന് വന്ന് ചേരാന്‍ പറ്റിയില്ല. അതുകണ്ട് ആ സിനിമ പാക്ക് അപ്പ് ആയി. രണ്ട് പ്രോവശ്യം ഷെഡ്യൂള്‍ ചെയ്തിരുന്നു. വീണ്ടും പാക്ക് അപ്പ് ആവേണ്ടി വന്നു. അവസാനം സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനത്തില്‍ വരെ ഞാനെത്തി.

ആ ഘട്ടത്തിലാണ് ഫഹദ് എന്നെ തിരിച്ച് വിളിക്കുന്നത്. കൊച്ചിയില്‍ ചെന്ന് അദ്ദേഹത്തെ ഒന്ന് കാണണമെന്ന് പറഞ്ഞു. 25 ദിവസമുണ്ടെന്നും സിനിമ പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ തുടക്കക്കാരനായ ഒരു സംവിധായകന്‍ 11 ദിവസം ഒരു സിനിമ ഷൂട്ട് ചെയ്തു എന്നാല്‍ അത് പെട്ടെന്ന് നിന്നു പോവുന്നു. അതുകൊണ്ട് തന്നെ സ്വഭാവികമായി സിനിമയില്‍ എന്തൊക്കെയായിരിക്കും പറഞ്ഞു കൂട്ടുകയെന്ന് അറിയാലോ. ആ ഫഹദ് ഫാസില്‍ തന്നെയാണ് എന്നെ വിളിച്ചിട്ട് ചെയ്ത രണ്ടാമത്തെ സിനിമയാണ് അതിരന്‍,” വിവേക് പറഞ്ഞു.

അമല പോള്‍ നായികയായ ടീച്ചറാണ് വിവേകിന്റെ പുതിയ ചിത്രം. മഞ്ജു പിള്ള, ഹക്കീം ഷാ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. ഡിസംബര്‍ രണ്ടിനായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

content highlight: director vivek about fahadh fassil