| Friday, 6th December 2024, 10:25 pm

കരുതിയിരുന്നോ ബോക്‌സ് ഓഫീസേ... ബില്ലയെക്കാള്‍ വലിയ ഐറ്റം വരുന്നുണ്ട്, സൂചനയുമായി സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് അജിത്കുമാര്‍. മണിരത്‌നം നിര്‍മിച്ച ആസൈയിലൂടെ ശ്രദ്ധേയനായ അജിത് വളരെ വേഗത്തില്‍ തമിഴ് സിനിമയുടെ മുന്‍നിരയിലേക്കെത്തി. റൊമാന്റിക് റോളുകളില്‍ നിന്ന് ആക്ഷന്‍ റോളുകളിലേക്ക് ചുവടുമാറ്റിയ അജിത്തിനെ ആരാധകര്‍ സ്‌നേഹപൂര്‍വം തല എന്ന് വിളിച്ചുതുടങ്ങി. ഒരുഘട്ടത്തില്‍ തന്റെ എല്ലാ ഫാന്‍സ് ക്ലബ്ബുകളും പിരിച്ചുവിടാന്‍ അജിത് ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.

സിനിമക്ക് പുറമേ തന്റെ പാഷനായ റേസിങ്ങും ബൈക്ക് റൈഡിങ്ങും ഒരുപോലെ കൊണ്ടുനടക്കുന്ന അജിത്തിന്റെ ഓരോ സിനിമയുടെ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അജിത്തിന്റെ കരിയറിലെ നാഴികക്കല്ലുകളിലൊന്നായ ബില്ലയുടെ സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്റ വാക്കുകളാണ് വൈറലായത്.

ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെ ബില്ലയുടെ മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ബില്ലയുടെ തുടര്‍ച്ച ഇനി ഉണ്ടാകില്ല എന്നായിരുന്നു വിഷ്ണുവര്‍ദ്ധന്റെ മറുപടി. പകരം താനും അജിത്തും യുവന്‍ ശങ്കര്‍ രാജയും തമ്മിലുള്ള ഒരു സിനിമയുടെ പ്ലാനിങ്ങിലാണെന്ന് വിഷ്ണുവര്‍ദ്ധന്‍ പറഞ്ഞു. അജിത്തിന്റെ നിലവിലെ തിരക്കുകള്‍ കഴിഞ്ഞാല്‍ വൈകാതെ ഈ സിനിമയുടെ പണിപ്പുരയിലേക്ക് കടന്നേക്കുമെന്നും വിഷ്ണുവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു.

‘ബില്ല 3യെപ്പറ്റി ഇനി ഞങ്ങളാരും ചിന്തിക്കുന്നില്ല. കാരണം, ആ കഥാപാത്രത്തെ വെച്ച് ഇനി കഥ ചെയ്താല്‍ വര്‍ക്കാകില്ല. പക്ഷേ അതിനെക്കാള്‍ മേലെ നില്‍ക്കുന്ന ഒരു സിനിമയായിരിക്കും അജിത് സാറുമായി ഇനി ചെയ്യുക. ഞാന്‍, അജിത് സാര്‍, യുവന്‍ എന്നിവര്‍ വീണ്ടും അതിലൂടെ ഒന്നിക്കും. സാറിന്റെ ഇപ്പോഴത്തെ തിരക്കുകള്‍ കഴിഞ്ഞാല്‍ ആ പ്രൊജക്ടിലേക്ക് കടക്കാനാണ് ആഗ്രഹിക്കുന്നത്,’ വിഷ്ണുവര്‍ദ്ധന്‍ പറയുന്നു.

ബില്ല, ബില്ല 2, ആരംഭം എന്നീ സിനിമകളിലാണ് ഇതിന് മുമ്പ് അജിത്- വിഷ്ണുവര്‍ദ്ധന്‍- യുവന്‍ ശങ്കര്‍ രാജ കോമ്പോ ഒന്നിച്ചത്. ബില്ല 2 തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് കള്‍ട്ട് സ്റ്റാറ്റസ് സ്വന്തമാക്കി. ആരംഭത്തിന് ശേഷം ഷേര്‍ഷായിലൂടെ ബോളിവുഡിലും വിഷ്ണു തന്റെ സാന്നിധ്യമറിയിച്ചു. ഒരിക്കല്‍ കൂടി ഇതേ കോമ്പോ ഒന്നിക്കുമ്പോള്‍ ബോക്‌സ് ഓഫീസിലെ സകല റെക്കോഡുകളും തകര്‍ക്കുമെന്ന് ഉറപ്പാണ്.

നിലവില്‍ അജിത്തിന്റെ രണ്ട് ചിത്രങ്ങള്‍ റിലീസിന് തയാറെടുക്കുകയാണ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയര്‍ച്ചിയാണ് ഇതില്‍ ആദ്യത്തേത്. ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്പാണ് ലഭിച്ചത്. ഒന്നര വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ 2025 ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തു. അജിത്തിന്റെ ഫാന്‍ ബോയ് ആയ ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയാണ് രണ്ടാമത്തേത്. സ്‌റ്റൈലിഷ് ലുക്കില്‍ അജിത്തിനെ പ്രസന്റ് ചെയ്യുന്ന ചിത്രം 2025 മെയ് റിലീസായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlight: Director Vishnuvardhan gives a hint about Ajith Kumar’s next movie

We use cookies to give you the best possible experience. Learn more