| Friday, 21st October 2022, 9:26 am

എന്റെ ആ സിനിമയില്‍ അഭിനയിച്ച എല്ലാവര്‍ക്കും കുറച്ച് സ്വാതന്ത്ര്യം കുറവായിരുന്നു; എന്നാല്‍ ഇന്ദ്രന്‍സേട്ടന് എല്ലാം അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിട്ടുകൊടുത്തു: ജയ ജയ ജയ ജയഹേ സംവിധായകന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി മലയാള സിനിമകള്‍ സംവിധാനം ചെയ്യുകയും തിരക്കഥ നിര്‍വഹിക്കുകയും ചെയ്ത വ്യക്തിയാണ് വിപിന്‍ ദാസ്. ബേസില്‍ ജോസഫ് നായകനായ ജയ ജയ ജയ ജയ ഹേ ആണ് അദ്ദേഹത്തിന്റെ പുതിയ ചിത്രം. അന്താക്ഷരി, മുദ്ദുഗൗ, അകലങ്ങളില്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍.

ഇന്ദ്രന്‍സ് എന്ന മഹാനടനെക്കുറിച്ച് സംസാരിക്കുകയാണ് വിപിന്‍. വളരെ സൈലന്റായ വ്യക്തിയാണ് ഇന്ദ്രന്‍സെന്നും ഇഷ്ടമുള്ളവരുമായി സൗഹ്യദം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുള്ള വ്യക്തിയാണെന്നും വിപിന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

നടനെന്ന രിതിയില്‍ അദ്ദേഹത്തിന്റെ കഴിവുകള്‍ നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വ്യക്തിയെന്ന നിലയിലും വളരെ നല്ല മനുഷ്യനാണ് ഇന്ദ്രന്‍സെന്നും സെറ്റില്‍ വന്നപ്പോള്‍ എല്ലാവരെയും സാര്‍ എന്നായിരുന്നു ഇന്ദ്രന്‍സ് വിളിച്ചതെന്നും വിപിന്‍ പറഞ്ഞു.

”ഇന്ദ്രന്‍സ് ഏട്ടന്‍ ഭയങ്കര സൈലന്റാണ്. മുദ്ദുഗൗന്റെ സമയത്ത് പൂര്‍ണ്ണമായി ഞാന്‍ കഥ പറയാത്ത ഒരു വ്യക്തി അദ്ദേഹമായിരിക്കും. കഥാപാത്രത്തിന്റെ റോള്‍ പറഞ്ഞു കൊടുത്ത ശേഷം ഇഷ്ടമുള്ള പോലെ അഭിനയിക്കാനുള്ള സ്വതന്ത്ര്യം കൊടുത്തത് ഇന്ദ്രന്‍സേട്ടനാണ്. ബാക്കി എല്ലാവരോടും ഞാന്‍ പറയുന്നപോലെ അഭിനയിക്കണമെന്ന് പറയുമായിരുന്നു.

ആ സിനിമയില്‍ അഭിനയിച്ചവര്‍ക്കെല്ലാം കുറച്ച് സ്വതന്ത്ര്യം കുറവായിരുന്നു. ചേട്ടനോട് കണ്ടന്റും ഡയലോഗും മാത്രമാണ് കമ്യൂണിക്കേറ്റ് ചെയ്തത് സിനിമയിലെ അഭിനയമെല്ലാം ചേട്ടന്റെ ഇഷ്ടപ്രകാരമായിരുന്നു. എല്ലാം അദ്ദേഹം തന്നെ കയ്യില്‍ നിന്ന് എടുത്ത് ചെയ്തതാണ്.

അഭിനയിച്ച് കഴിഞ്ഞാല്‍ എങ്ങോട്ട് പോവണമെന്ന് അദ്ദേഹത്തിന് അറിയില്ല. അതുകൊണ്ട് ക്യാമറ കുറച്ച് ലൂസാക്കി പിടിക്കണം. എന്നാല്‍ മാത്രമാണ് ഇന്ദ്രന്‍സേട്ടന്‍ പോകുന്ന ഭാഗത്തേക്ക് ക്യാമറ തിരിക്കാന്‍ പറ്റുകയുള്ളു.

സെറ്റില്‍ വന്നപ്പോള്‍ എല്ലാവരെയും സാര്‍ എന്നായിരുന്നു അദ്ദേഹം വിളിക്കുക. എന്റെ അടുത്തേക്കും സാര്‍ എന്ന് വിളിച്ച് വരുമായിരുന്നു. അദ്ദേഹത്തെ പോലൊരു വ്യക്തി നമ്മളെ സാര്‍ എന്ന് വിളിക്കരുത്. നമുക്ക് തന്നെ നാണക്കേടാണ്.

ഷൂട്ട് കഴിഞ്ഞിട്ടും ഒരു ദിവസം കഴിഞ്ഞാണ് അദ്ദേഹം പോയത്. ഭയങ്കര കാര്യമായിട്ടാണ് ചേട്ടന്‍ നമ്മളോട് സംസാരിക്കുക. മാസത്തില്‍ ഒരിക്കലെങ്കിലും അദ്ദേഹം എന്നെ വിളിക്കാറുണ്ട്. ഞാന്‍ വിചാരിക്കും അലാറം വെച്ചിട്ടാണോ കൃത്യമായിട്ട് വിളിക്കുന്നതെന്ന്. കൃത്യമായി വിളിച്ചിട്ട് നമ്മുടെ വിശേഷങ്ങള്‍ എല്ലാം തിരക്കും.

നമ്മളെ ഫോളോ ചെയ്യുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. ഇന്ദ്രന്‍സേട്ടനെ വിളിച്ച് ബുദ്ധിമുട്ടിക്കേണ്ടെന്ന് വിചാരിച്ചിട്ട് ഞാന്‍ പലപ്പോഴും വിളിക്കില്ല. പക്ഷേ അദ്ദേഹം നമ്മളെ മറക്കാതെ വിളിക്കും.

എന്റെ വീട്ടില്‍ വന്നിട്ടുണ്ട് ഒരു ദിവസം. അവിടെ അടുത്ത് എവിടെയോ പോകുമ്പോള്‍ വന്നതാണ്. അദ്ദേഹത്തിന് ഇഷ്ടമുള്ളവരുമായി ബന്ധം സ്ഥാപിക്കാനും അത് മുന്നോട്ടേക്ക് കൊണ്ടുപോകാനും ഇന്ദ്രന്‍സേട്ടന്‍ ശ്രമിക്കാറുണ്ട്. നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഗുണങ്ങള്‍ നമുക്ക് എല്ലാവര്‍ക്കും അറിയാം ഒരു രക്ഷയുമില്ലാത്തതാണ്. വ്യക്തി എന്ന നിലയിലും വളരെ നല്ല മനുഷ്യനാണ്,” വിപിന്‍ ദാസ് പറഞ്ഞു.

content highlight: director vipin das shares the experience with actor Indrans

We use cookies to give you the best possible experience. Learn more