| Monday, 2nd January 2023, 11:47 pm

അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഗുരുവായൂരമ്പല നടയില്‍ ഇഷ്ടപെടും; വിവാദങ്ങളില്‍ പ്രതികരണവുമായി വിപിന്‍ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ സിനിമ കാണുമ്പോള്‍ മാറുമെന്ന് സംവിധായകന്‍ വിപിന്‍ ദാസ്. ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപെടുമെന്നും വിപിന്‍ ദാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഗുരുവായൂപ്പന്റെ ഭക്തര്‍ക്കും, ഒരിക്കലെങ്കിലും ഗുരുവായൂര്‍ അമ്പലത്തില്‍ പോയവര്‍ക്കും അമ്പലവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കും ഈ സിനിമ തീര്‍ച്ചയായും ഇഷ്ടപെടും. നഖക്ഷതങ്ങള്‍, നന്ദനം തുടങ്ങിയ സിനിമകളില്‍ കണ്ടത് പോലെ ഗുരുവായൂരിന്റെ പശ്ചാത്തലത്തില്‍ ഉള്ള ഒരു സിനിമയാണിത്.

സിനിമയുടെ പോസ്റ്റര്‍ വരുമ്പോള്‍ തന്നെ ഇത്തരം വിമര്‍ശനങ്ങള്‍ വരുന്നത്, അവര്‍ക്ക് നമ്മള്‍ ഏതെങ്കിലും തരത്തില്‍ അമ്പലത്തെയോ മറ്റ് കാര്യങ്ങളെയോ മോശമായി ചിത്രീകരിക്കുമോ എന്ന പേടി കൊണ്ടായിരിക്കാം. അത് സിനിമ കാണുമ്പോള്‍ മാറും എന്ന് പ്രതീക്ഷിക്കുന്നു,’ വിപിന്‍ ദാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടതിന് പിന്നാലെ ഗുരുവായൂരപ്പന്റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ചു കൂട്ടാനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത സ്വന്തം വാരിയംകുന്നനെ ഒന്നോര്‍ത്താല്‍ മതി എന്നാണ് തീവ്ര ഹിന്ദുത്വ നേതാവ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥിരാജിനെതിരെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് വിശ്വ ഹിന്ദു പരിഷത്ത് പ്രതികരിച്ചത്. പൃഥിരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വ്യക്തിയുമായി വിശ്വഹിന്ദു പരിഷത്തിന് ബന്ധമില്ലെന്ന് സംഘടന അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.എച്ച്.പിയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് പോസ്റ്റിട്ടതെന്നും വി.എച്ച്.പി നേതാക്കള്‍ പറഞ്ഞു.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ദീപു പ്രദീപാണ് ഗുരുവായൂരമ്പല നടയിലിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും പൃഥ്വിരാജും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

Content Highlight: Director Vipin Das says that the criticisms against the film Guruvayurambala Nadayl will change after watching the film

We use cookies to give you the best possible experience. Learn more