ജയ ജയ ജയ ജയഹേ കണ്ട പലരും ആ ഒരു കാര്യം പറഞ്ഞത് എനിക്ക് വളരെ വിഷമമുണ്ടാക്കി: വിപിന്‍ ദാസ്
Entertainment
ജയ ജയ ജയ ജയഹേ കണ്ട പലരും ആ ഒരു കാര്യം പറഞ്ഞത് എനിക്ക് വളരെ വിഷമമുണ്ടാക്കി: വിപിന്‍ ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 9:22 am

2022ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഗാര്‍ഹിക പീഡനത്തിനെതിരെ ശക്തമായി സംസാരിച്ച സിനിമ കൂടിയായിരുന്നു. കോമഡിയുടെ പശ്ചാത്തലത്തില്‍ ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമ കൂടിയായിരുന്നു ഇത്.

എന്നാല്‍ ചിത്രത്തില്‍ കോമഡിക്ക് പ്രാധാന്യം കൂടിപ്പോയതുകൊണ്ട് ജയ എന്ന കഥാപാത്രത്തിന്റെ ഇമോഷണല്‍ ഭാഗം കൂടുതലായി കാണിക്കാന്‍ പോയത് വളരെയധികം വിഷമമുണ്ടാക്കിയെന്ന് സംവിധായകന്‍ വിപിന്‍ ദാസ് പറഞ്ഞു. സിനിമ കണ്ട പലരും ഇക്കാര്യം തന്നോട് പറഞ്ഞപ്പോഴാണ് അതിനെക്കുറിച്ച ചിന്തിച്ചതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വിപിന്‍ ഇക്കാര്യം പറഞ്ഞത്.

‘ഗാര്‍ഹിക പീഡനത്തിനെതിരെ ശക്തമായി പ്രതികരിച്ച സിനിമയാണ് ജയ ഹേ എന്ന പലരും പറയുമെങ്കിലും ഒരു കാര്യത്തില്‍ എനിക്ക് വളരെ വിഷമമുണ്ട്. ജയ എന്ന കഥാപാത്രം കടന്നുപോകുന്ന ട്രോമയെയും ദുരവസ്ഥയെയും കൃത്യമായി പോര്‍ട്രൈ ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കോമഡി എന്ന എലമെന്റിന് പ്രാധാന്യം കൊടുത്തതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

സിനിമ ഇറങ്ങിയ ശേഷം പലരും എന്നോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് ഞാനും അതിനെക്കുറിച്ച് ആലോചിച്ചത്. അതായത്, ഗാര്‍ഹിക പീഡനത്തെപ്പറ്റി സിനിമ ചെയ്യുമ്പോള്‍ ഗാര്‍ഹിക പീഡനത്തിനിരയാവുന്ന സ്ത്രീ കടന്നുപോകുന്ന മോശം അവസ്ഥയായിരുന്നു കോമഡിയെക്കാള്‍ പ്രാധാന്യത്തോടെ ചിത്രീകരിക്കേണ്ടിയിരുന്നത്. ഒരു സംവിധായകന്‍ എന്ന നിലയില്‍ ഈ അഭിപ്രായങ്ങളൊക്കെ കേട്ടപ്പോള്‍ എനിക്ക് ചെറിയ വിഷമമുണ്ടായി.

ഭൂരിഭാഗം ആളുകളും ഈ സിനിമ ഏറ്റെടുത്തു എന്നിരിക്കെ ഡൊമസ്റ്റിക് വയലന്‍സിന് ഇരയാവേണ്ടി വന്ന സ്ത്രീകളോട് ജസ്റ്റിഫൈ ചെയ്യുക എന്ന കാര്യത്തില്‍ ചെറിയ രീതിയില്‍ പരാജയപ്പെട്ടു,’ വിപിന്‍ ദാസ് പറഞ്ഞു.

Content Highlight: Director Vipin Das about the suggestion he heard after the release of Jaya Jaya Jaya Jaya He