സംവിധാനം ചെയ്തതില്‍ വെച്ച് ഏറ്റവും ബുദ്ധിമുട്ടിയ സിനിമ ഗുരുവായൂരമ്പലനടയില്‍ തന്നെയായിരുന്നെന്ന് പറയുകയാണ് സംവിധായകന്‍ വിപിന്‍ ദാസ്. കണ്ടന്റ് ഇല്ലാത്തതിന്റെ എല്ലാ പരിമിതികളും ആ സിനിമയിലുണ്ടെന്നും ഡെപ്തുള്ള കഥയോ കഥാപാത്രമോ ഒന്നും ഇല്ലല്ലോയെന്നും വിപിന്‍ പറഞ്ഞു. മാതൃഭൂമിന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ചെയ്ത സിനിമയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സിനിമ ഇത് തന്നെയായിരുന്നു. കണ്ടന്റ് ഇല്ലാത്തതിന്റെ എല്ലാ പരിമിതികളും ആ സിനിമയിലുണ്ട്. ഡെപ്ത്തുള്ള കഥയോ കഥാപാത്രമോ ഒന്നും ഇല്ല. ആളുകളെ പിടിച്ചിരുത്തുക എന്ന ഒറ്റ ലക്ഷ്യം മാത്രമേയുണ്ടായിരുന്നു. അതിന് വേണ്ടി എന്തൊക്കെയോ നമ്മള്‍ കാണിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ വര്‍ക്കായി,’ വിപിന്‍ പറഞ്ഞു.
ലോജിക്ക് മാറ്റി വെച്ചിട്ടേ തിയേറ്ററിലേക്ക് വരാവൂവെന്ന് പറഞ്ഞത് ഒരു മുന്‍കൂര്‍ ജാമ്യമായിരുന്നോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത് തന്നെയാണെന്നായിരുന്നു വിപിന്റെ മറുപടി.
‘ ആ കാര്യത്തില്‍ എനിക്ക് ഓഡിയന്‍സിനോട് പ്രത്യേക നന്ദി പറയാനുണ്ട്. ജയ ജയ ജയ ജയഹേയായിട്ട് കംപയര്‍ ചെയ്യരുതെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ആ പറഞ്ഞത് അക്ഷരംപ്രതി പാലിച്ച്, ലോജിക്കും ബുദ്ധിയും തിയേറ്ററിന് പുറത്തുവെച്ച് അകത്ത് കയറി വരണമെങ്കില്‍ അവര്‍ നല്ല ആളുകളായിരിക്കണം. അത് ആളുകള്‍ ചെയ്തിട്ടുണ്ട്.
സിനിമ കാണാന്‍ ചിലപ്പോള്‍ ചില ബാഗേജുമായി നമ്മള്‍ വരും. പൃഥ്വിരാജ്, ബേസില്‍, യോഗി ബാബു, നിഖില, അനശ്വര തുടങ്ങി ഇത്രയും വലിയ സ്റ്റാര്‍ കാസ്റ്റ് എന്നൊക്കെ പറയുമ്പോള്‍ ഉണ്ടാകുന്ന കുറേ ബാഗേജുണ്ട്. അതൊക്കെ ഒഴിവാക്കി വന്നാല്‍ നന്നാവുമെന്ന് തോന്നിയിരുന്നു. അങ്ങനെ തന്നെയാണ് എല്ലാവരും വന്നത്,’ വിപിന്‍ പറഞ്ഞു.
ക്ലൈമാക്‌സിലെ ലോജിക്കില്ലായ്മയെ കുറിച്ചുള്ള വിമര്‍ശനത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിന് കോമഡി സിനിമകള്‍ ചെയ്യുമ്പോള്‍ 100 കോമഡി എറിയുമ്പോള്‍ 70 എണ്ണമേ വര്‍ക്കാവുള്ളൂവെന്നും 30 എണ്ണവും ചീറ്റിപ്പോവുമെന്നുമായിരുന്നു വിപിന്റെ മറുപടി. അത്തരത്തില്‍ ചീറ്റിപ്പോയ 30 എണ്ണം സെക്കന്റ് ഹാഹില്‍ ആണെന്നും വിപിന്‍ പറഞ്ഞു.
നമ്മള്‍ പ്രതീക്ഷിക്കാത്ത സീനിലൊക്കെ ആളുകള്‍ ഭയങ്കരമായി ചിരിച്ചിട്ടുണ്ട്. എന്നാല്‍ ഡിലീറ്റ് ചെയ്യാമെന്ന് വിചാരിച്ച ചില സീനിലൊക്കെ ആളുകള്‍ ചിരിക്കുകയും ചെയ്തു. ആളുകള്‍ ഭയങ്കരമായി എന്‍ജോയ് ചെയ്യുമെന്ന് വിചാരിച്ച ചില സീനുകള്‍ താഴെപ്പോയിട്ടുമുണ്ട്. ജഡ്ജ് ചെയ്യാന്‍ പറ്റാത്തതുകൊണ്ട് മാക്‌സിമം ഫില്‍ ചെയ്തിട്ടിരുന്നു.
ജോമോന്റെ കോമഡിയൊക്കെ യങ് സ്റ്റേഴ്‌സ് ഭയങ്കരമായി എന്‍ജോയ് ചെയ്തു. ആ പിക്ക് അപ്പ് ലൈന്‍സൊക്കെ. എന്നാല്‍ കുറച്ച് പ്രായമായവര്‍ക്ക് അത് വര്‍ക്കായിട്ടില്ല. രണ്ട് ജനറേഷനെ കെയര്‍ ചെയ്ത് കൊണ്ടുപോകുമ്പോള്‍ ചിലത് ചിലര്‍ക്ക് ഇഷ്ടമാകും. ചിലത് ഇഷ്ടമാകില്ല. രണ്ട് കൂട്ടര്‍ക്കും ഇഷ്ടപ്പെടാത്ത ഏരിയയും ഈ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. കോമഡി ഉള്‍പ്പെടുത്താനേ നമുക്ക് പറ്റൂ. ചിരിക്കേണ്ടത് നാട്ടുകാരാണ്. ചിരിച്ചില്ലെങ്കില്‍ പാളി എന്ന് തന്നെയാണ് അര്‍ത്ഥം. അത്തരത്തില്‍ പാളിയ സീനുകളുമുണ്ട്,’ വിപിന്‍ പറഞ്ഞു.
Content Highlight: Director Vipin Das about Guruvayoorambalanadayil Movie