ന്യൂദല്‍ഹി: വസ്തുതകളുടെ അടിസ്ഥാനത്തില്‍ ‘ഗുജറാത്ത് ഫയല്‍സ്’ എന്ന പേരില്‍ സിനിമ ചെയ്യാന്‍ തയ്യാറെന്ന് സംവിധായകന്‍ വിനോദ് കാപ്രി. എന്നാല്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് തരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഗുജറാത്ത് ഫയല്‍സ് എന്ന പേരില്‍ ഒരു ചിത്രം നിര്‍മിക്കാന്‍ ഞാന്‍ തയ്യാറാണ്. സത്യങ്ങളെല്ലാം വിശദീകരിച്ച് അതില്‍ നിങ്ങളുടെ പങ്കും ഞാന്‍ പരാമര്‍ശിക്കാം. ആ ചിത്രത്തിന്റെ റിലീസ് തടയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് തരുമോ?’ എന്നാണ് വിനോദ് കാപ്രി ട്വീറ്റ് ചെയ്തത്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്മീര്‍ ഫയല്‍’സ് എന്ന ചിത്രം വിവാദമായിരിക്കുന്നതിനിടയിലാണ് വിനോദ് കാപ്രിയുടെ ട്വീറ്റ്.
ഇദ്ദേഹത്തിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 2014 ല്‍ ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍ കൂടിയാണ് വിനോദ് കാപ്രി.
അതേസമയം ഒരു വശത്ത് ദി കശ്മീര്‍ ഫയല്‍സ് ചിത്രത്തിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററില്‍ കാണികള്‍ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്മീരി പണ്ഡിറ്റുകളുടെ കഥയാണ് കശ്മീര്‍ ഫയല്‍സ് പറയാന്‍ ശ്രമിച്ചിരിക്കുന്നത്.
ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡിലെ വലിയ ഹിറ്റുകളില്‍ ഒന്നായ, ആമിര്‍ ഖാന്‍ നായകനായ ദംഗലിനെ എട്ടാം ദിന കളക്ഷനില്‍ ചിത്രം മറികടന്നു. ദംഗലിന്റെ എട്ടാംദിന കളക്ഷന്‍ 18.59 കോടി ആയിരുന്നെങ്കില്‍ കശ്മീര്‍ ഫയല്‍സ് ഇതേ ദിനത്തില്‍ നേടിയത് 19.15 കോടിയാണ്.
ചിത്രത്തിന് പിന്തുണയുമായി നരേന്ദ്ര മോദിയും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും രംഗത്തെത്തിയിരുന്നു.
അതേസമയം ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വിമര്‍ശനമുന്നയിച്ചു. എഴുത്തുകാരന്‍ അശോക് സ്വയ്ന്‍, നടി സ്വര ഭാസ്‌കര്‍ തുടങ്ങി ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയവരും നിരവധിയാണ്.
Content Highlight: Director Vinod Capri says he is ready to make a film titled Gujarat Files