തന്റെ സേഫ് സോണില്‍ നിന്ന് മാറി ആക്ഷന്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ഉടനെ ഇല്ലെങ്കിലും ഉറപ്പായും അങ്ങനെയുള്ള സിനിമകള്‍ ചെയ്യുമെന്നും ‘ഐ ആം വിത്ത് ധന്യ വര്‍മ’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
‘എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്. എന്റെ സിനിമകള്‍ പ്രത്യേക വിഭാഗത്തില്‍ മാത്രമാണ് ഒതുങ്ങി നില്‍ക്കുന്നത്. ഞാന്‍ ഇപ്പോഴും അതേ രീതിയില്‍ തന്നെയാണ് പോകുന്നത്. ആ സ്പേസില്‍ നിന്നും ഇടക്കെങ്കിലും ഒന്ന് മാറ്റിപ്പിടിക്കണം. പുതിയ പുതിയ സിനിമകള്‍ ചെയ്യാനുള്ള ആഗ്രഹം എനിക്കുണ്ട്. ഞാനൊരു ഹൊറര്‍ സിനിമ ഇതുവരെ ചെയ്തിട്ടില്ല. അതുപോലെ തന്നെ ഒരു ആക്ഷന്‍ സിനിമയും ഇതുവരെ ചെയ്തിട്ടില്ല.
എനിക്ക് പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ പക്ഷെ ഹാപ്പി ആയിട്ട് ജീവിക്കാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള സിനിമകള്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. പക്ഷേ എന്നെങ്കിലും മറുകണ്ടം ചാടാന്‍ തോന്നിയാല്‍ ഉറപ്പായും ഞാന്‍ ചാടും.
ചെറിയ ഐഡിയാസ് ഒക്കെ കയ്യിലുണ്ട്. എനിക്ക് ഏതെങ്കിലും കാലത്ത് നല്ലൊരു ആക്ഷന്‍ പടം ചെയ്യണമെന്നുണ്ട്. പക്ഷേ അതൊന്നും ഞാന്‍ ഇപ്പോള്‍ ചെയ്യില്ല. എനിക്ക് ആ ഒരു ഹരം കിട്ടുന്ന സമയത്ത് മാത്രമേ ചെയ്യുകയുള്ളു. ഭാവിയിലേക്കുള്ള കുറേ പദ്ധതികള്‍ ഉള്ളിലുണ്ട്. പതിയെ അതൊക്കെ ചെയ്യും,’ വിനീത് പറഞ്ഞു.
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, തിര, ഹൃദയം എന്നിവയാണ് വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍. വിനീതിന്റെ തിര മാത്രമാണ് വ്യത്യസ്തമായ ഴോണറിലുള്ള ചിത്രം.
അഭിനവ് സുന്ദറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മുകുന്ദനുണ്ണി അസോസിയേറ്റ്സാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. വിനീതിന് പുറമേ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ് തുടങ്ങിയവരും സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാണ്. തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.