മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍-ശ്രീനിവാസന്റേത്. ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറവിയെടുത്തിട്ടുണ്ട്.
ഇപ്പോള്‍ 3 പേരുടെയും അടുത്ത തലമുറ, മക്കള്‍ ഒരുമിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘ഹൃദയം’ അണിയറയില്‍ ഒരുങ്ങുകയാണ്.
സിനിമയുടെ വിശേഷങ്ങളും പ്രണവുമായുള്ള സൗഹൃദവുമൊക്കെ പങ്കുവെയ്ക്കുകയാണ് ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍. ഫ്ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകനും നടനും നിര്‍മാതാവും ഗായകനുമായ വിനീത് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ആളുകള്‍ക്ക് ഇഷ്ടമുള്ള ഒരു നടനെ വെച്ചാണ് ഹൃദയം ചെയ്യാന്‍ വിചാരിച്ചിരുന്നതെന്നും പ്രണവിന്റെ സിനിമകള്‍ കാണാന്‍ ആളുകള്‍ക്ക് ഇഷ്ടവും ആകാംക്ഷയും ഉണ്ടെന്നും വിനീത് പറയുന്നു. ”പ്രണവിന്റെ 2 സിനിമകള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളൂ. അധികം സിനിമകള്‍ ചെയ്തിട്ടില്ലായെന്ന ഇഷ്ടവും ഒരു ആകാംക്ഷയും ആളുകള്‍ക്ക് പ്രണവിലുണ്ട്.”
പ്രണവിനെ കുട്ടിക്കാലത്ത് പരിചയമുണ്ടായിരുന്നെങ്കിലും ഹൃദയത്തിന്റെ സെറ്റില്‍ വെച്ചാണ് കൂടുതല്‍ പരിചയപ്പെടുന്നതെന്നും വിനീത് പറഞ്ഞു.
”പ്രണവിനെ കുട്ടിക്കാലത്ത് ചില ഫങ്ഷനുകളിലൊക്കെ വെച്ച് കണ്ടിട്ടുണ്ടെന്നല്ലാതെ എനിക്കങ്ങനെ വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ശരിക്കും പരിചയപ്പെട്ട് സുഹൃത്തുക്കളാവുന്നത് ഹൃദയമെന്ന സിനിമയുമായി ബന്ധപ്പെട്ടാണ്,” താരം കൂട്ടിച്ചേര്‍ത്തു.
ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന മുഖമുള്ള ഒരാളാകണം സിനിമയില്‍ വേണ്ടതെന്ന നിര്‍ബന്ധമാണ് കല്യാണിയെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് വിനീത് പറഞ്ഞിരുന്നു.
2019ല്‍ ഞാന്‍ കാണുന്ന സമയത്ത് കല്യാണി മലയാള സിനിമകളൊന്നും ചെയ്തിട്ടില്ല. കല്യാണിയുടെ ഒരു തെലുങ്ക് സിനിമയും മറ്റൊരു സിനിമയിലെ പാട്ടുകളുമേ ഞാന്‍ കണ്ടിട്ടുള്ളു. മലയാളികള്‍ക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന ഒരു മുഖമുണ്ട് കല്യാണിക്ക്,’ വിനിത് ശ്രീനിവാസന്‍ പറഞ്ഞു.
ഹൃദയം സിനിമയുടെ ക്യാരക്ടര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. സംഗീതത്തിന് വലിയ പ്രാധാന്യമുള്ള ചിത്രമായിരിക്കും ഹൃദയമെന്നും ചിത്രത്തില്‍ പതിനഞ്ച് പാട്ടുകളുണ്ടെന്നും വിനീത് നേരത്തെ പറഞ്ഞിരുന്നു. ഹേഷാം അബ്ദുള്‍ വഹാബാണ് ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.
നാല്‍പ്പത് വര്‍ഷത്തിന് ശേഷം മെറിലാന്റ് നിര്‍മ്മാണ കമ്പനിയുടെ ബാനറില്‍ വിശാഖാണ് ഹൃദയം നിര്‍മ്മിക്കുന്നത്. ലൗ ആക്ഷന്‍ ഡ്രാമയുടെ കോ പ്രൊഡ്യൂസറായിരുന്നു വിശാഖ്. ഹെലനിലെ നായകനായ നോബിള്‍ തോമസും സഹ നിര്‍മ്മാതാവാണ്.