| Thursday, 24th February 2022, 4:08 pm

കല്യാണിയുടെ ഹ്യൂമര്‍ സെന്‍സ് അപാരമായിരുന്നു; ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന ഒരു മുഖം വേണമെന്ന നിര്‍ബന്ധമാണ് കല്യാണിയില്‍ എത്തിച്ചത്: വിനീത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീതിന്റെ ഹൃദയത്തില്‍ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചവരായിരുന്നു ഓരോ താരങ്ങളും. പ്രണവും ദര്‍ശനയും കല്യാണിയും മത്സരിച്ച് അഭിനയിക്കുകയാണോ എന്ന് പലപ്പോഴും പ്രേക്ഷകര്‍ക്ക് തോന്നിയിരുന്നു, പ്രത്യേകിച്ചും മൂന്നു പേരും ഒന്നിക്കുന്ന രംഗങ്ങളില്‍. ഇതിനൊപ്പം തന്നെ നേരത്തെ പരിചയമുള്ള കുറച്ചാളുകള്‍ ഒന്നിച്ചു ചേരുമ്പോഴുള്ള ഒരു പ്രത്യേക വൈബും സിനിമയ്ക്ക് മുതല്‍കൂട്ടായിരുന്നു.

സിനിമയിലേക്ക് ഓരോ കഥാപാത്രങ്ങളേയും സസൂക്ഷ്മമാണ് വിനീത് തെരഞ്ഞെടുത്തത്. നായക കഥാപാത്രത്തെ അവതരിപ്പിച്ച പ്രണവ് മുതല്‍ നായികമാരായി ദര്‍ശനയേയും നിത്യയേയും തെരഞ്ഞെടുത്തതില്‍ പോലും വിനീതിന് ചില കണക്കുകൂട്ടലുകളുണ്ടായിരുന്നു.

ഹൃദയത്തില്‍ നിത്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയെ തേടി തനിക്ക് ഒരുപാടൊന്നും നടക്കേണ്ടി വന്നിരുന്നില്ലെന്ന് പറയുകയാണ് വിനീത്.

ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന ഒരു മുഖം വേണം നിത്യയെ അവതരിപ്പിക്കാന്‍ എന്ന നിര്‍ബന്ധമാണ് തന്നെ കല്യാണിയില്‍ എത്തിച്ചതെന്നും വിനീത് പറയുന്നു.

ഹൃദയത്തില്‍ കല്യാണിയുടെ കഥാപാത്രത്തിന്റേതായുള്ള ഹ്യൂമര്‍ ഡയലോഗുകളൊക്കെ വളരെ രസകരമായിട്ടാണ് കല്യാണി അവതരിപ്പിച്ചതെന്നും വിനീത് പറയുന്നു.

കല്യാണി പ്രിയനങ്കിളിന്റെ മകള്‍ തന്നെ എന്ന് ഉറപ്പിക്കുന്ന രീതിയിലായിരുന്നു പ്രകടനം. ആദ്യത്തെ ഒന്നുരണ്ട് ഷോട്ട് കഴിഞ്ഞപ്പോള്‍ തന്നെ അക്കാര്യം എനിക്ക് ബോധ്യമായി. മിക്ക സീനുകളിലും അത്രയ്ക്ക് മികച്ച രീതിയിലാണ് കല്യാണി ഹ്യൂമര്‍ ചെയ്തത്. ആ സമയത്ത് ഇംപ്രൊവൈസ് ചെയ്ത പല രംഗങ്ങളുമുണ്ട്. പ്രത്യേകിച്ച് പ്രണവും കല്യാണിയും തമ്മിലുള്ള രംഗങ്ങളില്‍.

കല്യാണിയുടെ ചില തമിഴ്, തെലുങ്ക് സിനിമകള്‍ കാണുമ്പോള്‍ സ്‌ക്രീനില്‍ വല്ലാത്തൊരു തിളക്കം കൊണ്ടുവരാന്‍ കഴിവുള്ള നടിയാണെന്ന് തോന്നിയിട്ടുണ്ട്. കല്യാണിയോട് കഥ പറയാന്‍ പോകുന്നത് തന്നെ അങ്ങനെയാണ്.

കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ കല്യാണിയുടെ മുഖത്തുള്ള എക്‌സ്പ്രഷന്‍ നോക്കിയാല്‍ നമുക്ക് മനസിലാകും ആ സീന്‍ വര്‍ക്കാകുമോയെന്ന് അത്രയ്ക്കും എക്‌സ്പ്രസീവാണ് അവര്‍, വിനീത് പറയുന്നു.

പ്രണവിന്റെ ഷൂട്ട് ചെയ്യുമ്പോള്‍ പലപ്പോഴും താന്‍ ലാലേട്ടനെയാണ് കണ്ടതെന്നും വിനീത് പറയുന്നു. പ്രണവിന്റെ കണ്ണുകളിലുണ്ടാകുന്ന തിളക്കവും അദ്ദേഹത്തിന്റെ ചിരിയുമെല്ലാം താന്‍ ശ്രദ്ധിച്ചിരുന്നെന്നും അരുണായി മാറാന്‍ പ്രണവിന് എളുപ്പത്തില്‍ സാധിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും വിനീത് പറഞ്ഞു.

ഹൃദയം എഴുതുന്ന സമയത്ത് ഒരുപാട് നടന്മാര്‍ മനസിലൂടെ കടന്നുപോയിരുന്നെങ്കിലും പ്രണവിനെ കിട്ടിയിരുന്നെങ്കില്‍ നന്നായേനെയെന്ന് ഒരു ഘട്ടത്തില്‍ മനസില്‍ തോന്നുകയായിരുന്നു. പിന്നെ നമ്മുടെ കഥാപാത്രത്തിന് ആ ആളുടെ തന്നെ സ്വഭാവ സവിശേഷതകള്‍ ഉണ്ടെങ്കില്‍ കുറേക്കൂടി കാര്യങ്ങള്‍ എളുപ്പമാകുമെന്നും വിനീത് പറയുന്നു.

Content Highlight: Director Vineeth Sreenivasan about kalyani Priyadarshan

Latest Stories

We use cookies to give you the best possible experience. Learn more