| Friday, 10th June 2022, 2:33 pm

ആദ്യ ദിവസത്തെ ഷൂട്ടില്‍ ബേസില്‍ വെള്ളം കുടിപ്പിച്ചു; ഒന്നുകില്‍ ഡയലോഗ് മറക്കും, അല്ലെങ്കില്‍ മറ്റെന്തെങ്കിലും; പറ്റിക്കലാണെന്ന് പിന്നെയാണ് മനസിലായത്: വിനീത് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ്, ബേസില്‍ ജോസഫ് ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡിയര്‍ ഫ്രണ്ട്’. അയാള്‍ ഞാനല്ല’ എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ജൂണ്‍ 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.

ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിന് ശേഷം ബേസില്‍ നടനായി എത്തുന്ന ചിത്രം കൂടിയാണ് ഡിയര്‍ ഫ്രണ്ട്. ബേസില്‍ എന്ന സംവിധായകനെ ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വിനീത് കുമാര്‍. ആദ്യ ദിവസത്തെ ഷൂട്ടില്‍ തന്നെ വെള്ളം കുടിപ്പിച്ച ബേസിലിനെ കുറിച്ചാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിനീത് സംസാരിച്ചത്.

ഒരുപാട് താരങ്ങളുള്ള ഈ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ പാടുപെട്ടത് ആരെയായിരുന്നു എന്ന ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.

‘ എന്നെ ആദ്യം പേടിപ്പിച്ച ആക്ടര്‍ ബേസില്‍ ആയിരുന്നു. കാരണം ബേസില്‍ ഒരു സംവിധായകനാണ്. അപ്പോള്‍ ഫസ്റ്റ് ഡേ ഷൂട്ട് ചെയ്യുമ്പോള്‍ ഒരു രംഗത്തില്‍ കൈയില്‍ ഗ്ലാസ് പിടിച്ചിട്ടുണ്ടായിരുന്നു. അടുത്ത് ടേക്ക് ആയപ്പോഴേക്ക് പുള്ളി ഒന്നുകില്‍ ഗ്ലാസ് മറക്കും, അല്ലെങ്കില്‍ ഡയലോഗ് മറക്കും.

ഇങ്ങനെ വന്ന് കണ്‍ഫ്യൂഷന്‍ ആയപ്പോള്‍ ഞാന്‍ ഒന്ന് പേടിച്ചു. പക്ഷേ അത് ബേസിലിന്റെ ആദ്യത്തെ ദിവസത്തെ പറ്റിക്കലായിരുന്നു. പിന്നെയാണ് എനിക്കത് മനസിലായത്. പുള്ളി ക്യാരക്ടറിലേക്ക് വന്നപ്പോള്‍, എന്താണ് പടത്തിന്റെ ഒരു പേസ് എന്ന് കിട്ടിയ ശേഷം എന്നെ സര്‍പ്രൈസ് ചെയ്യിച്ചതും ബേസിലാണ്.

എഡിറ്റൊക്കെ കണ്ട ശേഷം ഞാന്‍ പറയുകയും ചെയ്തു. അത്ര ജനുവിനായിട്ട് ആ ക്യാരക്ടറിനെ ബേസില്‍ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യം എന്നെ കണ്‍ഫ്യൂസ് ചെയ്യിപ്പിച്ചു എന്നേയുള്ളൂ. ആരുടെ കാര്യത്തിലും ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

പിന്നെ അര്‍ജുന്റെ കാര്യം പറയുകയാണെങ്കില്‍ അവന്‍ എഴുത്തിലും കൂടി ഉള്ളതുകൊണ്ട് ഒരു സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മിക്കവാറും ഡയലോഗ് മറക്കും. അതിന് കാരണം എന്താണെന്നാല്‍ അവന്‍ തന്നെ എഴുതിയതും അവന്‍ കൂടെ ഉണ്ടായിരുന്നതുമാണ് എന്നതുകൊണ്ടാണ്. അവന്‍ ഡയലോഗ് പറയുമ്പോള്‍ അവന്‍ അടുത്തയാളുടെ ഡയലോഗ് കൂടി ചിലപ്പോള്‍ ഓര്‍ക്കും. അങ്ങനെയുള്ള ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. പിന്നെ എല്ലാവരും പ്രൊഫഷണല്‍സാണല്ലോ,’ വിനീത് പറഞ്ഞു.

മിന്നല്‍ മുരളിയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിച്ചെത്തുന്ന സിനിമയെന്ന പ്രത്യേകതയും ഡിയര്‍ ഫ്രണ്ടിനുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും, ഹാപ്പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും ബാനറില്‍ ആഷിഖ് ഉസ്മാന്‍, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സൗഹൃദത്തിന്റെ എല്ലാ ചേരുവകളും അടങ്ങിയ ചിത്രമാണ് ഡിയര്‍ ഫ്രണ്ട്.

Content Highlight: Director Vineeth Kumar About Basil joseph and Dear friend Movie

We use cookies to give you the best possible experience. Learn more