| Tuesday, 22nd November 2022, 2:13 pm

ഇതൊന്നും വലിച്ചാല്‍ ഒരു തേങ്ങയും വരില്ല, സിനിമയില്‍ മാത്രമല്ല ലഹരി ഉപയോഗമുള്ളത്: വിനീത് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സിനിമക്ക് അകത്തും പുറത്തും സജീവമായി നടക്കുന്നുണ്ട്. അതേ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. ഐ ആം വിത്ത് ധന്യ വര്‍മ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിനീത്.

ലഹരി ഉപയോഗിക്കുന്നതുവഴി ക്രിയേറ്റിവിറ്റി വളരുമെന്നാണ് ചിലര്‍ ചിന്തിക്കുന്നതെന്നും എന്നാല്‍ അത് തെറ്റായ ധാരണയാണെന്നും വിനീത് പറയുന്നു.

‘കുറേ ആളുകള്‍ വിചാരിക്കുന്നത് ഇത് വലിച്ചാല്‍ ക്രിയേറ്റിവിറ്റി വരുമെന്നാണ്. ഒരു തേങ്ങയും വരില്ല. അതാണ് ശരിക്കും സത്യം. എന്നാല്‍ അതൊന്നും ആളുകള്‍ മനസിലാക്കുന്നില്ല. ഇതിനൊക്കെ അടിമപ്പെട്ടാല്‍ സമയം പോകുന്നത് അറിയില്ല. നമ്മുടെ ജീവിതത്തിന്റെ നല്ലൊരു പങ്കാണ് ലഹരി ഉപയോഗം കൊണ്ട് അവസാനിക്കുന്നത്.

ഒരു മുപ്പത്തഞ്ച് വയസൊക്കെ കഴിയുമ്പോള്‍ ജീവിതം മുഴുവനായി എരിഞ്ഞുതീരും. ഇതൊരു ഗേറ്റ്വേ ട്രാക്കാണ്. ഇത് എവിടെയും നില്‍ക്കില്ല. കുറച്ച് കാലം കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ഈ ഒരു അവസ്ഥ സിനിമ ഇന്‍ഡസ്ട്രിയില്‍ മാത്രല്ല ഉള്ളത്, എല്ലാ സ്ഥലത്തും ഇത് നിലനില്‍ക്കുന്നുണ്ട്.

ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എത്ര പിടിച്ചുവെക്കാന്‍ നോക്കിയാലും ലഹരി നിയന്ത്രിക്കാന്‍ കഴിയില്ല. പട്ടിണിയുള്ള ആളുകളുണ്ട് നമ്മുടെ നാട്ടില്‍. പെട്ടെന്ന് പണം കിട്ടുന്ന പരിപാടി വന്നാല്‍ അവരതിന് പോകും. കാരണം അവരുടെ സാഹചര്യങ്ങള്‍ അതാണ്. ആളുകള്‍ ഉപയോഗം നിര്‍ത്തുക എന്നത് മാത്രമാണ് ഏക പരിഹാരം. അല്ലാതെ ഒരു പരിഹാരവും ഈ കാര്യത്തിലില്ല,’ വിനീത് പറഞ്ഞു.

നവാഗതനായ അഭിനവ് സുന്ദര്‍ സംവിധാനം ചെയ്ത മുകുന്ദനുണ്ണി അസോസിയേറ്റ്സാണ് വിനീത് നായകനായ ഏറ്റവും പുതിയ ചിത്രം. തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളാണ് സിനിമ നേടിയത്.

Content Highlight: Director Vineeth about Drugs Use and Cinema Industry

Latest Stories

We use cookies to give you the best possible experience. Learn more