ബാക്കി എല്ലാവരും മാപ്പ് പറഞ്ഞ് കയറിയപ്പോള്‍ പൃഥ്വിരാജ് അത് ചെയ്തില്ല; താര സംഘടനയുടെ സമരം പൊളിക്കാനായിരുന്നു ആ സിനിമ ചെയ്തത്: വിനയന്‍
Entertainment news
ബാക്കി എല്ലാവരും മാപ്പ് പറഞ്ഞ് കയറിയപ്പോള്‍ പൃഥ്വിരാജ് അത് ചെയ്തില്ല; താര സംഘടനയുടെ സമരം പൊളിക്കാനായിരുന്നു ആ സിനിമ ചെയ്തത്: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st September 2022, 5:35 pm

പൃഥ്വിരാജിന് അമ്മ സംഘടനയില്‍ നിന്നും വിലക്ക് വരാനിടയായ സംഭവത്തെ കുറിച്ച് വിശദീകരിച്ച് സംവിധായകന്‍ വിനയന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയില്‍ അഭിനയിക്കുന്ന താരങ്ങള്‍ കരാറില്‍ ഒപ്പിടണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതിഷേധസൂചകമായി ഷൂട്ടിങ് മുടക്കിക്കൊണ്ട് താരങ്ങളെല്ലാം അമേരിക്കയിലേക്ക് ഷോയ്ക്ക് വേണ്ടി പോയെന്നും ആ സമയത്ത് താന്‍ പൃഥ്വിരാജിനെ വെച്ച് സത്യം സിനിമ ചെയ്‌തെന്നും അത് കാരണമാണ് രാജുവിനെ സിനിമയില്‍ നിന്നും താരസംഘടന വിലക്കിയതെന്നുമാണ് വിനയന്‍ പറയുന്നത്.

”സിനിമയില്‍ അഭിനയിക്കുന്ന താരങ്ങളുടെ കയ്യില്‍ നിന്നും ഒരു എഗ്രിമെന്റ് വേണമെന്ന ആവശ്യം നിര്‍മാതാക്കള്‍ മുന്നോട്ടുവെച്ചു. അതായത് ഒരു ആര്‍ടിസ്റ്റിനെ കോടികള്‍ കൊടുത്ത് ബുക്ക് ചെയ്യുമ്പോള്‍, ഇത്ര കോടി രൂപയാണ് തന്റെ റേറ്റെന്നും അതില്‍ ഇത്ര കോടി അഡ്വാന്‍സ് വാങ്ങുന്നെന്നും ഇത്ര ദിവസത്തെ ഡേറ്റ് ഞാന്‍ കൃത്യമായി കൊടുത്തോളാം എന്നുമൊക്കെ വ്യക്തമാക്കുന്ന ഒരു കരാര്‍ വേണമെന്ന് ഫിലിം ചേംബര്‍ പറഞ്ഞു.

താരങ്ങള്‍ അന്ന് ഈ എഗ്രിമെന്റിന് സമ്മതിച്ചില്ല. നമ്മള്‍ ഒരു മുറുക്കാന്‍ കട തുടങ്ങാന്‍ എഗ്രിമെന്റ് ഉണ്ടാക്കുന്നു, പിന്നെ പത്ത് കോടി രൂപയൊക്കെ കൊടുത്ത് സിനിമ ചെയ്യുമ്പോള്‍ കരാറൊപ്പിടാന്‍ പറ്റില്ല എന്ന് പറയുന്നത് മാടമ്പിത്തരമല്ലേ.

അന്ന് ഈ ഇഷ്യൂ വന്നപ്പോള്‍ കരാര്‍ വേണമെന്നുള്ള അഭിപ്രായമായിരുന്നു എനിക്ക്. പക്ഷെ താരങ്ങളുടെ സംഘടന അത് വേണ്ട എന്ന് പറഞ്ഞു. എന്നാല്‍ പൃഥ്വിരാജ് ഈ കരാര്‍ വേണമെന്ന നിലപാടുകാരനായിരുന്നു. പല കാര്യത്തിലും നിലപാടെടുക്കുന്നത് കാണുമ്പോള്‍ കാര്യം കാണാന്‍ വേണ്ടി വാചകമടിക്കുന്ന ആളല്ല പൃഥ്വിരാജ് എന്നെനിക്ക് തോന്നിയിട്ടുണ്ട്.

എന്നോട് ഫിലിം ചേംബര്‍ പ്രസിഡന്റും സിയാദ് കോക്കറുമൊക്കെ വീട്ടില്‍ വന്ന് അഭിപ്രായം ചോദിച്ചു, ഞാന്‍ കരാറിനെ പിന്തുണച്ചു. മലയാള സിനിമയിലെ കംപ്ലീറ്റ് താരങ്ങളും സമരവുമായി അമേരിക്കക്ക് പോകുകയാണ്. സമരം പ്രഖ്യാപിച്ചിട്ടില്ല, പക്ഷെ ഷോ നടത്താന്‍ എല്ലാവരെയും കൊണ്ടുപോകുന്നു. അപ്പൊ ഇവിടെ ഷൂട്ട് നടക്കില്ല.

വിനയന്‍ വിചാരിച്ചാല്‍ ചിലപ്പൊ ഈ സമയത്ത് ഒരു സിനിമ ചെയ്യാന്‍ പറ്റും എന്ന് അവര്‍ പറഞ്ഞു. അന്ന് ഞാന്‍ ഒരു സിനിമയുടെ പണിപ്പുരയിലായിരുന്നു. ഉടന്‍, മൂന്നാഴ്ചക്കകം അടുത്ത സിനിമ തുടങ്ങണം എന്നാണ് ഇവര്‍ പറഞ്ഞത്.

മലയാള സിനിമയുടെ ഷൂട്ടിങ് നിര്‍ത്തി വെച്ചുകൊണ്ട് ഒരുവിഭാഗം ആളുകള്‍ വെളിയില്‍ പോകുന്നതിനോട് യോജിക്കാനാവില്ല. വിനയന് എന്ത് ചെയ്യാന്‍ പറ്റും എന്നവര്‍ ചോദിച്ചു. ആര്‍ക്കും ഉപയോഗിക്കാവുന്ന ഒരു ഇന്‍സ്ട്രുമെന്റായിരുന്നു അന്ന് ഞാന്‍, പിന്നീടാണ് എനിക്കത് മനസിലായത്.

ഹനുമാനെ പോലെ ഇവര് വന്ന് പൊക്കിയപ്പോള്‍ ഞാനങ്ങ് വീണുപോയി. ഞാനപ്പൊത്തന്നെ പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍, ഈ കാര്യത്തിന് വേണ്ടിയാണെങ്കില്‍ ഞാന്‍ വര്‍ക്ക് ചെയ്യാം കാരണം എഗ്രിമെന്റ് വേണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍ എന്ന് പൃഥ്വിരാജ് പറഞ്ഞു.

അങ്ങനെ ശരിക്കും  പറഞ്ഞാല്‍ താരങ്ങളുടെ ഈ സമരത്തെ പൊളിക്കാന്‍ വേണ്ടി ചെയ്തതാണ് സത്യം എന്ന സിനിമ. സത്യത്തോട് കൂടി ഇവരുടെ സമരം പൊളിഞ്ഞുപോയി. എഗ്രിമെന്റ് ഒപ്പിടാമെന്ന് അവര്‍ സമ്മതിച്ചു. ഇത് മലയാള സിനിമയിലെ ഒരു ചരിത്രമാണ്.

അതുകൊണ്ടാണ് അന്ന് പൃഥ്വിരാജിനെ വിലക്കിയത്. ബാക്കി എല്ലാവരും മാപ്പ് പറഞ്ഞ് കയറിക്കൂടി എന്ന് തോന്നുന്നു. പൃഥ്വിരാജ് കയറിയില്ല, അങ്ങനെയാണ് അന്ന് വിലക്ക് വന്നത്. ആ വിലക്ക് അത്ഭുതദ്വീപിലൂടെ മാറ്റിയതും ഞാനാണ്,” വിനയന്‍ പറഞ്ഞു.

Content Highlight: Director Vinayan talks about the ban on Prithviraj Sukumaran by actors association