Entertainment
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ ഒരു സീന്‍ കഴിഞ്ഞപ്പോള്‍ എല്ലാവരും കയ്യടിച്ചു, എന്നാല്‍ മണി കരഞ്ഞു: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 29, 03:56 am
Wednesday, 29th January 2025, 9:26 am

വിനയന്റെ സംവിധാനത്തില്‍ കലാഭവന്‍ മണി, സായി കുമാര്‍, പ്രവീണ, കാവേരി, വാണി വിശ്വനാഥ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ഈ സിനിമയിലെ അഭിനയത്തിന് കലാഭവന്‍ മണിക്ക് 1999ലെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തില്‍ തോമസ് മുതലാളി വന്നോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന സീന്‍ ഉണ്ടെന്നും അത് നന്നായപ്പോള്‍ എല്ലാവരും കയ്യടിച്ചെന്നും വിനയന്‍ പറയുന്നു.

എന്നാല്‍ കലാഭവന്‍ മണി അപ്പോള്‍ തന്റെ അടുത്ത് വന്ന് കരഞ്ഞെന്നും സന്തോഷം കൊണ്ടായിരിക്കുമെന്ന് താന്‍ കരുതിയെങ്കിലും ബാല്യകാലം ഓര്‍ത്താണ് മണി കരഞ്ഞതെന്നും വിനയന്‍ പറഞ്ഞു. മണി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും പുതിയ ഉടുപ്പ് കിട്ടിയിട്ടില്ലെന്നും അമ്മ വീട്ടുജോലിക്ക് പോയിരുന്ന വീട്ടിലെ കുട്ടിയുടെ ഉടുപ്പായിരുന്നു ഇടുന്നതെന്നും കലാഭവന്‍ മണി പറഞ്ഞിട്ടുണ്ടെന്ന് വിനയന്‍ കൂട്ടിച്ചേര്‍ത്തു. ആ സംഭവം ഓര്‍ത്താണ് അന്ന് കലാഭവന്‍ മണി കരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

‘അന്ധനായ തെരുവ് ഗായകന്‍ രാമു, തോമസ് മുതലാളി വന്നോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന ഒരു സീനുണ്ട് ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയില്‍. തോമസ് മുതലാളി വരുമ്പോള്‍ കൊടുക്കുന്ന പഴയ പൈജാമയും ഉടുപ്പുമായിരുന്നു രാമു സ്ഥിരം ഉപയോഗിച്ചിരുന്നത്.

സീന്‍ അതിഗംഭീരമായപ്പോള്‍ എല്ലാവരും കൈയടിച്ചു. പക്ഷെ മണി എന്റെയടുത്ത് വന്ന് വിതുമ്പിക്കരഞ്ഞു. സന്തോഷം കൊണ്ടായിരിക്കുമെന്ന് ഞാന്‍ കരുതി.

പക്ഷേ തന്റെ ബാല്യകാലം ഓര്‍ത്തായിരുന്നു മണി വിതുമ്പിയത്.

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒരു പുതിയ ഉടുപ്പ് എനിക്കു കിട്ടിയിട്ടില്ല സാര്‍, എന്റെ അമ്മ വീട്ടുവേലക്ക് പോയിരുന്ന കുടുംബത്തിലെ എന്റെ ക്ലാസില്‍ പഠിക്കുന്ന പയ്യന്റെ പഴയ ഉടുപ്പും നിക്കറും എനിക്ക് കൊണ്ടുത്തരുമായിരുന്നു. അത് ഇട്ടുകൊണ്ട് സ്‌കൂളില്‍ ചെല്ലുമ്പോള്‍ ആ പയ്യന്‍ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുമായിരുന്നു. അതുകണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്’, ഈ കഥ മണിയുടെ ആത്മകഥയിലും എഴുതിക്കണ്ടു,’ വിനയന്‍ പറയുന്നു.

Content highlight: Director Vinayan talks  about Kalabhavan Mani and Vasanthiyum Lakshmiyum Pinne Njaanum movie