| Saturday, 4th December 2021, 11:24 pm

'കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ?, ഇന്ദ്രന്‍സ് അന്ന് ചോദിച്ചു; കുറിപ്പുമായി വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രന്‍സ്. കോമഡി കഥാപാത്രങ്ങളില്‍ തുടങ്ങി മികച്ച നടനുള്ള അന്തര്‍ദേശീയ പുരസ്‌ക്കാരമടക്കം ഇന്ദ്രന്‍സ് സ്വന്തമാക്കിയിരുന്നു.

ഇപ്പോളിതാ ഇന്ദ്രന്‍സിനെ കുറിച്ചും അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള അഭിനിവേശത്തെ കുറിച്ചും തുറന്നുപറയുകയാണ് സംവിധായകന്‍ വിനയന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ പത്തൊന്‍പതാം നൂറ്റാണ്ടിലെ കഥാപാത്രമായി ഇന്ദ്രന്‍സ് അഭിനയിക്കുന്നുണ്ട്.

‘കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ?’ അഭിനയത്തോടുള്ള അഭിനിവേശത്തോടെ അന്ന് ഇന്ദ്രന്‍സ് ചോദിച്ചു. ഇന്ന് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയല്‍ അത്തരത്തിലൊരു വേഷത്തില്‍ ഇന്ദ്രന്‍സ് തന്നെ അദ്ഭുതപ്പെടുത്തിയെന്നാണ് വിനയന്‍ പറയുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടിലെ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സ് അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചെന്നും
മലയാളസിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ യശ്ലസ്സുയര്‍ത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നെന്നും വിനയന്‍ പറഞ്ഞു.

എന്റെ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തില്‍ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്. അതിനു ശേഷം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി ചെയ്ത രാമു എന്നകഥാപാത്രത്തിന്റെ സുഹൃത്തായ ഉണ്ണിബാലനെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതു കണ്ടപ്പോള്‍ വളരെ വ്യത്യസ്ഥമായ,സീരിയസ്സായ കഥാപാത്രങ്ങള്‍ ഇന്ദ്രനു ചെയ്യാന്‍ കഴിയുമെന്ന് താന്‍ പറഞ്ഞിരുന്നെന്നും വിനയന്‍ പറയുന്നു.

രാക്ഷസ രാജാവിലെ കൊച്ചു കുട്ടനും, ഊമപ്പെണ്ണിലെ മാധവനും മീരയുടെ ദുഖത്തിലെ ചന്ദ്രനും അത്ഭുതദ്വീപിലെ നേവി ഓഫീസറും ഒക്കെ ആയി എന്റെ പത്തു പതിന്നാലു സിനിമകളില്‍ അഭിനയിച്ച ഇന്ദ്രന്‍സുമായി ഒരു ഇടവേളക്കു ശേഷമാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സഹകരിക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിനയന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,

എന്നെ അതിശയിപ്പിച്ച ഇന്ദ്രന്‍സ്. പത്തൊന്‍പതാം നൂറ്റാണ്ടിലെ അധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇന്ദ്രന്‍സ് അക്ഷരാര്‍ത്ഥത്തില്‍ എന്നെ ഞെട്ടിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തി ആകില്ല. മലയാളസിനിമയിലെ മിടുക്കനായ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ഒരു ചെറുപ്പക്കാരന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്ട്ര വേദികളില്‍ നമ്മുടെ യശ്ലസ്സുയര്‍ത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്ച അഭിമാനത്തോടെ നാം കണ്ടു നിന്നു.

കഴിഞ്ഞ മുപ്പത്തഞ്ചു വര്‍ഷമായി സംശുദ്ധനായ ഈ കലാകാരനെ എനിക്കറിയാം.. എന്റെ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തില്‍ ആരെയും ചിരിപ്പിക്കുന്ന കോമഡി വേഷമായിരുന്നു ഇന്ദ്രന്‍സ് ചെയ്തത്. അതിനു ശേഷം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ കലാഭവന്‍ മണി ചെയ്ത രാമു എന്നകഥാപാത്രത്തിന്റെ സുഹൃത്തായ ഉണ്ണിബാലനെ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നതു കണ്ടപ്പോള്‍ വളരെ വ്യത്യസ്ഥമായ,സീരിയസ്സായ കഥാപാത്രങ്ങള്‍ ഇന്ദ്രനു ചെയ്യാന്‍ കഴിയുമെന്നു ഞാന്‍ പറഞ്ഞിരുന്നു.

എങ്കില്‍ കോമഡി മാത്രം ചെയ്യുന്ന മണിക്കു കൊടുത്ത പോലെ നല്ല കഥാപാത്രം എനിക്കു വേണ്ടി സാര്‍ ഉണ്ടാക്കുമോ എന്നെന്നോടു ചോദിച്ച ഇന്ദ്രന്റെ മുഖത്തു തെളിഞ്ഞ അഭിനയത്തോടുള്ള അഭിനിവേശം ഞാനിപ്പഴും ഓര്‍ക്കുന്നു.. എന്റെ കൂടെ അല്ലങ്കിലും ഇന്ദ്രന്‍സ് ആ സ്വപ്നം സാക്ഷാത്കരിച്ചു.. അഭിനയകലയുടെ നിറുകയില്‍ എത്തി.

രാക്ഷസ രാജാവിലെ കൊച്ചു കുട്ടനും, ഊമപ്പെണ്ണിലെ മാധവനും മീരയുടെ ദുഖത്തിലെ ചന്ദ്രനും അത്ഭുതദ്വീപിലെ നേവി ഓഫീസറും ഒക്കെ ആയി എന്റെ പത്തു പതിന്നാലു സിനിമകളില്‍ അഭിനയിച്ച ഇന്ദ്രന്‍സുമായി ഒരു ഇടവേളക്കു ശേഷമാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ സഹകരിക്കാന്‍ സാധിച്ചത്..

ജാതി വിവേചനത്തിന്റെ ആ പഴയ നാളുകളില്‍ പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന അധസ്ഥിരില്‍ ഒരാളായി ഇന്ദ്രന്‍സ് ജീവിക്കുന്നതു കണ്ടപ്പോള്‍  ഷൂട്ടിംങ്ങ് ആണന്നുള്ള കാര്യം പോലും മറന്ന് ചുറ്റും നിന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കണ്ണു നിറഞ്ഞു.

വലിയ ക്യാന്‍വാസില്‍ ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ഈ ചരിത്ര സിനിമയില്‍ മണ്ണിന്റെ മണമുള്ള ജീവിതഗന്ധിയായ കഥയും കഥാ പാത്രങ്ങളുമാണ് ഉള്ളത്.. അക്കാര്യത്തില്‍ ഒട്ടും കോംപ്രമൈസ് ചെയ്തിട്ടില്ല ഞങ്ങള്‍.ഇന്ദ്രന്‍സിനെ പോലുള്ള അഭിനേതാക്കള്‍ ആ ഉദ്യമത്തിനെ ഏറെ സഹായിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Director Vinayan talks about actor Indrans and his new movie 
We use cookies to give you the best possible experience. Learn more