| Friday, 16th September 2022, 5:24 pm

മണിയുടെ മരണം വല്ലാതെ തളര്‍ത്തി, രാത്രിയൊക്കെ ഉണര്‍ന്ന് കരയുമായിരുന്നു: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലാഭവന്‍ മണിയുടെ മരണം തന്നെ ആകെ തളര്‍ത്തിക്കളഞ്ഞിരുന്നുവെന്ന് സംവിധായകന്‍ വിനയന്‍. തന്റെ ഒരുപാട് സിനിമകളില്‍ വേഷമിട്ട മണിയുടെ മരണ വാര്‍ത്ത അറിഞ്ഞ ശേഷം രാത്രികളില്‍ ഉണര്‍ന്നിരുന്നു കരഞ്ഞിരുന്നുവെന്നും അദ്ദേഹം ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

”മണിയുടെ മരണം എന്നെ വളരെ തളര്‍ത്തിയ സംഭവമാണ്. ഞാന്‍ രാത്രിയൊക്കെ ഉണര്‍ന്ന് കരയാറുണ്ടായിരുന്നു. എനിക്ക് അത് വല്ലാത്ത ഫീലാണ് ഉണ്ടാക്കിയത്. അവന്‍ എന്നോട് വളരെ അടുത്ത് നിന്ന കലാകാരനാണ്. എന്റെ അനുജനെ പോലെ ഞാന്‍ കണ്ടിരുന്ന വ്യക്തിയാണ് മണി. മണിയെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് സല്ലാപം സിനിമ കഴിഞ്ഞിട്ടാണ്.

സിനിമ കണ്ടു ചെത്തുകാരന്റെ റോള്‍ അസ്സലായിട്ടുണ്ടെന്ന് ഞാന്‍ മണിയോട് പറഞ്ഞിരുന്നു. ആ സമയം കല്ല്യാണ സൗഗന്ധികത്തിന്റെ ഡിസ്‌കഷന്‍ നടക്കുകയാണ്. അതില്‍ നല്ലൊരു കോമഡി ക്യാരക്ടര്‍ ഉണ്ടായിരുന്നു. ആ റോള്‍ മണി ചെയ്യുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.

മണി അത് അസാധ്യമായി ചെയ്യുകയും ചെയ്തു. ദിവ്യാ ഉണ്ണി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നതും ദിലീപ് ആദ്യമായി സോളോ ഹീറോയായി എത്തിയതും കല്ല്യാണ സൗഗന്ധികത്തിലായിരുന്നു. അതിന് ശേഷം ഞങ്ങള്‍ നല്ല സൗഹൃദത്തിലായി.

പിന്നെ എന്റെ രാക്ഷസ രാജാവില്‍ മണി പക്കാ വില്ലന്‍ കഥാപാത്രത്തെ അഭിനയിച്ചു, ആ സിനിമ ഞാന്‍ വിക്രത്തിന് അയച്ചു കൊടുത്തിട്ട് അസാധ്യ നടനാണെന്നും മിമിക്രി ഒക്കെ അഭിനയിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് ജെമിനിയിലെ മിമിക്രി കാണിക്കുന്ന വില്ലന്‍ ആയിട്ട് മണി തമിഴില്‍ എത്തുന്നത്. പിന്നീടങ്ങോട്ട് മണി തെലുങ്കിലും തമിഴിലും മാറി മാറിയുള്ള കറക്കമായിരുന്നു.

മണിയെ എന്റെ സ്വന്തം അനിയനെ പോലെ ചേര്‍ത്തു പിടിച്ചത് കൊണ്ടാണ് കരുമാടി കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളില്‍ കൊണ്ട് വന്നത്. കലാഭവന്‍ മണിക്ക് കണ്ണ് പൊട്ടനായി അഭിനയിക്കാന്‍ അറിയുന്നത് കൊണ്ടും മിമിക്രി അറിയാവുന്നത് കൊണ്ടുമൊക്കെയാണ് ആ സിനിമ വിജയിച്ചതെന്ന് ആരൊക്കെയോ പറഞ്ഞു.

പക്ഷേ കരുമാടികുട്ടന്‍ അതിന്റേയും മുകളില്‍ നിന്ന സിനിമയാണ്. അങ്ങനെ എന്റെ ഒത്തിരി സിനിമകളില്‍ മണി വേഷമിട്ടിരുന്നു. പിന്നെ സംഭവിച്ചത് എല്ലാവരെയും ജീവിതത്തില്‍ നടക്കുന്ന പോലെ മണി മദ്യത്തില്‍ വീണു പോയതാണ്,” വിനയന്‍ പറഞ്ഞു.

Content Highlight: Director Vinayan said that the death of Kalabhavan Mani had left him completely exhausted

We use cookies to give you the best possible experience. Learn more