തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മൗനം വെടിഞ്ഞ് രാഷ്ട്രീയ, സാംസ്‌കാരിക മേഖല ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് സംവിധായകന്‍ ടി.ജി. വിനയന്‍.
സംസ്ഥാന ഗവണ്‍മെന്റിനോ ഏതെങ്കിലും പാര്‍ട്ടിക്കോ ഒറ്റക്കുതീര്‍ക്കാവുന്നതിന് അപ്പുറത്തേക്ക് മുല്ലപ്പെരിയാര്‍ പ്രശ്‌നം മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതീവ സെന്‍സിറ്റീവ് വിഷയമായതിനാല്‍ തന്നെ ആരെയും കുറ്റപ്പെടുത്താനില്ല. പക്ഷേ രാത്രിയില്‍ വെള്ളം തുറന്നു വിട്ട് ഡാമിന്റെ താഴ്‌വാരത്തില്‍ താമസിക്കുന്ന ജനതയെ ഉറങ്ങാന്‍ സമ്മതിക്കാതെ ഭയചകിതരാക്കുന്ന ഏര്‍പ്പാട് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ സാംസ്‌കാരിക നേതാക്കളും, രാഷ്ട്രീയ നേതാക്കളും, സമുദായ നേതാക്കളും ഒരുമിച്ച് ഇന്ത്യ ആകെ ശ്രദ്ധിക്കുന്ന രീതിയില്‍ പ്രതികരിച്ചാലേ ഈ മരണക്കെണിയില്‍ നിന്ന് നമുക്ക് രക്ഷെപ്പെടാനാകു എന്നതാണു സത്യമെന്നും അദ്ദേഹം പറഞ്ഞു.
‘മുല്ലപ്പെരിയാര്‍ ഡാമിന്റെ താഴ്‌വാരത്ത് താമസിക്കുന്ന ജനങ്ങള്‍ രാത്രിയില്‍ ഞങ്ങള്‍ക്കുറങ്ങാന്‍ കഴിയുന്നില്ലാ, ഭീതികൊണ്ട് കുഞ്ഞുങ്ങളേം കൈയ്യിലെടുത്ത് ഉറക്കമിളച്ചിരിക്കുന്ന ഞങ്ങള്‍ക്ക് ജോലിക്കു പോലും പോകാന്‍ കഴിയുന്നില്ല എന്ന് നിസ്സഹായരായി ചാനലുകളിലൂടെ പറയുന്നത് നമ്മള്‍ എത്രയോ ദിവസങ്ങളായി കേള്‍ക്കുന്നു.
പുതിയ സാഹചര്യം അതീവ ഗുരുതരമാണ്. നമ്മുടെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളെല്ലാം നിരന്തരം മഴപെയ്യുന്ന മഴക്കാടുകളായി മാറിയിരിക്കുന്നു. ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കാതെ ഇനിയും നിസ്സാരവല്‍ക്കരിച്ചു പോകുന്നത് ആത്മഹത്യാപരമാണ്,’ വിനയന്‍ പറഞ്ഞു.
മുന്‍പുള്ള ഭരണാധികാരികളെ അപേക്ഷിച്ച് തമിഴ്‌നാട് മുഖ്യമന്തി എം.കെ. സ്റ്റാലിന്‍ മുല്ലപ്പെരിയാറിന്റെ അപകടസാധ്യത മനസ്സിലാക്കിയിട്ടുണ്ടങ്കിലും തമിഴ്‌നാട്ടിലെ ശക്തമായ രാഷ്ട്രീയ ലോബിയും ഉദ്യോഗസ്ഥ ലോബിയും ഈ കാര്യത്തില്‍ ഒരു രീതിയിലും ഒരു വിട്ടു വീഴ്ച ചെയ്യാന്‍ തയ്യാറുള്ളവരല്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാറിലെ കൂടുതല്‍ ഷട്ടറുകള്‍ കഴിഞ്ഞ ദിവസം തമിഴ്‌നാട് ഉയര്‍ത്തിയിരുന്നു. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ അധികമായാണ് ഉയര്‍ത്തിയത.
ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ കരകളില്‍ താമസിക്കുന്നവരുടെ വീട്ടില്‍ വെള്ളം കയറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൂടിയാണ് വിനയന്റെ പ്രതികരണം.
മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ രാത്രിയില്‍ തുറക്കുന്ന തമിഴ്നാടിന്റെ രീതി അംഗീകരിക്കാനാകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും പ്രതികരിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Director Vinayan said that everyone should respond together on the Mullaperiyar issue