| Wednesday, 27th June 2018, 11:55 am

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം ചിലരുടെ വാശി; നേതൃത്വം കാണിച്ചത് മണ്ടത്തരമെന്ന് സംവിധായകന്‍ വിനയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടായ മണ്ടത്തരമാണെന്ന് ചലച്ചിത്ര സംവിധായകന്‍ വിനയന്‍. രാജിവച്ച നടിമാര്‍ക്ക് പ്രതികരിക്കാനുള്ള അവകാശമുണ്ടെന്നും, അമ്മയുടെ ഭാഗത്തു നിന്നും കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും വിനയന്‍ മാധ്യമങ്ങളോടു പറഞ്ഞു.

തീരുമാനം കൊണ്ട് ദിലീപിനു ഗുണമൊന്നും ഉണ്ടായിട്ടില്ലെന്നും, നേതൃത്വത്തിലുള്ള ചിലരുടെ വാശി കാരണം മാത്രമാണ് തിരിച്ചെടുക്കാനുള്ള തീരുമാനമുണ്ടായതെന്നും വിനയന്‍ ആരോപിച്ചു. “ഈ വിഷയമുണ്ടായപ്പോള്‍ ബഹളം വച്ച് ഇളിഭ്യരായ ചില നേതാക്കളുടെ വാശി മാത്രമാണിത്. ഞങ്ങള്‍ ഇങ്ങനെ ചെയ്യും എന്ന വാശിയുടെ പുറത്തുണ്ടായ തീരുമാനമാണിത്.” വിനയന്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ശക്തമായി പ്രതികരിച്ച ചെറുപ്പക്കാരായ നടന്മാര്‍ എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു. സ്വന്തം അവസരങ്ങള്‍ ത്യജിച്ചുകൊണ്ട് അഭിപ്രായം തുറന്നു പറയാനുള്ള ധൈര്യം കാണിക്കാന്‍ ആരും തയ്യാറാവില്ല. സംഘടനയ്ക്ക് തെറ്റു പറ്റി എന്ന ബോധ്യമുണ്ടെങ്കില്‍ തിരുത്താന്‍ എത്രയോ വഴികളുണ്ട്. ആക്രമണത്തിനിരയായ കുട്ടിയോട് മാപ്പു പറയാമല്ലോ. സിനിമയില്‍ അതിഭാവുകത്വമുള്ള നായകന്മാരായി അഭിനയിക്കുന്നവര്‍ നാട്ടിലും മാന്യന്മാരാവണമെന്നും വിനയന്‍ പറയുന്നു.


Also Read: അമ്മയില്‍ കൂട്ടരാജി; കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല


പ്രശ്‌നം കൂടുതല്‍ വഷളാക്കുകയാണ് സംഘടന ചെയ്യുന്നതെന്ന് വിനയന്‍ ആരോപിച്ചു. നടന്നത് വലിയ ബുദ്ധിമോശമാണെന്നും കേരളത്തിലെ പ്രബുദ്ധരായ ജനം ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“നേതൃത്വത്തിലുള്ള ഒന്നോ രണ്ടോ പേരുടെ നിര്‍ബന്ധം മാത്രമാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനം. അവരുടെ പേര് ഞാന്‍ എടുത്തു പറയുന്നില്ല.” മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഇടപെട്ട് ഈ തെറ്റു തിരുത്തണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more