അന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ, അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതും ഞാന്‍ കണ്ടു: വിനയന്‍
Entertainment news
അന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ, അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതും ഞാന്‍ കണ്ടു: വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th February 2023, 11:24 pm

അന്തരിച്ച സിനിമ നടന്‍ കലാഭവന്‍ മണിയോടൊപ്പമുളള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ വിനയന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കു വെച്ചത്.

വളരെ വേഗം കരയുകയും, ചെറിയ കാര്യങ്ങള്‍ക്ക് പോലും സന്തോഷിക്കുകയും ചെയുന്ന വ്യക്തിയായിരുന്നു മണിയെന്നും, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിക്കുമെന്ന് നടന്‍ ഉറച്ചു വിശ്വസിച്ചിരുന്നെന്നും, പിന്നീട് അവാര്‍ഡ് ലഭിച്ചില്ലെന്നറിഞ്ഞ് നടന്റെ ബോധം പോയെന്നും അദ്ദേഹം പറഞ്ഞു.

‘ഈ ജീവിതയാത്രയിലെ ഓര്‍മ്മച്ചിന്തുകള്‍ കുത്തിക്കുറിക്കുന്ന ജോലി ഞാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ സിനിമയുടെ തിരക്കഥാ രചനയുടെ ഇടവേളകളില്‍ കുറച്ചു സമയം ആ എഴുത്തുകള്‍ക്കായി മാറ്റിവയ്ക്കാറുണ്ട്. അതില്‍ നിന്നും ചില വരികള്‍ ഇങ്ങനെ fb യില്‍ പങ്കുവെക്കാനും ആഗ്രഹിക്കുന്നു.

കലാഭവന്‍ മണിയെപ്പറ്റി എഴുതുന്നതിനിടയില്‍ ഇന്നെന്റെ കണ്ണ് നിറഞ്ഞു പോയി എന്നതാണു സത്യം. ചെറുപ്പത്തില്‍ താനനുഭവിച്ച ദുരിതങ്ങളേക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചും പറയുമ്പോള്‍ വളരെ വേഗം പൊട്ടിക്കരയുകയും. ചെറിയ സന്തോഷങ്ങളില്‍ അതിലും വേഗം പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന നിഷ്‌കളങ്കനായ ഒരു കലാകാരനായിരുന്നു മണി.

ആ മണി 2000ലെ നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ തനിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡു മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോള്‍ ബോധം കെട്ടു വീണതിന്റെ സത്യമായ കാരണം എന്താണ്.. ആ പാവം ചെറുപ്പക്കാരനെ അവിടം വരെ കൊണ്ടെത്തിച്ചതിന്റെ യഥാര്‍ത്ഥ ചരിത്രം എന്താണ് എന്നൊന്നും ആരും അന്നന്വേഷിച്ചില്ല..

ചിലരൊക്കെ അതു തമാശയാക്കി എടുത്തു. ചിലരൊക്കെ മണിയെ കളിയാക്കി. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ഒരു കൊച്ചു സിനിമ കേരളത്തില്‍ സുപ്പര്‍ഹിറ്റായി ഓടിയപ്പോള്‍ മണിക്ക് അവാര്‍ഡ് ലഭിക്കും എന്നൊക്കെ അയാളെ സ്‌നേഹിക്കുന്നവര്‍ പറഞ്ഞിരുന്നു എന്നത് സത്യമാണ്. പക്ഷേ നമ്മുടെ സിനിമകളൊന്നും അവാര്‍ഡിലേക്കു പരിഗണിക്കുമെന്ന് ചിന്തിക്കുകയേ വേണ്ട. നമ്മളാ ജെനുസില്‍ പ്പെട്ടവരല്ല എന്ന് മണിയോട് എപ്പോഴും തമാശ രുപത്തില്‍ ഞാന്‍ പറയുമായിരുന്നു.

പിന്നെ അത്ഭുതമായി എന്തെങ്കിലും സംഭവിപ്പിക്കാന്‍ ആ കമ്മിറ്റിയില്‍ ആരെങ്കിലും ഉണ്ടായാല്‍ അതു ഭാഗ്യം എന്നും ഞാന്‍ പറഞ്ഞിരുന്നു. മണിയുടെ തന്നെ കരുമാടിക്കുട്ടനും, പക്രുവിന്റെ അത്ഭുതദ്വീപിനും ഒക്കെ ഇത്തരം രസകരമായ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതില്‍ വിലപിക്കാനും പരിഭവിക്കാനും ഒന്നും ഞാന്‍ പോയിട്ടുമില്ല. കാരണം നമ്മളാ ജെനുസ്സില്‍പ്പെട്ട ആളല്ലല്ലോ?

2000 ലെ ദേശീയ അവാര്‍ഡ് സമയത്ത് ചാലക്കുടിയില്‍ പടക്കം പൊട്ടീരും സദ്യ ഒരുക്കലും ഒക്കെ നടക്കുന്നതറിഞ്ഞ് ഫൈനല്‍ അനൗണ്‍സ്‌മെന്റ് വരാതെ അതൊന്നും വേണ്ട എന്ന് ഫോണിലൂടെ നിര്‍ബ്ബന്ധപൂര്‍വ്വം ഞാന്‍ മണിയോടു പറഞ്ഞെങ്കിലും എന്റെ അവാര്‍ഡ് ഉറപ്പാ സാറേ, എന്നോടു പറഞ്ഞവര്‍ വെളിയിലുളളവര്‍ അല്ലല്ലോ. അതു സത്യമാ സാറെ, സാറൊന്ന് ചിരിക്ക് എന്നൊക്കെ ആവേശത്തോടെയും സന്തോഷത്തോടെയും ഉറക്കെച്ചിരിച്ച് കൊണ്ട് പറഞ്ഞ മണിയോട് പിന്നെയൊന്നും പറയാനെനിക്കായില്ല.

പക്ഷേ എന്റെ മനസ്സ് പറഞ്ഞപോലെ തന്നെ മണിക്ക് അവാര്‍ഡ് കിട്ടിയില്ല. ആശ്വാസ അവാര്‍ഡ് പോലെ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും. ഏറ്റവും നല്ല ഗായകനുള്ള ദേശീയ അവാര്‍ഡും ആ സിനിമയ്ക്ക് തന്നു..

ആ അവാര്‍ഡു പ്രഖ്യാപനം  കഴിഞ്ഞ് തലേന്ന് എത്രമാത്രം സന്തോഷത്തോടെ മണി ചിരിച്ചോ അതിന്റെ നൂറിരട്ടി വേദനയോടെ കരയുന്നതു കണ്ടപ്പോള്‍ ഞാനും വല്ലാതെ പതറിപ്പോയി. എന്നെ കെട്ടിപ്പിടിച്ച് മണി പറഞ്ഞ വാക്കുകളും ആ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രവും ഒക്കെ എന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പിന്നീട് നിങ്ങള്‍ക്കു വായിക്കാം,’ വിനയന്‍ കുറിച്ചു.

Content Highlight: Director Vinayan remembering Kalabavan Mani