| Thursday, 5th August 2021, 3:32 pm

പ്രശ്നങ്ങളെല്ലാം തീരട്ടെ; 'ഈശോ' എന്ന പേരു മാറ്റാന്‍ തയ്യാറാണെന്ന് നാദിര്‍ഷ പറഞ്ഞതായി വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. നാദിര്‍ഷ ഈശോ എന്ന പേര് മാറ്റാന്‍ തയ്യാറാണെന്ന് വിനയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇതുസംബന്ധിച്ച് നാദിര്‍ഷയോട് സംസാരിച്ചതിന് ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്നും വിനയന്‍ പറഞ്ഞു.

‘വിവാദങ്ങള്‍ ഒഴിവാക്കുക. നാദിര്‍ഷാ ‘ഇശോ’ എന്ന പേരു മാറ്റാന്‍ തയ്യാറാണ്. ‘ഈശോ’ എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ?ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു,’ വിനയന്‍ പറഞ്ഞു.

ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം തനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി താന്‍ പങ്കുവെച്ചതായും വിനയന്‍ കുറിപ്പില്‍ പറഞ്ഞു.

‘2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ പേര് ‘രാക്ഷസരാമന്‍’ എന്നാണ് ആദ്യം ഇട്ടിരുന്നത്.

പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്.

പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്. സമൂഹത്തിലെ ഏതെങ്കിലും ഒരുവിഭാഗം അവന്റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’ വിനയന്‍ പറഞ്ഞു.

ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതുമാറ്റിക്കൂടേ എന്ന് നാദര്‍ഷയോട് ചോദിച്ചപ്പോള്‍ അതിന് തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുതന്നതായി വിനയന്‍ പറഞ്ഞു.

‘ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പുതരുന്നു. പേരു മാറ്റാം. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. പുതിയ പേരിനായി നമുക്കു കാത്തിരിക്കാം. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ,’ വിനയന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നുമാണ് നാദിര്‍ഷ പറഞ്ഞത്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും. കേശു ഈ വീടിന്റെ നാഥനില്‍ ദിലീപും ഈശോയില്‍ ജയസൂര്യയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Director Vinayan reacts to the controversy surrounding the name of the film directed by Nadirsha

Latest Stories

We use cookies to give you the best possible experience. Learn more