Movie Day
ഇത്തരം നെറികേടിനെയാണ് പിതൃശൂന്യത എന്നു വിളിക്കുന്നത്, താങ്കള്‍ ആ പേരിന് അര്‍ഹനാണ്; പത്തൊന്‍പതാം നൂറ്റാണ്ട് ഫ്‌ളോപ്പാണെന്ന് പ്രചരിപ്പിക്കുന്ന വ്യാജ പേജിനെതിരെ വിനയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 21, 07:12 am
Wednesday, 21st September 2022, 12:42 pm

തിരുവനന്തപുരം: തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍.

പൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്ന പേരിലുള്ള വ്യാജ പ്രൊഫൈലില്‍ നിന്നും വന്ന പോസ്റ്റിനെതിരെയാണ് വിനയന്‍ രംഗത്തെത്തിയത്. ഓണം റിലീസായി ഇറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് ഫ്‌ളോപ്പാണെന്നായിരുന്നു പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി വിനയന്‍ രംഗത്തെത്തിയത്.

‘ രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുന്നുറിലധികം തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊമ്പതാം നുറ്റാണ്ട് ഫ്‌ളോപ്പ് ആണെന്ന് പ്രചരിപ്പിക്കുന്നു.

ഇങ്ങനൊരു എഫ്.ബി പേജ് പ്രൊഡ്യൂസേഴ്‌സിനില്ല. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് പറഞ്ഞത്.

ഏതായാലും നല്ലൊരു സിനിമയെ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ. അയാളോടായി പറയുകയാണ്. ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത്. താങ്കള്‍ ആ പേരിന് അര്‍ഹനാണ്.

നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി. നിങ്ങളുടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം,’ വിനയന്‍ പറഞ്ഞു.

ഓണം റിലീസായി ഇറങ്ങിയ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വ്യാജ പ്രൊഫൈലില്‍ നിന്നുള്ള പോസ്റ്റ്.

പാല്‍തു ജാന്‍വര്‍ ആവറേജ് പടമാണെന്നും പത്തൊമ്പതാം നൂറ്റാണ്ട് ഫ്‌ളോപ്പാണെന്നും ഒരു തെക്കന്‍ തല്ലു കേസ്, ഒറ്റ് തുടങ്ങിയ പോയി ഡിസാസ്റ്റര്‍ ആണെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.

Content Highlight: Director Vinayan criticise a fake vews on pathomnpatham noottand