| Saturday, 17th July 2021, 2:44 pm

പുതുമുഖങ്ങളായിരുന്ന പൃഥ്വിയ്ക്കും ജയസൂര്യയ്ക്കുമൊപ്പം ഹിറ്റ് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്; മറ്റെല്ലാ താരങ്ങളെക്കാളും തിളങ്ങാന്‍ സിജു വില്‍സണ് സാധിക്കും: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവിതാംകൂര്‍ ചരിത്രം പറയുന്ന പുതിയ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സിജു വില്‍സണാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ സിജു വില്‍സണെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ വിനയന്‍. എന്റര്‍ടൈന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നത്തെ സൂപ്പര്‍ ഹിറ്റ് താരങ്ങളായ നിരവധി താരങ്ങള്‍ കരിയറിന്റെ തുടക്ക കാലത്ത് തന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരെക്കാളുമൊക്കെ മികച്ചതാവാന്‍ സിജുവിന് സാധിക്കുമെന്നാണ് വിനയന്‍ പറഞ്ഞത്.

ആറാട്ടുപുഴ വേലായുധ പണിക്കാരായി അഭിനയിക്കാന്‍ എന്തുകൊണ്ടാണ് സിജു വില്‍സണെ തന്നെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സിജുവില്‍സണുമായി സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന് സിനിമയോടുള്ള പാഷന്‍ എനിക്ക് മനസിലായി. ആയോധന കലകള്‍ മുതല്‍ കുതിരയെ ഓടിക്കാന്‍ പഠിക്കുന്നതിന് വരെ അദ്ദേഹം സിനിമയ്ക്ക് വേണ്ടി എന്ത് കഠിനാധ്വാനവും എടുക്കാന്‍ തയ്യാറായിരുന്നു. അദ്ദേഹം സിനിമയ്ക്കായി എന്നെ സമീപിച്ചതുമുതല്‍ അദ്ദേഹത്തിന് സിനിമയോടുണ്ടായിരുന്ന താത്പര്യവും ആവേശവും ഞാന്‍ കണ്ടതാണ്.

നിങ്ങള്‍ പറഞ്ഞതു പോലെ ഞാന്‍ നിരവധി പുതുമുഖങ്ങളുടെ കൂടെ മുമ്പ് സിനിമ ചെയ്തിട്ടുണ്ട്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന സിനിമ ചെയ്യുമ്പോള്‍ ജയസൂര്യ പുതുമുഖമായിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ എന്റെ കൂടെ ‘സത്യം’ സിനിമ ചെയ്യുമ്പോള്‍ 22 വയസ്സ് മാത്രമാണ് പ്രായം. ആ ചിത്രം ഇപ്പോഴും മലയാള സിനിമയിലെ മികച്ച ആക്ഷന്‍ ചിത്രങ്ങളിലൊന്നാണ്.

എന്റെ കൂടെ പ്രവര്‍ത്തിച്ച മറ്റു ഏത് പുതുമുഖ നടന്മാരേക്കാളും മികച്ച ഭാവി സിജു വില്‍സണ് ഉണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്,’ വിനയന്‍ പറഞ്ഞു.

പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന ചിത്രം അടുത്ത ബാഹുബലിയാകുമെന്നും വിനയന്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളുടെയും ചിത്രീകരണം കൊവിഡിന് മുമ്പേ പൂര്‍ത്തിയാക്കാനായെന്നും ക്ലൈമാക്സ് രംഗങ്ങള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളതെന്നും വിനയന്‍ പറഞ്ഞു.

കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. ചെമ്പന്‍ വിനോദാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല തുടങ്ങി ഒട്ടേറെ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷാജികുമാറാണ് ക്യാമറ ചെയ്യുന്നത്. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പട്ടണം റഷീദാണ് മേക്കപ്പ് ചെയ്യുന്നത്. ധന്യാ ബാലകൃഷ്ണനാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Vinayan compares Siju wilson and other actors worked with him

We use cookies to give you the best possible experience. Learn more