കൊച്ചി: മലയാള സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ ഏറ്റെടുത്ത വാര്‍ത്തയായിരുന്നു മോഹന്‍ലാലും സംവിധായകന്‍ വിനയനും ഒന്നിക്കുമെന്നത്. ഇരുവരും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിച്ചെന്നും ഇരുവരും ഒരു വലിയ സിനിമയ്ക്കായി ഒന്നിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
വിനയന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷമായിരിക്കും ഈ ചിത്രം തുടങ്ങുകയെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിരിക്കുകയാണ് വിനയന്‍. ‘കഥ ഒത്തു വന്നിട്ടില്ല.. വലിയൊരു സിനിമ ചെയ്യണമെന്നാണ് ആഗ്രഹം.. കഥ റെഡിയായാല്‍ ഉടന്‍ കാണും.’ എന്നാണ് വിനയന്‍ പറഞ്ഞിരിക്കുന്നത്.
നേരത്തെ ബാറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞതെന്ന് വിനയന്‍ പറഞ്ഞിരുന്നു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം, നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നിവയാണ് മോഹന്‍ലാലിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.
സിജു വില്‍സനാണ് പത്തൊന്‍പതാം നുറ്റാണ്ടില്‍ നായകനാവുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് അവസാനിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തിരുവിതാംകൂറിലെ ഇതിഹാസ തുല്യനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് ചിത്രം പറയുന്നത്.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുദേവ് നായര്‍, ദീപ്തി സതി, സെന്തില്‍ കൃഷ്ണ, സുരേഷ് കൃഷ്ണ, മണികണ്ഠന്‍ ആര്‍. ആചാരി, രാഘവന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പൂനം ബജ്‌വ ഇന്ദ്രന്‍സ്, അലന്‍സിയര്‍, ശ്രീജിത്ത് രവി, കയാദു തുടങ്ങി നീണ്ടതാരനിരയാണ് ചിത്രത്തിലുള്ളത്.
വിനയന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ-ഷാജി കുമാര്‍, സംഗീതം-എം.ജയചന്ദ്രന്‍. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
When does a movie with Mohanlal start ?; Director Vinayan answers a fan question