സിജു വില്‍സണെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ആറാട്ടുപുഴ വേലായുധ പണിക്കര്‍ എന്ന നവോത്ഥാന നായകനായി സിജു വില്‍സണ്‍ ഗംഭീരമായാണ് സ്‌ക്രീനില്‍ പകര്‍ന്നാടിയിരിക്കുന്നത്. അതോടൊപ്പം തന്നെ തെന്നിന്ത്യന്‍ നടിയായ കയാദു ലോഹറിന്റെ നങ്ങേലിയായുള്ള പ്രകടനവും ഏറെ മികച്ചു നില്‍ക്കുന്നതാണ്.
നങ്ങേലി എന്ന കഥാപാത്രം കയാദുവിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍. നങ്ങേലിയുടെ കഥാപാത്രത്തിന് ചില സവിശേഷതകള്‍ ഉണ്ടെന്നും മലയാള സിനിമയിലെ പല താരങ്ങളേയും ആ കഥാപത്രത്തിനായി സമീപിച്ചിരുന്നുവെന്നും വിനയന്‍ പറയുന്നു.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മാറ് മുറിച്ച് ആത്മഹൂതി ചെയ്യുന്നയാളാണ് നങ്ങേലി. ഇക്കാര്യം കേട്ടപ്പോള്‍ പലരും ഞെട്ടി പിന്മാറുകയായിരുന്നുന്നു. ആ കഥാപാത്രത്തെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഉദ്ദേശിക്കുന്നത് പോലെ നന്നാവുമായിരുന്നില്ലെന്നും വിനയന്‍ പറഞ്ഞു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ കഥ കേട്ട ശേഷം നങ്ങേലിയുടെ കഥാപാത്രം താന്‍ തന്നെ ചെയ്യുമെന്ന് പറയുകയായിരുന്നു കയാദുവെന്നും വിനയന്‍ റിപ്പോര്‍ട്ടര്‍ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘ഞാന്‍ ചെയ്യാം, നങ്ങേലിയെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞാന്‍ പഠിച്ചു കഴിഞ്ഞു’എന്നാണ് കയാദു പറഞ്ഞത്. ഇങ്ങനെ പറയുന്നവര്‍ക്ക് കൈ കൊടുക്കുക എന്നതാണ്. ‘ഞാനിത് ചെയ്തിരിക്കുമെന്ന്’ കയാദു എന്നോട് പറഞ്ഞു. അതാണ് കൈ കൊടുക്കാന്‍ കാരണം’,വിനയന്‍ പ്രതികരിച്ചു.
‘നങ്ങേലി എന്ന് പറഞ്ഞാല്‍ വയലേലകളില്‍ പണി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ശരീര പ്രകൃതിയുള്ള ആളാണ്, എന്നാല്‍ സുന്ദരിയാണ്, ഒരു തന്റേടമൊക്കെ വേണം. ഇവിടെ പല പെണ്‍കുട്ടികളും ശരീര പ്രകൃതിയില്‍ ചെറുതാണ്. ചിലരെ സമീപിച്ചപ്പോള്‍ അവര്‍ക്കൊക്കെ ഞെട്ടല്‍ ആയിരുന്നു, മാറ് മുറിച്ച് ആത്മഹൂതി ചെയ്യുകയെന്ന് പറയുമ്പോള്‍ ഞെട്ടി നിന്നവരുണ്ട്. ഞാന്‍ നിര്‍ബന്ധിച്ച് സമ്മതിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ ഇത്രയും ഭംഗിയായി ചെയ്യാന്‍ കഴിയില്ല, വിനയന്‍ പറഞ്ഞു.
മാറുമറയ്ക്കുന്നതും മുലക്കരവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കായി നടന്ന സമരങ്ങളിലെ മുന്നണി പോരാളിയായിരുന്നു നങ്ങേലി. ആയോധ കലകള്‍ വശമുള്ള ശക്തമായ സ്തീ കഥാപാത്രത്തെ മനോഹരമായാണ് കയാദു അവതരിപ്പിച്ചിരിക്കുന്നത്.
മുഗ്ലിപേറ്റേ, ഐ പ്രേം യു തുടങ്ങിയ സിനിമകളില്‍ കയാദു അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടെ മികച്ച രീതിയിലാണ് കയാദു ചെയ്തിരിക്കുന്നത്. കന്നഡയില്‍ സജീവമായ കയാദുവിന്റെ ആദ്യ മലയാളം സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്.
Content Highlight: Director Vinayan about the malayalam actress he approached for nangelis Character