|

'ബാഹുബലി'യില്‍ പോലും ഒരു സൂപ്പര്‍സ്റ്റാറിനെ ആയിരുന്നില്ല നായകനാക്കിയത്; 19ാം നൂറ്റാണ്ട് എന്തുകൊണ്ട് സൂപ്പര്‍സ്റ്റാറിനെ വെച്ചെടുത്തില്ലെന്ന് ചോദിക്കുന്നവരോട് വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിനായി ഇത്രയും പണം മുടക്കുമ്പോള്‍ നായകന്‍ ഒരു സൂപ്പര്‍സ്റ്റാര്‍ വേണ്ടിയിരുന്നില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിനയന്‍.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ‘ബാഹുബലി’യില്‍ പോലും സൂപ്പര്‍സ്റ്റാര്‍ ആയിരുന്നില്ല നായകന്‍ എന്നും
പ്രഭാസ് എന്ന നടന്‍ ആ ചിത്രത്തിനു ശേഷമാണ് സൂപ്പര്‍സ്റ്റാര്‍ ആയതെന്നുമാണ് വിനയന്‍ പറയുന്നത്.

താരമൂല്യത്തിന്റെ പേരില്‍ മുന്‍കൂര്‍ ചില ലിമിറ്റഡ് ബിസിനസ്സ് നടക്കുമെന്നല്ലാതെ സിനിമ അത്യാകര്‍ഷകം ആയാലേ വമ്പന്‍ ബിസിനസ്സും പേരും ലഭിക്കൂവെന്നും വിനയന്‍ പറയുന്നു.

ആക്ഷന് മുന്‍തൂക്കമുള്ള ഒരു വലിയ ചരിത്ര സിനിമ എന്നതിലുപരി മനസ്സില്‍ തട്ടുന്ന കഥയും മുഹുര്‍ത്തങ്ങളുമുള്ള ഒരു ചലച്ചിത്രം കൂടി ആയിരിക്കും പത്തൊന്‍പതാം നൂറ്റാണ്ടെന്നും വിനയന്‍ പറഞ്ഞു.

പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്റെ ജീവിതത്തിലൂടെ പോകുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഓറിയന്റട് ഫിലിം ആണ്. തെന്നിന്ത്യയിലെ പ്രഗത്ഭരായ സംഘട്ടന സംവിധായകര്‍ പങ്കെടുക്കുന്നുണ്ട്.

ആയിരക്കണക്കിനു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വമ്പന്‍ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും ഒക്കെ പങ്കെടുക്കുന്ന പത്തൊന്‍പതാം നൂറ്റാണ്ട് ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണ്.

പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാളസിനിമ ഇത്രയൊന്നും സാങ്കേതികമായി വളര്‍ന്നിട്ടില്ലാത്ത കാലത്ത് എന്റെ മനസ്സില്‍ തോന്നിയ ഒരു ഫാന്റസി സ്റ്റോറി മുന്നൂറോളം പൊക്കം കുറഞ്ഞ കുഞ്ഞന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ട് ‘അത്ഭുതദ്വീപ്’ എന്ന ചലച്ചിത്രമാക്കിയത് നിങ്ങള്‍ക്കറിയാം.

ഒത്തിരി പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വലിയ ക്യാന്‍വാസില്‍ തന്നെ കഴിയുന്നത്ര സാങ്കേതികത്തികവോടെ 2005ല്‍ റിലീസു ചെയ്ത ആ ചിത്രം ഇപ്പോഴും ഇന്നത്തെ യുവത്വം ചര്‍ച്ച ചെയ്യുന്നു എന്നത് എനിക്കേറെ പ്രചോദനം നല്‍കുന്ന ഒന്നാണ്.

അതിനേക്കാള്‍ എത്രയോ… എത്രയോ.. ഇരട്ടി ഭംഗിയായി സാങ്കേതിക തികവോടെ ഒട്ടനേകം താര സാന്നിദ്ധ്യത്തില്‍ ശ്രീ ഗോകുലം മൂവീസു പോലെ ശക്തമായ ഒരു നിര്‍മ്മാണക്കമ്പനിയുടെ ബാനറില്‍ സ്വപ്നതുല്യമായ ഒരു പ്രോജക്ടായി പത്തൊന്‍പതാം നൂറ്റാണ്ടു പൂര്‍ത്തിയാകുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്, വിനയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Vinayan About pathonpatham Noottand movie