| Friday, 16th July 2021, 5:07 pm

പത്തൊന്‍പതാം നൂറ്റാണ്ട് അടുത്ത ബാഹുബലിയാണെന്ന് പറയാതിരിക്കാനാവില്ല; ഫസ്റ്റ് കട്ടില്‍ ഞാന്‍ പ്രതീക്ഷിച്ചതിനേക്കാളും ഗംഭീരമായിട്ടുണ്ട്: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പുതിയ ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ടിനെ കുറിച്ചുള്ള പ്രതീക്ഷകളും ഷൂട്ടിംഗ് വിശേഷങ്ങളും പങ്കുവെച്ച് സംവിധായകന്‍ വിനയന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന ചിത്രം അടുത്ത ബാഹുബലിയാകുമെന്ന് വിനയന്‍ പറഞ്ഞു.

ചിത്രത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളുടെയും ചിത്രീകരണം കൊവിഡിന് മുന്‍പേ പൂര്‍ത്തിയാക്കാനായെന്നും ക്ലൈമാക്‌സ് രംഗങ്ങള്‍ മാത്രമാണ് ഇനി ചിത്രീകരിക്കാനുള്ളതെന്നും വിനയന്‍ എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ് കട്ട് കഴിഞ്ഞുവെന്നും അതില്‍ തന്റെ പ്രതീക്ഷയേക്കാള്‍ ഉയര്‍ന്ന ഔട്ട്പുട്ടാണ് ലഭിച്ചതെന്നുമാണ് വിനയന്‍ പറയുന്നത്.

‘പത്തൊന്‍പതാം നൂറ്റാണ്ട് ഒരു വലിയ ചിത്രമായി തന്നെയാണ് പ്ലാന്‍ ചെയ്തിരുന്നത്. പക്ഷെ ഇതിപ്പോള്‍ എന്റെ പ്രതീക്ഷകളേക്കാള്‍ ഏറെ ഉയരത്തിലാണ് ചിത്രം എത്തിയിരിക്കുന്നത്.

കലാ സംവിധായകന്‍ അജയന്‍ ചാലിശ്ശേരിയും ഛായാഗ്രാഹകന്‍ ഷാജി കുമാറും മുഴുവന്‍ ക്രൂവുമാണ് എന്റെ വിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ സഹായിച്ചത്.

പുരാതന കാലഘട്ടം ചിത്രീകരിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. പക്ഷെ ഫസ്റ്റ് കട്ട് കണ്ടപ്പോള്‍ എന്റെ അണിയറ പ്രവര്‍ത്തകര്‍ വിജയിച്ചിരിക്കുകയാണെന്ന് മനസ്സിലായി.

ദര്‍ബാര്‍ ഹാളോ ആറാട്ടുപ്പുഴ ഹാര്‍ബറോ എന്തുമായിക്കൊള്ളട്ടെ, കാണുമ്പോള്‍ റിയല്‍ ആണെന്ന് തോന്നും വിധമാണ് എല്ലാം ചെയ്തിരിക്കുന്നത്. ഫസ്റ്റ് കട്ട് കഴിഞ്ഞു. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗംഭീരമായ ഔട്ട്പുട്ടാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തില്‍ ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വേണമായിരുന്നു. ഭാഗ്യത്തിന്, കൊവിഡ് രണ്ടാം തരംഗത്തിന് മുന്‍പേ തന്നെ ഞങ്ങള്‍ക്ക് ആ ഭാഗങ്ങളുടെ ഷൂട്ട് പൂര്‍ത്തിയായി. ക്ലൈമാക്‌സ് മാത്രമാണ് ഷൂട്ട് ചെയ്യാന്‍ ബാക്കിയുള്ളത്. ഇതൊരു അടുത്ത ബാഹുബലിയായിരിക്കുമെന്ന് എനിക്ക് പറയാതിരിക്കാനാകില്ല,’ വിനയന്‍ പറഞ്ഞു.

സിജു വില്‍സണാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ ചിത്രം മുകില്‍ പെട്ടയിലൂടെ പ്രശസ്തയായ കയാദു ലോഹറാണ് നായിക.

കഥാപാത്രത്തിനായി സിജു വില്‍സണ്‍ കഴിഞ്ഞ ആറുമാസമായി കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. ചെമ്പന്‍ വിനോദാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തുന്നത്.

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അനൂപ് മേനോന്‍, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല തുടങ്ങി ഒട്ടേറെ താരങ്ങളും നിരവധി ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഷാജികുമാറാണ് ക്യാമറ ചെയ്യുന്നത്. അജയന്‍ ചാലിശ്ശേരി കലാസംവിധാനവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പട്ടണം റഷീദാണ് മേക്കപ്പ് ചെയ്യുന്നത്. ധന്യാ ബാലകൃഷ്ണനാണ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Vinayan about Pathonpatham Noottandu movie

We use cookies to give you the best possible experience. Learn more