| Wednesday, 14th September 2022, 12:46 pm

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഡബ്ബ് ചെയ്യാന്‍ മോഹന്‍ലാലിനെ വിളിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതാണ്: വിദേശത്തുള്ള മമ്മൂട്ടി മെസ്സേജ് അയക്കുകയായിരുന്നു: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിജു വില്‍സണെ പ്രധാന കഥാപാത്രമാക്കി വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ട് തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച രീതിയിലുള്ള പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ശബ്ദം വിനയന്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കത്തില്‍ സിജു വില്‍സണെ ഇന്‍ട്രോഡ്യൂസ് ചെയ്യുന്ന നരേഷന്‍ മോഹന്‍ലാലിന്റേതാണ്. ക്ലൈമാക്‌സ് രംഗത്തിന് ശേഷമാണ് മമ്മൂട്ടിയുടെ ശബ്ദം വരുന്നത്.

സിനിമയില്‍ ഡബ്ബ് ചെയ്യാനായി മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സമീപിച്ചപ്പോള്‍ ലഭിച്ച മറുപടിയെ കുറിച്ചും ഇരുവരുടേയും ശബ്ദം സിനിമയില്‍ ഉപയോഗിക്കാന്‍ താന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ പറകുകയാണ് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍.

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നരേഷനിലാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. ഡബ്ബിങ്ങിനായി ഇവരെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി എന്തായിരുന്നു എന്ന ചോദ്യത്തിന് ഫോണ്‍ ചെയ്താണ് രണ്ട് പേരോടും താന്‍ കാര്യം പറഞ്ഞതെന്നായിരുന്നു വിനയന്റെ മറുപടി.

‘ മോഹന്‍ലാലിനും മമ്മൂട്ടിക്കും നേരത്തെ തന്നെ ഞാന്‍ ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ടെന്ന് അറിയാമായിരുന്നു. മോഹന്‍ലാല്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു. എന്നോട് അദ്ദേഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഞാന്‍ ലിങ്കൊക്കെ അയച്ചുകൊടുത്തു. സിനിമ കുഴപ്പമില്ലാതെ വന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഹീറോ സിജു വില്‍സണാണ് എന്ന് പറഞ്ഞു.

വരട്ടെ വരട്ടെ പുതിയ ആളുകള്‍ വരട്ടെ എന്നായിരുന്നു ലാലിന്റെ മറുപടി. മോഹന്‍ലാലിനെപ്പോലൊരാളുടെ ശബ്ദത്തില്‍ അദ്ദേഹത്തെ ഇന്‍ട്രോഡ്യൂസ് ചെയ്താല്‍ അത് ഭയങ്കര സന്തോഷമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വിനയന്‍ സാര്‍ എവിടാണ് ഉള്ളതെന്നായിരുന്നു ലാലിന്റെ ചോദ്യം.

ഞാന്‍ മിക്‌സിങ് തിയേറ്ററിലാണെന്ന് പറഞ്ഞു. ‘എന്റെ മോണ്‍സ്റ്റര്‍ അവിടെ ഡബ്ബ് ചെയ്യുന്നുണ്ട്. ഞാന്‍ അവിടെ വരാം, നിങ്ങളും ആ സമയത്ത് വന്നാല്‍ മതി നമുക്ക് ചെയ്യാമെന്ന്’ പറഞ്ഞു. ഇതാണ് പറഞ്ഞത്. അല്ലാതെ ഒരു ഹെസിറ്റേഷനോ ഞാന്‍ ചെയ്യണോ എന്നൊന്നും ചോദിച്ചില്ല. അങ്ങനെ അവിടെ മിക്‌സിങ് നടന്നോണ്ടിരിക്കുകയാണ്. അപ്പോള്‍ എനിക്കൊരു മെസ്സേജ് വന്നു. ഞാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് അവിടെ എത്തുമെന്ന് പറഞ്ഞു. എല്ലാവരും വണ്ടര്‍ അടിച്ചുപോയി.

ഗോപാലേട്ടനൊന്നും അറിഞ്ഞിട്ട് പോലുമില്ല. അത് നടക്കുമോ അദ്ദേഹം വരുമോ എന്ന് പുള്ളി ചോദിച്ചു. അങ്ങനെ ലാല്‍ വന്നു. ഡബ്ബിങ് തിയേറ്ററില്‍ പോകുന്നതിന് മുന്‍പ് ഇവിടെ ഫൈറ്റ് മിക്‌സിങ് നടക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആണോ എന്നാല്‍ അതൊന്ന് കാണാമെന്ന് പറഞ്ഞ് കയറി ഫൈറ്റ് കണ്ടു. ഒരെണ്ണം കണ്ടു കഴിഞ്ഞപ്പോള്‍ ഇനിയുണ്ടോ എന്ന് ചോദിച്ചു. അങ്ങനെ എല്ലാ ഫൈറ്റും കണ്ടു. അതിന് ശേഷം പാട്ടുകള്‍, ഇതെല്ലാം കണ്ട ശേഷം എന്നെ ഭയങ്കരമായി അഭിനന്ദിച്ച് ഡബ്ബിങ്ങും തീര്‍ത്ത് അദ്ദേഹം പോയി. എന്റെ ജീവിതത്തിലെ വലിയൊരു സ്‌നേഹത്തിന്റെ തുടക്കമായിട്ട് അതെനിക്ക് തോന്നി.

മമ്മൂക്കയുടെ കാര്യം പറയുകയാണെങ്കില്‍ മമ്മൂക്കയ്ക്ക് ഞാന്‍ മെസ്സേജ് അയക്കുകയാണ് ചെയ്തത്. വിളിച്ചിട്ട് കിട്ടിയില്ല. അദ്ദേഹം വിദേശത്ത് എവിടെയോ ആയിരുന്നു. ‘ഇപ്പോള്‍ ഞാന്‍ വെളിയിലാണ്. ഞാന്‍ വരുന്നുണ്ട്. എന്ത് മാറ്ററാണ് പറയേണ്ടതെന്ന് വാട്‌സ്പ്പില്‍ അയക്കാന്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ നരേഷന്‍ വാട്‌സ്ആപ്പില്‍ ഇട്ടുകൊടുത്തു.

അത് കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ജോര്‍ജ് വിളിച്ചു. വിസ്മയയില്‍ വന്നാല്‍ ഇന്ന് ഡബ്ബ് ചെയ്യാമെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. എന്താണ് ഞാന്‍ പറയേണ്ടത്. ഇവിടെ ഒരു ചെറിയ താരത്തിന്റെ അടുത്ത് എടാ ഒന്ന് മാറ്റി ഡബ്ബ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞാല്‍ സാറേ ഇന്ന് സമയമില്ല സാറേ മറ്റന്നാള്‍ വരാമെന്ന് പറയും. ഞങ്ങള്‍ ഒത്തിരി തവണ ഡബ്ബ് മാറ്റി ചെയ്തിട്ടുണ്ട്. ചെമ്പന്റേയും സിജുവിന്റേയുമൊക്കെ. സിജുവൊക്ക ഇത്തരമൊരു ക്യാരക്ടര്‍ ചെയ്യുന്നത് ആദ്യമല്ലേ. എന്നാല്‍ ഞാന്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കാര്യത്തില്‍ ഇത്രയും എഫേര്‍ട്ടേ എടുത്തിട്ടുള്ളൂ, വിനയന്‍ പറഞ്ഞു.

Content Highlight: Director Vinayan about Mammootty and Mohanlals reply after he approched for dubbing

We use cookies to give you the best possible experience. Learn more