| Tuesday, 7th September 2021, 9:58 am

'കോടതി വിധി വന്നപ്പോള്‍ എനിക്ക് വേണ്ടി അന്ന് അമ്മയില്‍ സംസാരിച്ചത് മമ്മൂക്ക; വാക്കുകള്‍ കൊണ്ടു വല്ലാതെ സുഖിപ്പിക്കുന്ന നടന്മാര്‍ക്കിടയിലെ പച്ചയായ മനുഷ്യന്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയതാരം മമ്മൂക്ക ഇന്ന് എഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മലയാള സിനിമാ ലോകം ഒന്നടങ്കം ആ ആഘോഷത്തിലാണ്. മമ്മൂക്കയ്ക്ക് ജന്മദിനാശംകള്‍ അറിയിച്ച് ഇന്ത്യന്‍ സിനിമാ ലോകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. മമ്മൂക്കയ്‌ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചും ആ മഹാനടന്റെ അതിശയിപ്പിക്കുന്ന അഭിനയ രീതിയെ കുറിച്ച് വാചാലരായും സംവിധായകരും താരങ്ങളുമെല്ലാം രംഗത്തെത്തുകയാണ്.

മമ്മൂക്കയ്ക്ക് പിറന്നാളാംശസ അറിയിച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ഇതിനൊപ്പം ഒരിക്കല്‍ തന്നെ സിനിമയില്‍ നിന്ന് വിലക്കിക്കൊണ്ട് അമ്മ സംഘടന ഒരു തീരുമാനമെടുത്തപ്പോള്‍ മമ്മൂക്കയ്ക്ക് അതിനൊപ്പം നില്‍ക്കേണ്ടി വന്നതിനെ കുറിച്ചും പിന്നീട് സുപ്രീം കോടതി വിധി വന്നു കഴിഞ്ഞപ്പോള്‍ തന്നെ വിലക്കിയ നടപടി ശരിയായില്ലെന്ന് അമ്മയില്‍ പറയാന്‍ തയ്യാറായ വ്യക്തിയാണ് മമ്മൂക്കയെന്നും വിനയന്‍ ഓര്‍ക്കുന്നു.

”സംഘടനാ പ്രശ്‌നമുണ്ടായപ്പോള്‍, ചില വ്യക്തികളുടെ അസൂയമൂത്ത കള്ളക്കളികളില്‍ വീണുപോയ സംഘടനാ നേതാക്കള്‍ ഇനി മേലില്‍ വിനയനനെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു തീരുമാനിച്ചപ്പോള്‍ ആ നേതാക്കളുടെ കൂടെയായിരുന്നു പ്രിയമുള്ള മമ്മൂക്ക നിന്നത് എന്നതൊരു സത്യമായിരുന്നു.

എന്നാല്‍ പിന്നീട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍ നുണക്കഥകളെ തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി വന്നുകഴിഞ്ഞപ്പോള്‍ അമ്മയുടെ ജനറല്‍ ബോഡിയില്‍ അന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടി ആയിരുന്ന ശ്രീ മമ്മൂട്ടി തന്നെ പറഞ്ഞു, വിനയനെ വിലക്കിയതു ശരിയായില്ല, ഇനി അങ്ങനെയുള്ള രീതി ഒരിക്കലും ഉണ്ടാകില്ല എന്ന്. അതാണ് തുറന്ന മനസ്സുള്ള പച്ചയായ മനുഷ്യന്റെ സ്വഭാവം. ഞാനതിനെ അംഗീകരിക്കുന്നു ആദരിക്കുന്നു.

വാക്കുകള്‍ കൊണ്ടു വല്ലാതെ സുഖിപ്പിക്കുകയും അതിനപ്പുറം ആത്മാര്‍ത്ഥതയോ സ്‌നേഹമോ കണികപോലുമില്ലാതെ ജീവിതം തന്നെ അഭിനയമാക്കി മാറ്റിയ ചില മലയാള സിനിമാ നടന്‍മാരെ അടുത്തറിയുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയട്ടെ വലിയ സ്‌നേഹമൊന്നും പ്രകടിപ്പിച്ചില്ലങ്കിലും ഉള്ളത് ഉള്ളതു പോലെ സത്യസന്ധമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മമ്മൂക്കയേ ഞാന്‍ ബഹുമാനിക്കുന്നു,” വിനയന്‍ പറഞ്ഞു.

വിനയന്റെ വാക്കുകള്‍..

എഴുപതിന്റെ തികവിലും നിറയൗവ്വനത്തിന്റെ തിളക്കം. കാലം നമിക്കുന്ന പ്രതിഭാസത്തിന്, പ്രിയമുള്ള മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍.

തന്റെ നടനവൈഭവം കൊണ്ട് മനുഷ്യമനസ്സുകളെ കീഴടക്കിയ അഭിനയപ്രതിഭകള്‍ കേരളത്തിലും, ഇന്ത്യയിലും പലരുമുണ്ട്. പക്ഷേ സപ്തതി ആഘോഷ വേളയിലും സിനിമയിലെ മാസ്സ് ഹീറോ ആയി നിലനില്‍ക്കാന്‍ കഴിയുക എന്നത് അത്ഭുതമാണ്, അസാധാരണവുമാണ്.

ഞാന്‍ രണ്ടു സിനിമകളേ ശ്രീ മമ്മൂട്ടിയേ വച്ചു ചെയ്തിട്ടുള്ളു ‘ദാദാസാഹിബും’ ‘രാക്ഷസ രാജാവും’. ആ രണ്ടു സിനിമയും വളരെ എന്‍ജോയ് ചെയ്തു തന്നെയാണ് ഞങ്ങള്‍ ഷൂട്ടു ചെയ്തതും പുര്‍ത്തിയാക്കിയതും.

ഷൂട്ടിംഗ് സെറ്റില്‍ ആക്ഷന്‍ പറയുമ്പോള്‍ പെട്ടെന്നു കഥാപാത്രമായി മാറുന്ന രീതിയല്ല ശ്രീ മമ്മൂട്ടിയുടെത് ദാദാസാഹിന്റെ സീനാണ് എടുക്കുന്നതെങ്കില്‍ രാവിലെ സെറ്റില്‍ എത്തുമ്പോള്‍ മുതല്‍ ആ കഥാപാത്രത്തിന്റെ ഗൗരവത്തിലായിരാക്കും അദ്ദേഹം പെരുമാറുക. തമാശ നിറഞ്ഞ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെങ്കില്‍ മമ്മൂക്കയുടെ പെരുമാറ്റത്തിലും ആ നര്‍മ്മമുണ്ടാകാം. രണ്ടു ചിത്രങ്ങളിലും അദ്ദേഹം തന്ന സ്‌നേഹവും സഹകരണവും നന്ദിയോടെ സ്മരിക്കുന്നു.

മമ്മൂട്ടിയും, മോഹന്‍ലാലും.. ഈ രണ്ടു നടന്‍മാരും മലയാളസിനിമയുടെ വസന്തകാലത്തിന്റെ വക്താക്കളാണ്.. മലയാള സിനിമാ ചരിത്രം സ്വര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന അദ്ധ്യായങ്ങളാണ് അവരുടെത്.

ഈ കൊച്ചു കേരളത്തിന്റെ സിനിമകള്‍ക്ക് ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകള്‍ക്കിടയില്‍ബഹുമാന്യത നേടിത്തന്നതിന്റെ ആദ്യ ചുവടുവയ്പുകള്‍ മമ്മൂട്ടി എന്ന മഹാനടനില്‍ നിന്നായിരുന്നു എന്നു നിസ്സംശയം പറയാം.

അതിനു ശേഷം സംഘടനാ പ്രശ്‌നമുണ്ടായപ്പോള്‍, ചില വ്യക്തികളുടെ അസൂയമൂത്ത കള്ളക്കളികളില്‍ വീണുപോയ സംഘടനാ നേതാക്കള്‍ ഇനി മേലില്‍ വിനയനനെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു തീരുമാനിച്ചപ്പോള്‍ ആ നേതാക്കളുടെ കൂടെയായിരുന്നു പ്രിയമുള്ള മമ്മൂക്ക നിന്നത് എന്നതൊരു സത്യമാണ്. ഭീഷ്മ പിതാമഹന്‍ നീതിയുടെ ഭാഗത്തേ നില്‍ക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ? എന്നു വേദനയോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതൊരു സംഘടനാ പ്രശ്‌നമായിരുന്നു. അതിന് അതിന്റേതായ രാഷ്ട്രീയമുണ്ടായിരുന്നു. എന്നു ഞാന്‍ ആശ്വസിച്ചു, അതായിരുന്നു യാഥാര്‍ത്ഥ്യവും.

പക്ഷേ പിന്നീട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍, നുണക്കഥകളെ തള്ളിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി വന്നുകഴിഞ്ഞപ്പോള്‍ അമ്മയുടെ ജനറല്‍ ബോഡിയില്‍ അന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടി ആയിരുന്ന ശ്രീ മമ്മൂട്ടി തന്നെ പറഞ്ഞു, വിനയനെ വിലക്കിയതു ശരിയായില്ല. ഇനി അങ്ങനെയുള്ള രീതി ഒരിക്കലും ഉണ്ടാകില്ല എന്ന്. അതാണ് തുറന്ന മനസ്സുള്ള പച്ചയായ മനുഷ്യന്റെ സ്വഭാവം. ഞാനതിനെ അംഗീകരിക്കുന്നു, ആദരിക്കുന്നു.

വാക്കുകള്‍ കൊണ്ടു വല്ലാതെ സുഖിപ്പിക്കുകയും അതിനപ്പുറം ആത്മാര്‍ത്ഥതയോ സ്‌നേഹമോ കണികപോലുമില്ലാതെ ജീവിതം തന്നെ അഭിനയമാക്കി മാറ്റിയ ചില മലയാള സിനിമാ നടന്‍മാരെ അടുത്തറിയുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയട്ടെ വലിയ സ്‌നേഹമൊന്നും പ്രകടിപ്പിച്ചില്ലങ്കിലും ഉള്ളത് ഉള്ളതു പോലെ സത്യസന്ധമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മമ്മൂക്കയേ ഞാന്‍ ബഹുമാനിക്കുന്നു.

അതു മാത്രമല്ല നമ്മുടെ നാട്ടിലെ ദുരിതമനുഭവിക്കുന്ന നിരവധി ആത്മാക്കള്‍ക്ക് അവരുടെ വേദന അകറ്റാന്‍, അവരെ സഹായിക്കാന്‍.. അങ്ങയുടെ നേതൃത്വത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും ഈ നാടു മറക്കില്ല.

പ്രിയ മമ്മൂക്ക, ഇനിയും പതിറ്റാണ്ടുകള്‍ ഈ സാംസ്‌കാരിക ഭൂമികയില്‍ നിറ സാന്നിദ്ധ്യമായി തിളങ്ങി നില്‍ക്കാന്‍ അങ്ങയ്ക്ക് കഴിയട്ടെ ആശംസകള്‍.. അഭിനന്ദനങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Vinayan About Mammootty

We use cookies to give you the best possible experience. Learn more