കുഞ്ഞാലിമരയ്ക്കാറില്‍ കോടിക്കണക്കിന് രൂപ മുടക്കി ടാങ്ക് കെട്ടിയാണ് തുറമുഖം ഉണ്ടാക്കിയത്; അത്രയും ബഡ്ജറ്റ് ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ മറ്റൊരു പരിപാടി ചെയ്തു: വിനയന്‍
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഗ്രാഫിക്‌സിന് താന്‍ അധികം പ്രാധാന്യം കൊടുത്തിട്ടില്ലെന്നും ആവശ്യത്തിന് മാത്രം ഗ്രാഫിക്‌സേ ഉപയോഗിച്ചിട്ടുള്ളൂവെന്നും സംവിധായകന്‍ വിനയന്‍. സിനിമ ആവശ്യപ്പെടുന്ന, സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന രീതിയിലുള്ള എല്ലാം ഒരു കോംപ്രമൈസും ചെയ്യാതെ തന്നെ ഉപയോഗിച്ചിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പത്തൊമ്പതാം നൂറ്റാണ്ടില്‍ ആവശ്യത്തിന് മാത്രം ഗ്രാഫിക്‌സേ ഉപയോഗിച്ചിട്ടുള്ളൂ. ഒന്ന് ആ തുറമുഖത്തിന്റെ സീനില്‍. അതില്‍ പോലും ഒരു കപ്പല്‍ നമ്മള്‍ ഉണ്ടാക്കി.
ഇപ്പോള്‍ കുഞ്ഞാലി മരക്കാറിലൊക്കെ കോടിക്കണക്കിന് രൂപ മുടക്കി വലിയ ടാങ്ക് കെട്ടിയാണ് തുറമുഖം ഉണ്ടാക്കിയത്. അത് ഭയങ്കരമായിരുന്നല്ലോ കാണാനായിട്ട്. അത്രയും കാശ് മുടക്കാന്‍ നമ്മുടെ കയ്യില്‍ ബഡ്ജറ്റ് ഇല്ലല്ലോ, അതുകൊണ്ട് തന്നെ നമ്മള്‍ വേറൊരു പരിപാടിയിലാണ് ചെയ്തത്. അത് കുഴപ്പമില്ലാതെ വന്നിട്ടുണ്ട്, വിനയന്‍ പറഞ്ഞു.
20 കോടി ചിലവഴിച്ച സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. നൂറ് കോടി ചിലവഴിച്ചെന്ന് വേണമെങ്കില്‍ പറയാമായിരുന്നു, അങ്ങനെ പറയുന്നവര്‍ ഉണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെ പറയേണ്ടതില്ലെന്നായിരുന്നു തന്റെ താത്പര്യമെന്നായിരുന്നു വിനയന്റെ മറുപടി.
ആവശ്യത്തിന് കാശുമുടക്കി സിനിമ ചെയ്യുക. അല്ലാതെ കാശ് തിരിച്ചുപിടിക്കാന്‍ വേണ്ടിയിട്ട് ഒരു ബിസിനസ് ചെയ്യാന്‍ താത്പര്യമില്ല. ഇതൊക്കെ കാലം അല്ലെങ്കില്‍ വിധി നമുക്ക് തരുന്നതാണ്. അത് എന്തോ ആയിക്കോട്ടെ. ആ പടം അര്‍ഹിക്കുന്ന, ആ സ്‌ക്രിപ്റ്റ് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഒരു കോംപ്രമൈസും ചെയ്തിട്ടില്ല, വിനയന്‍ പറഞ്ഞു.
മികച്ച അഭിപ്രായമാണ് പത്തൊമ്പതാം നൂറ്റാണ്ടിന് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിലെ ഫൈറ്റും ഗ്രാഫിക്‌സും ഉള്‍പ്പെടെയുള്ള എല്ലാം വളരെ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഒപ്പം സിജു വില്‍സണ്‍ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സായും പത്തൊമ്പതാം നൂറ്റാണ്ട് വിലയിരുത്തപ്പെടുന്നുണ്ട്.
Content Highlight: Director Vinayan about Kunhalimarakkar and pathonpatham noottand movie graphics