| Tuesday, 19th November 2024, 11:15 am

50 കോടിക്ക് ഹോളിവുഡ് ചെയ്യേണ്ട ചിത്രം രണ്ടര കോടിക്ക് അന്ന് നമ്മൾ ചെയ്തു, പക്ഷെ ഗ്രാഫിക്സ് പണിയായി: വിനയൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ വ്യത്യസ്ത സിനിമകൾ പരീക്ഷിച്ചിട്ടുള്ള സംവിധായകനാണ് വിനയൻ. ആകാശഗംഗ, വെള്ളിനക്ഷത്രം, ഡ്രാക്കുള തുടങ്ങിയ ഹൊറർ സിനിമകളെല്ലാം ഒരുക്കിയ അദ്ദേഹം അത്ഭുതദ്വീപ്, അതിശയൻ പോലുള്ള വേറിട്ട സിനിമകളും പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്.

ജയസൂര്യ, കാവ്യ മാധവൻ, മാസ്റ്റർ ദേവദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു അതിശയൻ. ബോളിവുഡ് നടൻ ജാക്കി ഷ്റോഫിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അതിശയൻ. ലോക പ്രശസ്ത ഹോളിവുഡ് ചിത്രം ഹൾക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു സിനിമ ഇറങ്ങിയത്.

അന്നത്തെ കാലത്ത് ഗ്രാഫിക്സിന് ഏറെ പ്രാധാന്യം കൊടുത്തിറക്കിയ സിനിമയായിരുന്നു അതിശയൻ. എന്നാൽ സിനിമയിലെ ഗ്രാഫിക്സ് നല്ല രീതിയിൽ വർക്കായില്ലെന്നും ഹോളിവുഡെല്ലാം വലിയ ബഡ്ജറ്റിൽ സിനിമയെടുക്കുന്ന കാലത്താണ് ചെറിയ ചെലവിൽ  അങ്ങനെയൊരു സിനിമ നമ്മൾ നിർമിച്ചതെന്നും സംവിധായകൻ വിനയൻ പറയുന്നു. അതിശയൻ എടുക്കുമ്പോൾ കൃത്യമായ ഫണ്ടിങും സാഹചര്യവുമെല്ലാം ഉണ്ടായിരുന്നുവെങ്കിൽ ആ ചിത്രം നന്നായി എടുക്കാമായിരുന്നുവെന്നും വിനയൻ പറഞ്ഞു.

‘ഗ്രാഫിക്സ് കൊണ്ട് അടിയേറ്റ ഒരു പടമാണ് അതിശയൻ. ആ കാലത്ത് ഗ്രാഫിക്‌സൊന്നും അത്ര വലുതായിട്ടില്ല. ഒരു ബഡ്‌ജറ്റ് വെച്ചിട്ട് ആ ഗ്രാഫിക്സ് കൊണ്ട് അങ്ങനെയൊരു സിനിമ ചെയ്യാനുമാവില്ല.

അന്നത്തെ കാലത്ത് ഹോളിവുഡിലൊക്കെ അമ്പതും അറുപതും കോടിക്ക് ചെയ്യേണ്ട സിനിമയാണ് നമ്മൾ ഒരു രണ്ടര മൂന്ന് കോടിക്ക് ചെയ്യുന്നത്. പക്ഷെ മനസിലുണ്ടായിരുന്ന ഒരു സംഭവം വർക്ക്‌ ഔട്ടായില്ല.

അന്നൊക്കെ സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടാണ് പടം ഷൂട്ട്‌ ചെയ്യുന്നത്. ഞാൻ ഗ്രാഫിക്സ് തീർന്നില്ല എന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ, അതിന്റെ പ്രൊഡ്യൂസർ പറഞ്ഞു, അത് പറഞ്ഞിട്ട് കാര്യമില്ല കാരണം നമ്മൾ രണ്ടുവട്ടം റിലീസ് മാറ്റി വെച്ചതാണെന്ന്. അങ്ങനെയാണ് അതിശയൻ റിലീസാവുന്നത്.

ആ സിനിമയിൽ പയ്യൻ മരുന്ന് മാറി കുടിച്ചിട്ട് ഒരുപാട് വലുതായി പോവും. ആ ഭാഗത്ത്‌ ഗ്രാഫിക്സ് ശരിയായില്ല. അതായിരുന്നു ആ പടത്തിന്റെ ഒരു മൈനസ്. അന്ന് ആ പരീക്ഷണം നടത്തിയപ്പോൾ എനിക്ക് സാധ്യമാകുന്ന ഫണ്ടിങ്ങും അത് സാധ്യമാകുന്ന സാഹചര്യവുമൊക്കെ ഉണ്ടായിരുന്നുവെങ്കിൽ അതിനേക്കാൾ നന്നായി നമുക്ക് ചെയ്യാൻ പറ്റുമായിരുന്നു,’വിനയൻ പറയുന്നു.

Content Highlight: Director Vinayan About Athishayan Movie

We use cookies to give you the best possible experience. Learn more