രാജുവാണ് നായകനെന്ന് കേട്ടല്ലോ, അത് പ്രശ്‌നമാണ് അങ്ങേരുടെ കൂടെ അഭിനയിക്കരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ട്, എന്നായി ജഗതി ചേട്ടന്‍; പക്ഷെ ഞാന്‍ കള്ളം പറഞ്ഞു: വിനയന്‍
പൃഥ്വിരാജിന് താര സംഘടന വിലക്കേര്‍പ്പെടുത്തിയ സമയത്ത് ആ വിലക്ക് മാറ്റാന്‍ വേണ്ടിയാണ് താന്‍ അത്ഭുതദ്വീപ് സിനിമ ചെയ്തതെന്ന് സംവിധായകന്‍ വിനയന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്‌സ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെന്നറിഞ്ഞാല്‍ മറ്റ് താരങ്ങള്‍ പിന്മാറുമെന്ന് കരുതി കരാര്‍ ഒപ്പിടുന്ന സമയത്ത് അവരോട് കള്ളം പറഞ്ഞതിനെ കുറിച്ചും വിനയന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
”പൃഥ്വിരാജിന്റെ വിലക്ക് മാറ്റിയതും ഞാനാണ്. അത്ഭുതദ്വീപ് എന്ന ചിത്രം ചെയ്യുമ്പോള്‍ പൃഥ്വിരാജിന്റെ വിലക്കിന്റെ സമയമാണ്. ഞാന്‍ ഇപ്പോഴും അതോര്‍ക്കുന്നുണ്ട്, അതിന്റെ എഗ്രിമെന്റ് ജഗതി ചേട്ടനെ കൊണ്ടും ജഗദീഷിനെ കൊണ്ടും ഒപ്പുവെപ്പിക്കാനായി പോയത്.
പക്രുവാണ് ഉയരം കുറഞ്ഞവരുടെ നായകനെങ്കില്‍, മറുവശത്ത് ഇവര് നാല് പേര്‍ ഉണ്ടായിരുന്നല്ലോ. ജഗതി ചേട്ടന്റെ അടുത്ത് കരാര്‍ ഒപ്പുവെക്കാനായി ഞാന്‍ ചെന്നപ്പോള്‍ കല്‍പന ഉണ്ടായിരുന്നു അവിടെ. ‘വിനയാ ഇതിനകത്ത് നായകന്‍ രാജുവാണെന്ന് കേള്‍ക്കുന്നുണ്ടല്ലോ. അങ്ങേരുടെ കൂടെ അഭിനയിക്കരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ട്. അത് പ്രശ്‌നമാണ്,’ എന്ന് ജഗദി ചേട്ടന്‍ പറഞ്ഞു.
നായകനാരാണ് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു പക്രുവാണെന്ന്. ‘രാജുവിനെയൊന്നും നമ്മള്‍ ചിന്തിച്ചിട്ട് പോലുമില്ല’ എന്ന കള്ളം പറഞ്ഞു. അപ്പൊ പിറകിലിരുന്ന് കല്‍പന ചിരിച്ചു. കാരണം കല്‍പനക്ക് സത്യം അറിയാമായിരുന്നു.
അങ്ങനെ ജഗതി ചേട്ടന്റെ കയ്യില്‍ നിന്നും എഗ്രിമെന്റ് ഒപ്പിട്ട് വാങ്ങിച്ചു. തുറന്നുപറയാം, ഇത് രാജുവിന്റെ വിലക്ക് മാറ്റാന്‍ വേണ്ടി ഞാന്‍ ചെയ്ത ഒരു സാഹസമാണ്. ഒരു പോസിറ്റീവ് കാര്യത്തിന് വേണ്ടി ചെയ്തതായത് കൊണ്ട് ചെറിയ കള്ളമൊന്നും തെറ്റില്ല, എന്ന് രാമായണത്തിലും മഹാഭാരതത്തിലും വരെ പറഞ്ഞിട്ടുണ്ട്.
ജഗദീഷിന്റെയും ജഗദി ചേട്ടന്റെയും ഒപ്പിട്ട് വാങ്ങിയ ശേഷമാണ് പിറ്റേദിവസം രാജുവിന്റെ ദേഹത്ത് കുഞ്ഞന്മാരെ ഇരുത്തിയുള്ള ഫോട്ടോ എടുക്കുന്നത്. അത് പിറ്റേദിവസം പത്രത്തില്‍ വന്നു. ഒപ്പിടുന്ന സമയത്ത് ചോദിച്ചെങ്കിലും ജഗതി ചേട്ടന് സത്യം അറിയാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.
ഈ പടം വന്നതോടെയാണ് സത്യത്തില്‍ പൃഥ്വിരാജിന് മേലുള്ള വിലക്ക് നീങ്ങിയത്. ഇന്‍ഡസ്ട്രിയില്‍ ജീവിക്കുമ്പോഴും നിലപാടുകള്‍ വേണം. നമ്മള്‍ അടിമകളെ പോലെ ഒരു പടം കിട്ടാന്‍ വേണ്ടി എന്തും ചെയ്യാം, ഒരു ഡേറ്റ് കിട്ടിയാല്‍ ദൈവമാണെന്ന് പറയാനൊന്നും വയ്യ,” വിനയന്‍ പറഞ്ഞു.
പൃഥ്വിരാജിന് അമ്മ സംഘടനയില്‍ നിന്നും വിലക്ക് വരാനിടയായ സംഭവത്തെ കുറിച്ചും വിനയന്‍ വിശദീകരിക്കുന്നുണ്ട്.
സിനിമയില്‍ കോടികള്‍ വാങ്ങി അഭിനയിക്കുന്നവര്‍ കരാറില്‍ ഒപ്പിടണമെന്ന് ഫിലിം ചേംബറും നിര്‍മാതാക്കളും ആവശ്യപ്പെട്ടപ്പോള്‍ താരങ്ങള്‍ അതിന് സമ്മതിച്ചില്ലെന്നും പ്രതിഷേധസൂചകമായി ഷൂട്ടിങ് മുടക്കിക്കൊണ്ട് താരങ്ങളെല്ലാം അമേരിക്കയിലേക്ക് ഷോയ്ക്ക് വേണ്ടി പോയെന്നും ആ സമയത്ത് സമരം പൊളിക്കാനായി കരാറിനെ അനുകൂലിച്ചിരുന്ന പൃഥ്വിരാജിനെ വെച്ച് താന്‍ സത്യം എന്ന സിനിമ ചെയ്തെന്നും അത് കാരണമാണ് രാജുവിനെ സിനിമയില്‍ നിന്നും താരസംഘടന വിലക്കിയതെന്നുമാണ് വിനയന്‍ പറയുന്നത്.
”ശരിക്കുംപറഞ്ഞാല്‍ താരങ്ങളുടെ ഈ സമരത്തെ പൊളിക്കാന്‍ വേണ്ടി ചെയ്തതാണ് സത്യം എന്ന സിനിമ. സത്യത്തോട് കൂടി ഇവരുടെ സമരം പൊളിഞ്ഞുപോയി. എഗ്രിമെന്റ് ഒപ്പിടാമെന്ന് അവര്‍ സമ്മതിച്ചു. ഇത് മലയാള സിനിമയിലെ ഒരു ചരിത്രമാണ്.
അതുകൊണ്ടാണ് അന്ന് പൃഥ്വിരാജിനെ വിലക്കിയത്. ബാക്കി എല്ലാവരും മാപ്പ് പറഞ്ഞ് കയറിക്കൂടി എന്ന് തോന്നുന്നു. പൃഥ്വിരാജ് കയറിയില്ല, അങ്ങനെയാണ് അന്ന് വിലക്ക് വന്നത്,” വിനയന്‍ പറഞ്ഞു.
Content Highlight: Director Vinayan about Athbhutha Dweepu movie and the ban on Prithviraj Sukumaran