| Friday, 16th September 2022, 11:50 pm

പത്തൊമ്പതാം നൂറ്റാണ്ടിന് വേണ്ടി മോഹന്‍ലാലിനെ സമീപിച്ചിരുന്നു; അദ്ദേഹത്തിന്റെ ആ മറുപടി കേട്ടപ്പോള്‍ ഞാനും ഓകെ പറഞ്ഞ് തിരികെ പോന്നു: വിനയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച അഭിപ്രായം നേടിയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തില്‍ വലിയ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഈഴവ സമുദായക്കാരനായ വേലായുധ പണിക്കരുടെ ജീവിതം പ്രമേയമാക്കിയ ചിത്രത്തില്‍ സിജു വില്‍സണാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഇപ്പോള്‍ ചിത്രത്തിന് വേണ്ടി മോഹന്‍ലാലിനെ സമീപിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് വിനയന്‍. മോഹന്‍ലാലുമായി ചെയ്യാനാഗ്രഹിക്കുന്ന പ്രോജക്ടിനെ കുറിച്ചും ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ സംസാരിച്ചു.

‘ലാലുമായി രണ്ട് വര്‍ഷമായി ഒരു പ്രോജക്ട് ചെയ്യണമെന്ന് ഞാന്‍ ആലോചിക്കുന്നുണ്ടായിരുന്നു. വേലായുധ പണിക്കര്‍ നായകനായ ഈ പ്രൊജക്ടും ആദ്യം ലാലുമായി ആലോചിച്ചിരുന്നു. അന്ന് കുഞ്ഞാലി മരക്കാറുടെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു. രണ്ട് ഒരുപോലെയുള്ള സിനിമകള്‍ വേണോയെന്ന് ലാല്‍ ചോദിച്ചു. രണ്ടും ചരിത്ര സിനിമകളാണല്ലോ. അപ്പോള്‍ ഞാനും അത് വേണ്ട, ഓകെ എന്ന് പറഞ്ഞു,’ വിനയന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ചെറുപ്പകാലത്ത് ഒരു സിനിമ ചെയ്യാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്നും വിനയന്‍ പറഞ്ഞു. മലയാള സിനിമയിലെ എക്കാലത്തെയും മാസ് നടനായ മോഹന്‍ലാലിനെ വെച്ച് ഉടന്‍ തന്നെ ഒരു പടം ചെയ്യണമെന്നുണ്ടെന്നും താരത്തിന് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മാസ് ഫീലും സ്റ്റാര്‍ഡവും അദ്ദേഹത്തിന് നല്‍കുന്ന ചിത്രമാണ് താന്‍ ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ മലയാളത്തിലെ രണ്ട് മഹാ നടന്മാര്‍ സിനിമക്ക് നല്‍കിയ പിന്തുണയെക്കുറിച്ചും വിനയന്‍ വാചാലനായി. ഇരുവരും ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി എത്തിയിരുന്നെന്നും നല്ല സഹകരണമായിരുന്നു നല്‍കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയുടെ തലപ്പത്ത് നില്‍ക്കുന്ന താരങ്ങളാണ് ഇവരെന്നും ഇങ്ങനെയൊരു ചെറിയ ആവശ്യം ഇരുവരെയും അറിയിച്ചപ്പോള്‍ യാതൊരു മടിയും കൂടാതെ സാധിച്ചു തന്നത് നന്ദി പൂര്‍വം ഓര്‍ക്കുമെന്നും വിനയന്‍ വ്യക്തമാക്കി.

ചിത്രത്തില്‍ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ശബ്ദം വിനയന്‍ ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കത്തില്‍ സിജു വില്‍സണെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന നരേഷന്‍ മോഹന്‍ലാലിന്റേതാണ്. ക്ലൈമാക്‌സ് രംഗത്തിന് ശേഷമാണ് മമ്മൂട്ടിയുടെ ശബ്ദം വരുന്നത്. സിനിമയില്‍ ഡബ്ബ് ചെയ്യാനായി മമ്മൂട്ടിയേയും മോഹന്‍ലാലിനേയും സമീപിച്ചപ്പോള്‍ ലഭിച്ച മറുപടിയെ കുറിച്ചും ഇരുവരുടേയും ശബ്ദം സിനിമയില്‍ ഉപയോഗിക്കാന്‍ താന്‍ തീരുമാനിച്ചതിനെ കുറിച്ചുമൊക്കെ വിനയന്‍ മുമ്പും പറഞ്ഞിരുന്നു.

Content Highlight: Director Vinayan about approaching Mohanlal for Pathonpatham Noottandu movie

We use cookies to give you the best possible experience. Learn more