വിജി തമ്പിയുടെ ‘സത്യമേവ ജയതേ’യെന്ന സിനിമയിലായിരുന്നു സിദ്ദീഖ് ആദ്യമായി വില്ലനായി അഭിനയിക്കുന്നത്. കോമഡി ചെയ്ത് കൊണ്ടിരുന്ന സിദ്ദീഖ് വില്ലനായി മാറിയതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിദ്ദീഖിന്റെ കരിയര്‍ ഗ്രോത്തറിയാന്‍ എന്റെ സിനിമകള്‍ നോക്കിയാല്‍ മതിയാകും. കമലിന്റെ ബന്ധുവാണ് സിദ്ദിഖ്. അങ്ങനെയാണ് ഞാന്‍ അവനെ പരിചയപെടുന്നത്. അന്ന് കമലിന്റെ സിനിമയില്‍ അവന്‍ ഒരു ചെറിയ വേഷം അഭിനയിക്കാന്‍ വന്നതായിരുന്നു. അന്നാണ് ഞങ്ങള്‍ പരിചയപെട്ടത്.
പിന്നീട് എറണാകുളത്ത് വരുമ്പോള്‍ ഞാന്‍ സിദ്ദീഖിനെ വിളിക്കും. ഞങ്ങള്‍ പരസ്പരം കണ്ട് സംസാരിക്കും. എന്റെ കൂടെ ആദ്യ സിനിമയില്‍ വില്ലനൊപ്പം നില്‍ക്കുന്ന വെറുമൊര് ഗുണ്ടയായിട്ടാണ് സിദ്ദീഖ് അഭിനയിക്കുന്നത്. പിന്നീട് ‘വിറ്റ്‌നെസ്’ സിനിമ വന്നപ്പോള്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രം വന്നു. ‘കാലാള്‍ പട’യില്‍ നായകന്‍മാരില്‍ ഒരാളായി മാറി. അങ്ങനെ സിദ്ദിഖ് ഒരുപാട് ഹ്യൂമര്‍ കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങി.
ഞാനാണ് സിദ്ദീഖിനെ സജസ്റ്റ് ചെയ്യുന്നത്. അന്ന് വന്ന ചോദ്യം സിദ്ദീഖ് കോമഡി ചെയ്തു കൊണ്ടിരിക്കുകയല്ലേ പിന്നെയെങ്ങനെയാണ് ഇങ്ങനെ ഒരു സീരിയസ് കഥാപാത്രത്തെ ചെയ്യുന്നത് എന്നതാണ്. ഞാന്‍ സിദ്ദീഖിന് ഈ റോള്‍ ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞു.
എങ്ങനെയുള്ള വേഷം കൊടുത്താലും എത് ഗെറ്റപ്പാണെങ്കിലും സിദ്ദീഖിന് നന്നായി ചേരും. അന്ന് സിദ്ദീഖിന്റെ കാര്യം ആലോചിക്കാമെന്ന് പറഞ്ഞാണ് എല്ലാവരും പിരിഞ്ഞത്. പിറ്റേന്ന് ഞങ്ങള്‍ ഇരിക്കുന്നയിടത്തേക്ക് സിദ്ദീഖ് വന്നു. അപ്പോള്‍ ഞാന്‍ വെറുതെ അവനോട് കഥ പറഞ്ഞു. കഥ കേട്ടതും ആരൊക്കെയാണ് ഇതില്‍ അഭിനയിക്കുന്നതെന്ന് ചോദിച്ചു.
സുരേഷ് ഗോപിയുണ്ടെന്ന് പറഞ്ഞു. സിദ്ദീഖിന്റെ അടുത്ത ചോദ്യം ബാലു ഭായ് ആരാണെന്നുള്ളതായിരുന്നു. ഞാന്‍ അത് നമ്മുടെയൊര് പയ്യനാണ്, സിദ്ദീഖ് എന്നാണ് പേരെന്ന് മറുപടി പറഞ്ഞു. ഉടനെ സിദ്ദീഖ് ‘ഞാനോ? അയ്യോ ഞാനില്ല, എനിക്ക് പറ്റില്ല’ എന്നാണ് പറഞ്ഞത്.
ആ കഥാപാത്രം താന്‍ ചെയ്താല്‍ മതിയെന്നും ഞങ്ങളത് തീരുമാനിച്ച് കഴിഞ്ഞെന്നും ഞാന്‍ പറഞ്ഞു. വീണ്ടും അവന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ കുറച്ച് സീനുകളെടുത്തു നോക്കിയിട്ട് തീരുമാനിക്കാമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിലേക്കെത്തുന്നത്.
സിദ്ദീഖ് ആദ്യമായി വില്ലനായി അഭിനയിക്കുന്നത് ആ സിനിമയിലാണ്. പിന്നീട് മലയാളത്തിലെ വലിയ വില്ലനായി മാറുകയായിരുന്നു. എന്റെ അടുത്ത സിനിമയായ ‘ബഡാ ദോസ്ത്’ വന്നപ്പോള്‍ അതില്‍ കൊടുംവില്ലനായിട്ടാണ് സിദ്ദീഖ് വന്നത്,’ വിജി തമ്പി പറഞ്ഞു.
Content Highlight: Director Viji Thampi About Actor Siddique