വിജി തമ്പിയുടെ ‘സത്യമേവ ജയതേ’യെന്ന സിനിമയിലായിരുന്നു സിദ്ദീഖ് ആദ്യമായി വില്ലനായി അഭിനയിക്കുന്നത്. കോമഡി ചെയ്ത് കൊണ്ടിരുന്ന സിദ്ദീഖ് വില്ലനായി മാറിയതിനെ പറ്റി സംസാരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി. കാന്‍ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിദ്ദീഖിന്റെ കരിയര്‍ ഗ്രോത്തറിയാന്‍ എന്റെ സിനിമകള്‍ നോക്കിയാല്‍ മതിയാകും. കമലിന്റെ ബന്ധുവാണ് സിദ്ദിഖ്. അങ്ങനെയാണ് ഞാന്‍ അവനെ പരിചയപെടുന്നത്. അന്ന് കമലിന്റെ സിനിമയില്‍ അവന്‍ ഒരു ചെറിയ വേഷം അഭിനയിക്കാന്‍ വന്നതായിരുന്നു. അന്നാണ് ഞങ്ങള്‍ പരിചയപെട്ടത്.
പിന്നീട് എറണാകുളത്ത് വരുമ്പോള്‍ ഞാന്‍ സിദ്ദീഖിനെ വിളിക്കും. ഞങ്ങള്‍ പരസ്പരം കണ്ട് സംസാരിക്കും. എന്റെ കൂടെ ആദ്യ സിനിമയില്‍ വില്ലനൊപ്പം നില്‍ക്കുന്ന വെറുമൊര് ഗുണ്ടയായിട്ടാണ് സിദ്ദീഖ് അഭിനയിക്കുന്നത്. പിന്നീട് ‘വിറ്റ്‌നെസ്’ സിനിമ വന്നപ്പോള്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രം വന്നു. ‘കാലാള്‍ പട’യില്‍ നായകന്‍മാരില്‍ ഒരാളായി മാറി. അങ്ങനെ സിദ്ദിഖ് ഒരുപാട് ഹ്യൂമര്‍ കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങി.
‘തിരുത്തല്‍വാദി’, ‘ജേര്‍ണലിസ്റ്റ്’, ‘അദ്ദേഹം എന്ന ഇദ്ദേഹം’ തുടങ്ങിയ സിനിമകളിലൊക്കെ നായകനായി അഭിനയിച്ചു. പിന്നെ ‘സത്യമേവ ജയതേ’യില്‍ സുരേഷ് ഗോപിയുടെ ഓപ്പോസിറ്റായിട്ട് വരുന്ന ബാലു ഭായ് എന്ന കഥാപാത്രത്തെ ആര് ചെയ്യുമെന്ന ചോദ്യം വന്നു.
ഞാനാണ് സിദ്ദീഖിനെ സജസ്റ്റ് ചെയ്യുന്നത്. അന്ന് വന്ന ചോദ്യം സിദ്ദീഖ് കോമഡി ചെയ്തു കൊണ്ടിരിക്കുകയല്ലേ പിന്നെയെങ്ങനെയാണ് ഇങ്ങനെ ഒരു സീരിയസ് കഥാപാത്രത്തെ ചെയ്യുന്നത് എന്നതാണ്. ഞാന്‍ സിദ്ദീഖിന് ഈ റോള്‍ ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞു.