| Wednesday, 18th October 2023, 10:20 am

'പല്ലും വിഗ്ഗുമെല്ലാം വെച്ച് മമ്മൂക്ക ശബ്ദം മാറ്റി ഡബ്ബ് ചെയ്തു; ആളെ തിരിച്ചറിയാമോയെന്ന് ചോദിച്ച് വാര്‍ത്ത കൊടുത്തു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിൽ മലയാളികൾ മറക്കാത്ത കഥാപാത്രമാണ് സൂര്യമാനസത്തിലെ പുട്ട് ഉറുമീസ്. അന്നുവരെ കണ്ട മമ്മൂട്ടിയെ അല്ല ആ ചിത്രത്തിൽ പ്രേക്ഷകർ കണ്ടത്. രൂപത്തിലും ഭാവത്തിലും സംസാരത്തിലും എല്ലാം തീർത്തും വ്യത്യസ്തനായൊരു മമ്മൂട്ടിയായിരുന്നു അത്.

സിനിമ ഇറങ്ങി 30 വർഷം പിന്നിടുമ്പോൾ സൂര്യമാനസം എന്ന ചിത്രം ഉണ്ടായതിന് പിന്നിലെ ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ വിജി തമ്പി.

‘രണ്ടാമത്തെ സിനിമയായ വിറ്റ്നസ് റിലീസ് ചെയ്തു കഴിഞ്ഞതിനു ശേഷം മമ്മൂക്കയാണ് നിർമാതാവ് നന്ദനെ എന്റെ അടുത്തേക്ക് വിടുന്നത്. മമ്മൂക്കയുമൊത്തൊരു സിനിമയ്ക്കായി പല കഥകൾ ഞങ്ങൾ ചർച്ച ചെയ്തു. അദ്ദേഹത്തിന്റെ അക്കാലത്തെ താരപരിവേഷം മുതലെടുക്കുന്ന രീതിയിലുള്ള കഥകൾ ആയിരുന്നു ആദ്യം ഞങ്ങൾ ആലോചിച്ചു കൊണ്ടിരുന്നത്. പക്ഷേ അതൊന്നും മമ്മൂക്കയ്ക്ക് ഓക്കേ അല്ലായിരുന്നു.

വ്യത്യസ്തമായ ഒരു കഥാപാത്രത്തിനായി അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒടുവിൽ ഒരു അമ്മയും മകനും തമ്മിലുള്ള പലായനത്തിന്റെ ചിന്ത ഒരു ചെറു കഥയിൽ നിന്ന് ഞങ്ങൾക്ക് കിട്ടി. അത് മമ്മൂക്കയോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇതാണ് നമുക്ക് വേണ്ടത് എന്നായിരുന്നു. നമുക്കൊരു വെറൈറ്റി സിനിമ ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു. അങ്ങനെ ആ കഥയുമായി ഞങ്ങൾ മുന്നോട്ട് പോയി ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കി.

പുട്ട് ഉറുമീസ് എന്ന ആ കഥാപാത്രത്തിന്റെ വേഷവും ഗെറ്റപ്പുമെല്ലാം മമ്മൂക്ക തന്നെ കണ്ടു പിടിച്ചതായിരുന്നു. ആ പല്ല് വെച്ചതും വിഗ് വെച്ചതുമെല്ലാം അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. അന്ന് ഞങ്ങൾ മമ്മൂക്കയുടെ ഒരു ഫോട്ടോ നാനയിലോ വെള്ളിനക്ഷത്രത്തിലോ എങ്ങാനും കൊടുത്തിട്ട് ഇതാരാണെന്ന് അറിയാമോ എന്ന് പ്രേക്ഷകരോട് ചോദിച്ചിരുന്നു.

അത്രയും താരമൂല്യമുള്ള നടനാണ് സ്വന്തം ശബ്ദമെല്ലാം മാറ്റി ഒരു കഥാപാത്രത്തിനായി രൂപമെല്ലാം മാറി ഡബ്ബ് ചെയ്തത്. പുട്ടു ഉറുമീസ് എന്ന കഥാപാത്രമായി അദ്ദേഹം പൂർണമായി മാറുകയായിരുന്നു.

ആറു വയസ്സുകാരന്റെ ബുദ്ധിയും നാലാളുകളുടെ ശക്തിയും ഉള്ള കഥാപാത്രമാണത്. ചിത്രത്തിലെ അമ്മയുടെ കഥാപാത്രവും ഏറ്റവും പ്രാധാന്യമുള്ള ഒന്നായിരുന്നു. അമ്മ വേഷത്തിലേക്ക് സൗകർ ജാനകിയെ അങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്. പിന്നീട് രഘുവരൻ വരുന്നു. അതിനൊപ്പം സിനിമയുടെ ടെക്നിക്കൽ മേഖലയിൽ വലിയ ആളുകൾ ഒത്തൊരുമിച്ചു.

കീരവാണിയാണ് സൂര്യമാനസത്തിനായി സംഗീതം ചെയ്തിട്ടുള്ളത്. സാബു സിറളാണ് ചിത്രത്തിന്റെ കലാസംവിധാനം നിർവഹിച്ചിട്ടുള്ളത്. ജയൻ വിൻസെന്റ്, സന്തോഷ്‌ ശിവൻ എന്നിവരാണ് ക്യാമറ ചെയ്തത്. ഇവരിൽ പലരും ഇന്ന് ഓസ്കാറും ദേശീയ അവാർഡുകളുമെല്ലാം നേടി ഒരുപാട് ഉയരങ്ങളിൽ എത്തി.

കഥാപാത്രത്തിന് വേണ്ടി മുഴുവനായി സമർപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി ആ വേഷം അഭിനയിച്ചത്. സാബു സിറിൾ ആ ഗെറ്റപ്പിന് വേണ്ടി ഒരുപാട് സ്കെച്ചുകൾ ചെയ്തതിൽ നിന്ന് മമ്മൂക്ക ആ രൂപം തെരഞ്ഞെടുക്കുകയായിരുന്നു. പല്ലൊക്കെ പൂർണമായി മമ്മൂക്കയുടെ ഐഡിയ ആയിരുന്നു. മമ്മൂക്ക ആദ്യമായി പൂർണമായും വ്യത്യസ്തമായ ഒരു വേഷത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു സൂര്യ മാനസം,’ വിജി തമ്പി പറയുന്നു.

Content Highlight: Director Viji Thambi Talk About Mammooty’s Getup in Soorya Manasam Movie

We use cookies to give you the best possible experience. Learn more