ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്ന സംവിധായകനാണ് വിജി തമ്പി. പല ഴോണറുകളിലുള്ള സിനിമകൾ ഒരുക്കിയ വിജി തമ്പി തന്റെ സിനിമ ജീവിതത്തെ കുറിച്ചും അടുത്ത സുഹൃത്ത് സിദ്ദിഖിനെക്കുറിച്ചും പറയുകയാണ്.
‘എല്ലാ വേഷങ്ങളും ചെയ്യാൻ കാലിബറുള്ള നടനാണ് സിദ്ദിഖ്. ഏതു രൂപവും സ്വീകരിക്കാൻ സിദ്ദിഖ് എന്ന നടന് സാധിക്കും,’ വിജി തമ്പി പറയുന്നു.
കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജി തമ്പി.
‘സിദ്ദിഖിന്റെ കരിയർ ഗ്രാഫ് മനസ്സിലാവണമെങ്കിൽ എന്റെ സിനിമകൾ മാത്രം എടുത്തു നോക്കിയാൽ മതി. സംവിധായകൻ കമലിന്റെ ബന്ധുവാണ് സിദ്ദിഖ്. കമൽ ഒരുക്കിയ മിഴിനീർ പൂക്കൾ എന്ന ചിത്രത്തിൽ സിദ്ദിഖ് ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു. അപ്പോഴാണ് ഞങ്ങൾ തമ്മിൽ അടുപ്പമാവുന്നത്.
പിന്നീട് എന്റെ എല്ലാ സിനിമാ ചർച്ചകളിലും സിദ്ധിഖും പങ്കെടുക്കാറുണ്ടായിരുന്നു. ആദ്യ സിനിമ സിദ്ദിഖ് അഭിനയിക്കുന്നത് ത്യാഗരാജനോടൊപ്പമുള്ള വെറുമൊരു ഗുണ്ടയായിട്ടാണ്. പിന്നീട് എന്റെ വിറ്റ്നസ് എന്ന ചിത്രത്തിലാണ് അല്പം കൂടി പ്രാധാന്യമുള്ള വേഷത്തിലേക്ക് സിദ്ദിഖ് ഉയർന്നുവരുന്നത്. പിന്നീട് എന്റെ നായകന്മാരിൽ ഒരാളായി. തിരുത്തൽ വാദി, ജേർണലിസ്റ്റ് തുടങ്ങിയ ഒരുപാട് സിനിമകളിൽ ഹ്യൂമർ വേഷങ്ങളിലും നായകനോടൊപ്പം ഉള്ള വേഷങ്ങളിലും സിദ്ദിഖ് തിളങ്ങി.
എന്റെ ‘സത്യമേവ ജയതേ’ വന്നപ്പോഴാണ് സുരേഷ് ഗോപിക്കെതിരെ ഒരു വില്ലൻ വേഷത്തിലേക്ക് ഒരു താരത്തിനായി ഞങ്ങൾ അന്വേഷണം തുടങ്ങിയത്. അവസാനം ഞാൻ പറഞ്ഞു സിദ്ദിഖ് ഈ വേഷത്തിലേക്ക് യോജിക്കുമെന്ന്. എല്ലാവരും എന്നോട് ചോദിച്ചു ‘ അതിന് സിദ്ദിഖ് കോമഡി വേഷങ്ങൾ ചെയ്യുന്ന നടനല്ലേയെന്ന്’.
പക്ഷേ എനിക്ക് ഉറപ്പായിരുന്നു സിദ്ദിഖിന് ആ വേഷം ചെയ്യാൻ പറ്റുമെന്ന്. എല്ലാ വേഷങ്ങളും ചെയ്യാൻ കാലിബറുള്ള നടനാണ് സിദ്ദിഖ്. ഏതു രൂപവും സ്വീകരിക്കാൻ സിദ്ദിഖ് എന്ന നടന് സാധിക്കും. ആ കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെ ഞങ്ങൾ പിരിഞ്ഞു.
പിറ്റേന്ന് എന്നെ കാണാൻ വന്ന സിദ്ദിഖിനോട് പുതിയ സിനിമയുടെ കഥ ഞാൻ പറഞ്ഞു കൊടുത്തു. കഥ കേട്ട് ഇഷ്ടപ്പെട്ട സിദ്ദിഖ് എന്നോട് ആദ്യം ചോദിച്ചത് ആരാണ് ഇതിൽ അഭിനയിക്കുന്നത് എന്നായിരുന്നു. ഞാൻ സുരേഷ് ഗോപിയാണ് എന്ന് പറഞ്ഞപ്പോൾ സിദ്ദിഖ് എന്നോട് ചോദിച്ചത് വില്ലൻ കഥാപാത്രമായ ബാലു ഭായിയെ ആരാണ് അവതരിപ്പിക്കുന്നത് എന്നായിരുന്നു.
ഞാൻ പറഞ്ഞു ബാലു ഭായ് നമ്മുടെ ഒരു പയ്യനാണ് അവതരിപ്പിക്കുന്നത് സിദ്ദിഖ് എന്നാണ് പേര്. അത് കേട്ടപാടെ സിദ്ദിഖ് പറഞ്ഞു ‘ ഞാനോ, എനിക്കാ വേഷം പറ്റില്ല. എന്നെ കൊണ്ടത് താങ്ങില്ല’. ഞാൻ പറഞ്ഞു അത് നീ തന്നെ ചെയ്താൽ മതി. ഞങ്ങളത് തീരുമാനിച്ചു കഴിഞ്ഞു. നിനക്കത് ചെയ്യാൻ പറ്റുമെന്ന്. താനത് ചെയ്യ്തു നോക്കെന്ന് പറഞ്ഞ് ഞാൻ സിദ്ദിഖിന് ധൈര്യം നൽകി. ഒടുവിൽ അവൻ ഓക്കേ പറഞ്ഞു.
പിന്നീട് മലയാളത്തിലെ ഏറ്റവും വലിയ വില്ലനായി സിദ്ദിഖ് കഴിവ് തെളിയിച്ചു. എന്റെ ബഡാ ദോസ്ത്തിലും പ്രധാന വില്ലൻ വേഷത്തിൽ സിദ്ദിഖ് എത്തി,’ വിജി തമ്പി പറഞ്ഞു.
Content Highlight : Director Viji Thambi Talk About Actor Sidique