മലയാളത്തിന് വ്യത്യസ്തമായ ഒരുപാട് സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം വെച്ച് ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ വിജി തമ്പി കൂട്ടുകെട്ടില്‍ ഇത് വരെ ഒരു ചിത്രവും പുറത്തിറങ്ങിയിട്ടില്ല.
‘മോഹന്‍ലാലിനെ വെച്ചൊരു സിനിമ ചെയ്യണമെന്നത് എന്റെ ഒരു വലിയ ആഗ്രഹമാണ്. വിധിയുണ്ടെങ്കില്‍ അത് നടക്കും,’ വിജി തമ്പി പറയുന്നു.
മോഹന്‍ലാലിനെ വെച്ച് തീരുമാനിച്ച് അപ്രതീക്ഷിതമായി മുടങ്ങി പോയ ഒരു സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വിജി തമ്പി. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹന്‍ലാലുമായി ഒരു സിനിമ ചെയ്യാന്‍ വേണ്ടി തീരുമാനിച്ചിട്ട് അതിന്റെ പൂജ വരെ കഴിഞ്ഞതായിരുന്നു. ബലരാമന്‍ എന്നായിരുന്നു ആ ചിത്രത്തിന് ഞങ്ങള്‍ ഇട്ടിരുന്ന പേര്. ഒരു വര്‍ഷത്തോളം ഞാനും സുരേഷ് ബാബുവും അതിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി ഇരുന്നിരുന്നു. ലാലിനും സിനിമയുടെ കഥ ഓക്കേയായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത ചില ആളുകള്‍ ഇടയില്‍ കയറി ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത് കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു. 17 വയസ്സുള്ള ഒരു കുട്ടിയുടെ അച്ഛനായി മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ചിത്രം തിയേറ്ററില്‍ ഓടില്ല എന്ന് നിര്‍മാതാവിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചു.
പിന്നീട് പല അഭിപ്രായവ്യത്യാസങ്ങള്‍ കാരണം പടത്തിന്റെ പൂജ കഴിഞ്ഞതിന് ശേഷം ചിത്രം മുടങ്ങി പോയി. തിരുവനന്തപുരത്ത് വച്ച് നടന്ന പൂജയില്‍ മോഹന്‍ലാലും പങ്കെടുത്തിരുന്നു. ആ ചിത്രമാണ് പിന്നീട് ശിക്കാര്‍ എന്ന പേരില്‍ പുറത്തിറങ്ങിയത്. ബലരാമന്‍ എന്ന പേര് പിന്നെ കനല്‍ എന്നെല്ലാം മാറ്റിയിരുന്നു. ഒടുവിലാണ് ശിക്കാര്‍ ആയത്. പിന്നീട് ശിക്കാര്‍ കണ്ടപ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നു. പ്രധാന കഥ അതു തന്നെയായിരുന്നു. ലാലിന് കഥ ഓക്കേ ആയിരുന്നു. ബാക്കി ഉള്ളവര്‍ക്കായിരുന്നു പ്രശ്നം.
പിന്നീട് ഒരു മോഹന്‍ലാല്‍ ചിത്രത്തിനായി ഒരുപാട് കഥകള്‍ കേട്ടെങ്കിലും ഒന്നും നടക്കാതെ പോയി. നടക്കാന്‍ വിധിയുണ്ടെങ്കില്‍ നടക്കും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ നടക്കാതെ പോയ എന്റെ ഒരുപാട് സിനിമകളുണ്ട്. ഞാനും ലാലുവും തമ്മില്‍ ഇപ്പോഴും നല്ല അടുപ്പമാണ്. ഒരുമിച്ചു ചെയ്യാന്‍ ഒരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും ഞങ്ങള്‍ ചെയ്തിരിക്കും.
പിന്നീട് ആ ചിത്രത്തിന് പകരമായി മറ്റൊരു കഥ വന്നെങ്കിലും ആ കഥയില്‍ എനിക്ക് താല്‍പര്യം തോന്നാത്തത് കൊണ്ട് ഞാന്‍ ഏറ്റെടുത്തില്ല. ലാല്‍ ആ ചിത്രം ഏറ്റെടുത്തെങ്കിലും അത് ബോക്‌സ് ഓഫീസില്‍ ഒരു പരാജയമായിരുന്നു. അതുകൊണ്ട് ഓടാത്ത ഒരു പടം മോഹന്‍ലാലിനെ വെച്ച് ചെയ്തു എന്ന ചീത്തപ്പേരില്‍നിന്ന് ഞാന്‍ രക്ഷപ്പെട്ടു.
ഇപ്പോഴും ആ ആഗ്രഹം ബാക്കിയാണ്. മോഹന്‍ലാലിനെ വെച്ചൊരു സിനിമ ചെയ്യണമെന്നത് എന്റെ ഒരു വലിയ ആഗ്രഹമാണ്. വിധിയുണ്ടെങ്കില്‍ അത് നടക്കും,’വിജി തമ്പി പറയുന്നു.
Content Highlight: Director Viji Thambi Talk About A Dropped Mohanlal Movie