| Thursday, 17th November 2022, 1:56 pm

എന്റെ സ്ഥിരം ശരീരഭാഷയൊന്നും വന്നില്ലല്ലോ എന്ന് മമ്മൂട്ടി ചോദിക്കുമായിരുന്നു; അന്നുവരെ ചെയ്യാത്ത വേഷത്തിനായി അദ്ദേഹത്തെ നന്നായി കഷ്ടപെടുത്തി: വിജി തമ്പി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1992ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് സൂര്യമാനസം. വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ മാനസിക വളര്‍ച്ചക്കുറവുള്ള പുട്ടുറുമീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ചും അതിലെ മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകന്‍ വിജി തമ്പി.

”മമ്മൂട്ടിയെവെച്ച് തനിയാവര്‍ത്തനം, മുദ്ര എന്നീ രണ്ട് സിനിമകള്‍ ചെയ്ത നന്ദകുമാറാണ് മമ്മൂട്ടിയെവെച്ച് ഒരു സിനിമ ചെയ്യാനായി എന്നെ സമീപിക്കുന്നത്. അന്ന് ഗ്ലാമര്‍താരമായി തിളങ്ങി നിന്ന മമ്മൂക്കയെവെച്ച് ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ എന്തെങ്കിലും ഒരു വെറൈറ്റി വേണമെന്നത് എനിക്ക് നിര്‍ബന്ധമായിരുന്നു.

സാബ് ജോണ്‍ ആണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. അതിന് മുമ്പ് ഞങ്ങള്‍ കുറേ കഥകള്‍ ആലോചിച്ച് മമ്മൂക്കയുമായി ചര്‍ച്ച ചെയ്തിരുന്നു. അതില്‍ നിന്നെല്ലാം കുറച്ച് കൂടെ വെറൈറ്റി വേണമെന്ന ചിന്തക്ക് ശേഷമാണ് ഇങ്ങനെയൊരു കഥയെക്കുറിച്ച് എന്നോട് പറയുന്നത്. അമ്മയും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാമെന്ന് വിചാരിച്ചു.

മകനാണെങ്കില്‍ ഒരു എട്ട് വയസുകാരന്റെ വിവേകവും നാല് ആളുകളുടെ ശരീരവുമുള്ള വ്യക്തി. ഓരോ നാട്ടിലേക്ക് പാലയനം ചെയ്യേണ്ടി വരുന്ന നിസ്സഹയരായ അമ്മയുടെയും മകന്റെയും ജീവിതമാണ് ആ സിനിമ. അവിടെ എല്ലാം അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഒക്കെ വെച്ച് സ്‌ക്രിപ്റ്റ് തയ്യാറാക്കി. അത് എനിക്ക് കുറച്ച് താല്പര്യം തോന്നി.

ഞങ്ങള്‍ അത് മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും താല്പര്യമായി. മമ്മൂട്ടി അന്ന് ചെയ്ത സിനിമകളില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ കഥാപാത്രമായാണ് അദ്ദേഹം സൂര്യമാനസത്തില്‍ എത്തിയത്. അന്ന് ഒരു മാഗസിനില്‍ സൂര്യമാനസത്തിലെ മമ്മൂക്കയുടെ ഫോട്ടോ വെച്ചിട്ട് ഇത് ആരാണെന്ന് കണ്ടുപിടിക്ക് എന്നൊക്കെ വന്നിരുന്നു.

മമ്മൂട്ടിയെ സംബന്ധിച്ച് അത് വരെയുള്ള സിനിമകളില്‍ നിന്നും വളരെ മാറിയിട്ടുള്ള ശരീരഭാഷയായിരുന്നു ഈ സിനിമക്ക് വേണ്ടത്. അതെല്ലാം വളരെ ശ്രദ്ധിച്ചിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. അന്ന് നമുക്ക് മോണിറ്റര്‍വെച്ച് കാണാനുള്ള സൗകര്യം ഒന്നുമില്ലായിരുന്നു. അതുകൊണ്ട് ഓരോ ഷോട്ട് കഴിയുമ്പോഴും മമ്മൂക്ക അടുത്ത് വന്നിട്ട് എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിക്കും.

എന്റെ സ്ഥിരം ശരീരഭാഷ ഒന്നും വന്നില്ലല്ലോ എന്ന് ചോദിക്കുമായിരുന്നു. അത്രത്തോളം ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ മമ്മൂക്ക കെയര്‍ഫുളായിരുന്നു. സിനിമയില്‍ അത്രയും സ്റ്റാര്‍ ആയ മമ്മൂക്കയുടെ ഫോട്ടോ മാഗസിനില്‍ കൊടുത്തിട്ട് ഇതാരാണെന്ന് ചോദിക്കണമെങ്കില്‍ അത്രയും പെര്‍ഫക്ട് മേക്കോവറായിരുന്നുവെന്ന് മനസിലാക്കാം.

കമല്‍ ഹാസന്‍ കഴിഞ്ഞാല്‍ അന്ന് ഇത്രയും വ്യത്യസ്തമായ ഗെറ്റപ്പില്‍ വന്ന ഒരാള്‍ മമ്മൂക്കയാണ്. ഗെറ്റപ്പ് ചേഞ്ച് വരുത്തിയ അദ്ദേഹത്തിന്റെ പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ ഒന്നായിരിക്കും സൂര്യമാനസമെന്ന് എനിക്ക് ഉറപ്പുണ്ട്,” വിജി തമ്പി പറഞ്ഞു.

content highlight: director viji thambi about mammootty and suryamanasam movie

We use cookies to give you the best possible experience. Learn more