|

വിജയ്‌ക്കൊപ്പം ഉറപ്പായും സിനിമ ചെയ്യും; വളരെ സ്വീറ്റായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം: വിഘ്‌നേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഉറപ്പായും ചെയ്യുമെന്ന് സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍. ഗാനരചയിതാവായി സിനിമയിലേക്ക് കടന്നുവന്ന ആളായിരുന്നു വിഘ്‌നേഷ് ശിവന്‍. തമിഴിലെ പല മുന്‍നിര നായകന്മാരുടം ചിത്രങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. കൂട്ടത്തില്‍ വിജയ് സിനിമക്ക് വേണ്ടിയും ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്.

നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അദ്ദേഹം. അവസരം കിട്ടിയാല്‍ ഉറപ്പായും ചെയ്യുമെന്നും അദ്ദേഹത്തിന്റെ ഒരു സിനിമക്ക് വേണ്ടി താന്‍ പാട്ടെഴുതിയിട്ട് ഉണ്ടെന്നും വിഘ്‌നേഷ് പറഞ്ഞു. വിജയ് വളരെ സ്വീറ്റായിട്ടുള്ള മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു.

‘അതിനൊരു അവസരം കിട്ടിയാല്‍ ഉറപ്പായും ചെയ്യും. അദ്ദേഹത്തിന്റെ ഒരു സിനിമക്ക് വേണ്ടി ഞാന്‍ പാട്ടെഴുതിയിട്ടുണ്ടായിരുന്നു. അതുപോലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിനിടെ ഞാന്‍ വിജയ് സാറിനെ കണ്ടിട്ടുണ്ട്. വളരെ സ്വീറ്റായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം,’ വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയാണ് വിജയ് യുടേതായി തിയേറ്ററിലെത്താന്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. വിക്രത്തിന്റെ വലിയ വിജയത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന സിനിമയായത് കൊണ്ട് വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഈ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത വാരിസാണ് വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ സിനിമ. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

content highlight: director vigvesh shivan about vijay