തിരുവനന്തപുരം: ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ മീ ടു സംബന്ധിച്ച് നടന്‍ വിനായകന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായക വിധു വിന്‍സെന്റ്. വിനായകന്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരില്‍ വിനായകന്‍ മാപ്പ് പറയുകയാണ് വേണ്ടതെന്നും വിധു ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.
‘ഒരുത്തീയുടെ പ്രസ് കോണ്‍ഫറന്‍സില്‍ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം,’ വിധു എഴുതി.
വിനായകെനെതിരെ വിമര്‍ശനവുമായി നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം വിനായകനെതിരെയുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
വിനായകന്റെ ചിത്രം പങ്കുവെച്ച് ‘ഷെയിം’ എന്നായിരുന്നു പാര്‍വതി എഴുതിയത്. ഇതിനൊപ്പം സംവിധായക കുഞ്ഞില മാസിലമണി എഴുതിയ ലേഖനവും താരം പങ്കുവെച്ചിരുന്നു.
അതേസമയം, താന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് പിന്നാലെയുള്ള വിവാദങ്ങള്‍ പുകയുന്നതിനിടെ പുതിയ പോസ്റ്റുമായി വിനായകന്‍ രംഗത്തെത്തി. പഞ്ചപാണ്ഡവര്‍ക്ക് നടുവില്‍ നില്‍ക്കുന്ന പാഞ്ചാലിയുടെ ചിത്രമാണ് വിനായകന്‍ പങ്കുവെച്ചത്.
താരത്തിന്റെ സാധാരണ പോസ്റ്റുകള്‍ പോലെ ഒരു തരത്തിലുള്ള ക്യാപ്ഷനും നല്‍കാതെയാണ് വിനായകന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ വിനായകന്‍ പങ്കുവെക്കുന്ന ആദ്യ പോസ്റ്റ് കൂടിയാണിത്.
പോസ്റ്റിന് പിന്നാലെ നിരവധി കമന്റുകളും എത്തുന്നുണ്ട്. ‘പുരാണത്തെ കൂട്ടുപിടിച്ച് സ്വന്തം തെറ്റിനെ ന്യായീകരിക്കാക്കാന്‍ ശ്രമിക്കുന്നു’ ‘അഞ്ചു പുരുഷന്മാര്‍ക്ക് ഒരു സ്ത്രീയാണേല്‍ ആശാന് പത്തു സ്ത്രീ ആവാമെന്നാണോ ഉദ്ദേശിച്ചത്’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് പിന്നാലെ എത്തുന്നത്.
താരത്തിന്റെ പരാമര്‍ശത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളള്‍ ഉയര്‍ന്നു വന്നിരുന്നു. നടന്‍ ഹരീഷ് പേരടിയും മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാറും എഴുത്തുകാരി ശാരദക്കുട്ടിയും വിനായകനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്‌സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.
Content Highlights: Director Vidhu Vincent responds to actor Vinayakan’s remark about Me Too